കൂടംകുളം: കൂടംകുളം ആണവ നിലയത്തിനെതിരായ ബഹുജന സമരത്തിനു നേരെ പോലിസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. ആണവ വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ചു കൊണ്ട് തൂത്തുക്കുടിയിൽ നടത്തിയ പ്രകടനത്തിനു നേരെയാണ് പോലീസ് വെടിവെച്ചത്. മത്സ്യത്തൊഴിലാളിയായ തിരുച്ചെന്തൂര്‍ സ്വദേശി ആന്റണി ജോര്‍ജ് (44) ആണ് വെടിയേറ്റു മരിച്ചത്. ഇതോടെ തമിഴ്നാട് പരക്കെ സമരം വ്യാപിച്ചിരിക്കുകയാണ്.
ഒരു കൊല്ലത്തോളമായി നടത്തി വരുന്ന ഈ സമരത്തെ ഇതിനകം നിരവധി തവണ ഭരണകൂടം അടിച്ചമര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. സമരത്തിനു നേതൃത്വം നല്‍കുന്ന ഉദയകുമാര്‍ അടക്കം സമരത്തില്‍ പങ്കെടുത്ത ഒട്ടുമിക്ക സമരാനുകൂലികൾ ക്കെതിരെയും ശക്തമായ വകുപ്പുകള്‍ ചാര്‍ത്തി ഒന്നിലധികം കേസുകള്‍ ചാര്‍ജ്ജ് ചെയ്തിരിക്കുകയാണ്.
തമിഴ് നാട്ടില്‍ പലയിടത്തും പോലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി. നിരോധനാജ്‌ഞ ലംഘിച്ച് കൂടംകുളം ആണവ നിലയത്തിനു സമീപം കടല്‍തീരത്ത് കൂട്ടംകൂടിയവരെ പിരിച്ചു വിടാന്‍ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിലും കണ്ണീര്‍വാതക പ്രയോഗത്തിലും നിരവധി പേര്‍ക്കു പരുക്കേറ്റു. എന്നാല്‍ സമരത്തെ അടിച്ചൊതുക്കുക എന്ന നയം തന്നെയാണ് ഭരണകൂടം സ്വീകരിക്കുന്നത്. മുഖ്യധാര രാഷ്ട്രീയക്കാരുടെ കുറ്റകരമായ മൌനം ഇതിനെ സഹായിക്കുന്നു. സമരത്തെ നേരിടാന്‍ പോലീസും ദ്രുതകര്‍മ സേനയും അടക്കം നാലായിരത്തോളം സുരക്ഷാ ഉദ്യോഗസ്‌ഥരെ വിന്യസിച്ചിരുന്നു.