ന്യൂഡൽഹി : അസുഖം ആണെന്ന കാരണം കാണിച്ച് ജോലിക്ക് ഹാജരാവാതെ പണിമുടക്ക് നടത്തി യാത്രക്കാരെ വലച്ച എയർ ഇന്ത്യാ പൈലറ്റുമാർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കും എന്ന് താൻ പ്രതീക്ഷിക്കുന്നു എന്ന് സിവിൽ വ്യോമയാന മന്ത്രി അജിത് സിംഗ് പരിഹസിച്ചു. കാര്യങ്ങൾ കൂടുതൽ വഷളാവില്ല എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. രോഗം ഗുരുതരമായി അവസാനം എയർ ഇന്ത്യയെ മുഴുവനായി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വരുമോ എന്നും അദ്ദേഹം തുടർന്ന് ആശങ്കപ്പെട്ടു. സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി എയർ ഇന്ത്യ കൈവരിക്കണം. ഇതിനായി ജീവനക്കാർ സ്വാർത്ഥ താൽപര്യങ്ങൾ മാറ്റി വെച്ച് കഠിനാദ്ധ്വാനം ചെയ്യണം എന്ന് മന്ത്രി ആഹ്വാനം ചെയ്തു. അല്ലെങ്കിൽ എയർ ഇന്ത്യയും കൂടെ അവരും തകരും എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.