ബാംഗ്ലൂര്‍ : ആണവ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സുതാര്യത വേണമെന്ന് പ്രധാന മന്ത്രി മന്മോഹന് സിംഗ് ആവശ്യപ്പെട്ടതിനു പിന്നാലെ രാജ്യത്തെ ആണവ വികസന പദ്ധതികള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണം എന്ന് പ്രമുഖ ശാസ്ത്രജ്ഞരുടെ സംഘം ആവശ്യപ്പെട്ടു.
ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് ഡയറക്ടര്‍ ഡോ. ബാല്‍ റാമിന്റെ നേതൃത്വത്തില്‍ 60 ശാസ്ത്രജ്ഞരാണ് ഈ ആവശ്യം ഉന്നയിച്ചത്.
സുരക്ഷിതത്വത്തിനും പൊതുജന അംഗീകാരത്തിനും മുന്‍തൂക്കം നല്കി ആണവ നിലയങ്ങളുടെ പുനപരിശോധന നടത്തണം എന്നാണ് ശാസ്ത്രജ്ഞരുടെ ആവശ്യം. ആണവ ഊര്‍ജ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അല്ലാത്തവരും സാമൂഹ്യ പ്രവര്‍ത്തകരും സംഘടനകളും ഉള്‍പ്പെട്ട സംഘമായിരിക്കണം ഈ പരിശോധന നടത്തേണ്ടത്. ഈ പരിശോധന കഴിയുന്നത് വരെ അടുത്ത കാലത്ത് അംഗീകാരം നല്കിയ ആണവ പദ്ധതികള്‍ക്ക് നല്കിയ അംഗീകാരം പിന്‍വലിക്കണം എന്നും ആണവ പരിപാടികള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണം എന്നുമാണ് ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടത്.