കൊച്ചി: ട്രെയിനുകളിലെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ സാമൂഹ്യവിരുദ്ധര്‍ കയറുന്നതിന് കാരണം സ്ത്രീകളുടെ അനാസ്ഥയാണെന്ന് റെയില്‍വെ. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് റെയില്‍വേ ഞെട്ടിക്കുന്ന ഈ അഭിപ്രായപ്രകടനം നടത്തിയത്. 2003ല്‍ വിമലാ കോളേജ് അധ്യാപികയായിരുന്ന ഷെറിന്‍ എന്ന കന്യാസ്ത്രീയ്‌ക്കെതിരെ നടന്ന ആക്രമണം സംബന്ധിച്ച കേസില്‍ നല്‍കിയ എതിര്‍ സത്യാവാങ്മൂലത്തിലാണ് റെയില്‍വേ വീഴ്ചകളുടെ ആരോപണം സ്ത്രീകളുടെ തലയില്‍ കെട്ടിവച്ചിരിക്കുന്നത്. ആ കേസ് നേരത്തെ തന്നെ ഹോക്കോടതി പരിഗണിച്ചിരുന്നതാണ്. എന്നാല്‍ ഷൊര്‍ണ്ണൂര്‍ കേസിലാണ് ഇതിന് പ്രാധാന്യം ഏറുന്നത്.
സ്ത്രീകള്‍ക്ക് സഹാനുഭൂതി കൂടുതലാണ്. ട്രെയിനില്‍ ഭിക്ഷക്കാരും കച്ചവടക്കാരും വനിതാ കമ്പാര്‍ട്ട്‌മെന്റുകളില്‍ കയറുന്നത് സ്ത്രീകള്‍ തടയാറില്ലെന്നും സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ തയ്യാറാകാറില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മാത്രമല്ല രാത്രിയില്‍ പോലീസുകാരെ നിയോഗിക്കുന്നത് പ്രായോഗികമല്ല. ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ പോലീസിനെ നിയോഗിക്കുന്നത് പരിഗണിക്കാനാകില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. വനിതാ പോലീസിന് സുരക്ഷാപ്രശ്‌നങ്ങളുണ്ട്.
പുരുഷ പോലീസിനെ നിയോഗിച്ചാല്‍ അത് വീണ്ടും പ്രശ്‌നങ്ങളുണ്ടാക്കും. ട്രെയിന്‍ ബോഗികളുടെ സുരക്ഷ റെയില്‍വെയുടെ മാത്രം ബാധ്യതയല്ല, സംസ്ഥാന സര്‍ക്കാറിന് കൂടി ബാധ്യതയുണ്ട് എന്നും സത്യവാങ്മൂലത്തില്‍ റെയില്‍വെ മുന്നോട്ടുവെക്കുന്നു.
ഷൊറണൂരിലെ സൗമ്യയുടെ ദാരുണമായ മരണത്തിന്റെ ചൂടാറുംമുന്‍പ് തന്നെ ഇത്തരത്തിലൊരു സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത് സകലരെയും ഞെട്ടിച്ചിരിക്കുകയാണ്. റെയില്‍വെ ഇതു സംബന്ധിച്ച് കൂടുതല്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കേരള ഹൈക്കോടതി, കോടതി, ചരമം, തട്ടിപ്പ്, പോലീസ്, വിവാദം