തിരുവനന്തപുരം : ഈ വരുന്ന നിയമ സഭാ തെരെഞ്ഞെ ടുപ്പിലേക്കുള്ള തയ്യാറെടുപ്പില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി തയ്യറെടുപ്പില്‍ എല്‍. ഡി. എഫ്. എറെ മുന്നിലെത്തി. മുഖ്യ കക്ഷിയായ സി. പി. എം. എട്ട് സ്വതന്ത്രര്‍ അടക്കം 93 സീറ്റില്‍ മത്സരിക്കും. സി. പി. ഐ. 27, ജനതാ ദള്‍ (എസ്) 5, ആര്‍. എസ്. പി. 4, എന്‍. സി. പി. 4, കേരള കോണ്‍ഗ്രസ് (പി. സി. തോമസ് വിഭാഗം) 3, ഐ. എന്‍. എല്‍ 3, കോണ്‍ഗ്രസ് എസ് 1, എന്നിങ്ങനെയാണു സീറ്റുകള്‍ നല്‍കിയിരിക്കുന്നത്.
കുന്ദമംഗലം, വള്ളിക്കുന്ന്, നിലമ്പൂര്‍, തവനൂര്‍, എറണാംകുളം, തൊടുപുഴ, പൂഞ്ഞാര്‍, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളിലാവും സി. പി. എം. സ്വതന്ത്രര്‍ മത്സരിക്കുക, പി. ടി. എ. റഹീം, കെ. ടി. ജലീല്‍ എന്നിവര്‍ ഈ പട്ടികയില്‍ ഉണ്ടാകുമെന്നു കരുതുന്നു. ബാക്കി 85 സീറ്റുകളില്‍ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കും. മാര്‍ച്ച് 18നകം എല്ലാ പാര്‍ട്ടിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും സി. പി. എം. സ്ഥാനാര്‍ഥികളെ 16നു തീരുമാനിക്കുമെന്നും എല്‍. ഡി. എഫ്. കണ്‍വീനര്‍ വൈക്കം വിശ്വം പറഞ്ഞു. സീറ്റിന്റെ കാര്യത്തില്‍ നഷ്ടം സംഭവിച്ചത് ആര്‍. എസ്. പി. ക്കാണ്. ഇത്തവണ അത് നാലായി കുറഞ്ഞു എന്നു മാത്രമല്ല മുന്നണിയില്‍ മൂന്നാമത്തെ വലിയ പാര്‍ട്ടി എന്ന പദവിയും ഇല്ലാതായി.
കഴിഞ്ഞ തവണ 23 സീറ്റില്‍ മത്സരിച്ച സി. പി. ഐ. ഇത്തവണ 27 സീറ്റില്‍ മത്സരിക്കും. വയനാട് ജില്ലയൊഴികെ എല്ലായിടത്തും സി. പി. ഐ. ക്ക് സീറ്റുണ്ട്. ഒരു സീറ്റു ലഭിച്ച കോണ്‍ഗ്രസ് എസ്. കണ്ണൂരായിരിക്കും മത്സരിക്കുക. മാറ്റമൊന്നും സംഭവിച്ചില്ലെങ്കില്‍ ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ തന്നെയായിരിക്കും സ്ഥാനാര്‍ഥി. കേരള കോണ്‍ഗ്രസ് പി. സി. തോമസ് വിഭാഗവും രണ്ട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മന്ത്രി കെ. സുരേന്ദ്രന്‍ പിള്ളയും, കോതമംഗലത്ത് സ്കറിയ തോമസും മത്സരിക്കും. ശേഷിക്കുന്ന കടുത്തുരുത്തി സീറ്റില്‍ പി. സി. തോമസ് തന്നെയാകാനാണ് സാദ്ധ്യത. എന്‍. സി. പി. യും നാല് സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. കുട്ടനാട്ടിലെ നിലവിലെ എം. എല്‍. എ. യായ തോമസ് ചാണ്ടിയും, പാലായില്‍ മാണി സി. കാപ്പനും, ഏലത്തൂരില്‍ നിലവിലെ എം. എല്‍. എ. യായ എ. കെ. ശശീന്ദ്രനും, കോട്ടക്കലില്‍ ഡോ. സി. പി. കെ. ഗുരുക്കളുമാണ് സ്ഥാനാര്‍ഥികള്‍. ആര്‍. എസ്. പി. യും മൂന്ന് സിറ്റിങ് എം. എല്‍. എ. മാര്‍ ഉള്‍പ്പെടെ തങ്ങളുടെ നാല് സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. ജല സേചന വകുപ്പ് മന്ത്രി എന്‍. കെ. പ്രേമചന്ദ്രന്‍ ചവറയിലും, കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞിമോന്‍, ഇരവിപുരത്ത് എ. എ. അസീസ്, അരുവിക്കരയില്‍ അമ്പലത്തറ ശ്രീധരന്‍ നായരും മത്സരിക്കും,
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്