Saturday, April 16th, 2011

കനത്ത പോളിങ്ങില്‍ ഇരു മുന്നണികള്‍ക്കും ആശങ്ക

election-epathramതിരുവനന്തപുരം : കേരളത്തില്‍ നടന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയിലെ എറ്റവും ഉയര്‍ന്ന പോളിങ്ങ് ശതമാനം ഇരു മുന്നണികള്‍ക്കും പ്രതീക്ഷ നല്‍കുന്നു എന്നു പറയുന്നുണ്ടെങ്കിലും യഥാര്‍ഥത്തില്‍ വലിയ അടിയൊഴുക്കുകള്‍ ഉണ്ടാകുമെന്ന് വിശ്വസിക്കുന്ന വരാണ് ഇരുമുന്നണിയിലും ഉള്ളവര്‍. സി. പി. എമ്മിലെ ഔദ്യോഗിക പക്ഷം ഭരണ തുടര്‍ച്ച പ്രതീക്ഷിക്കുന്നില്ല എങ്കിലും വി. എസ്. പക്ഷം ഭരണ തുടര്‍ച്ച പ്രതീക്ഷിക്കുന്നു. ഒരു യു. ഡി. എഫ്. അനുകൂല വികാരം സംസ്ഥാനത്ത് ഇല്ലാത്തതിനാല്‍ പതിവു പോലെ ഭരണ വിരുദ്ധ തരംഗത്തിലും, ഭരണ തുടര്‍ച്ച അനുവദിക്കാത്ത കേരള ജനതയുടെ മനോഗതിയിലും പ്രതീക്ഷ അര്‍പ്പിക്കുകയാ‍ണ് യു. ഡി. എഫ്. എന്നാല്‍ ശക്തമായ അടിയൊഴുക്കില്‍ പല പ്രമുഖരും വീഴുമെന്ന പേടി ഇരു പക്ഷത്തിനുമുണ്ട്.

മഞ്ചേശ്വരത്ത്  ഇത്തവണയും താമര വിരിയുമെന്ന് ബി. ജെ. പി. നേതാക്കള്‍ക്കു പോലും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പ്രതീക്ഷയില്ല. മാത്രമല്ല കഴിഞ്ഞ തവണ ലഭിച്ച രണ്ടാം സ്ഥാനം നഷ്ടപ്പെടുവാനും സാദ്ധ്യത ഏറെയാണ് ഇവിടെ. മുസ്ലീം ലീഗിലെ പി. അബ്ദു റസാഖിനാണ് സാദ്ധ്യത കല്‍പ്പിക്കുന്നതെങ്കിലും സിറ്റിങ് എം. എല്‍. എ. ആയ സി. എച്ച്. കുഞ്ഞമ്പു ശക്തനായ എതിരാളിയാണ്. നേമത്തും സ്ഥിതി മറിച്ചല്ല. ഇത്തവണ ശിവന്‍ കുട്ടി ജയിക്കുമെന്നു കരുതുന്നു.
കണ്ണൂര്‍ എന്നും ചുവക്കാറാണു പതിവ്. ഇത്തവണയും അതില്‍ മാറ്റമുണ്ടാകാന്‍ വഴിയില്ല. എന്നാല്‍ ഇത്തവണയും എ. പി. അബ്ദുള്ള കുട്ടിയെ മാറ്റി നിര്‍ത്താന്‍ ഇടതു പക്ഷത്തിനാകുമെന്ന് തോന്നുന്നില്ല. കടന്നപ്പള്ളി രാമചന്ദ്രന്‍ കട പുഴകി വീഴാനാണ് സാദ്ധ്യത. മട്ടന്നൂരില്‍ ഇ. പി. ജയരാജനും, ധര്‍മ്മടത്ത് കെ. കെ. നാരായണനും, പേരാവൂരില്‍ കെ. കെ. ശൈലജയും, തലശ്ശേരിയില്‍ കൊടിയേരിയും, എളുപ്പത്തില്‍ ജയിച്ചു കയറും.

കോഴിക്കോട് സൌത്തില്‍ മുസ്ലീം ലീഗിലെ എം. കെ. മുനീറിന്റെ കാര്യവും ഏറെ പരുങ്ങലിലാണ് ഇവിടെ മുസഫര്‍ അഹമ്മദ് ജയിക്കുവാനാണ് സാദ്ധ്യത. മുസ്ലീം ലീഗിലെ തന്നെ ഒരു വിഭാഗം മുനീറിനെതിരെ തിരിയുകയും, പാര്‍ട്ടി തന്നെ വേണ്ട വിധത്തില്‍ പിന്തുണ നല്‍കാതെയും വന്നതിനാല്‍ മുസഫറിനു അനുകൂല വിധിയെഴുത്ത് ഉണ്ടാകുമെന്ന് ലീഗിലെ ചില പ്രമുഖര്‍ തന്നെ പറയുന്നു. കോഴിക്കോട് നോര്‍ത്തില്‍ പൌര പ്രമുഖനും വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ പി. വി. ഗംഗാധരനും പ്രദീപ് കുമാറും തമ്മില്‍ കടുത്ത മത്സരം ഉണ്ടാകുമെങ്കിലും പ്രദീപ് കുമാര്‍ ജയിക്കാനാണ് സാദ്ധ്യത. ബേപ്പൂരില്‍ എളമരം കരീമും ശക്തമായ വെല്ലുവിളി നേരിടുന്നു. ഇവിടെ ആദം മുത്സിയെ ഒരു ശക്തനായ എതിരാളിയായി കരീം ആദ്യം പരിഗണിച്ചിരുന്നില്ല എങ്കിലും പ്രചരണാവസാനത്തില്‍ തന്റെ ധാരണ തിരുത്തുന്ന തരത്തില്‍ എത്തിയിരുന്നു. ഹൈവേ വികസനത്തിലൂടെ കിടപ്പാടം നഷ്ടപ്പെടുന്നവര്‍ ശക്തമായി ആദം മുത്സിക്കു വേണ്ടി പ്രവര്‍ത്തിച്ചതും കിനാലൂര്‍ സംഭവവും, പാര്‍ട്ടിയിലെ തന്നെ  വി. എസിനൊപ്പം നില്‍ക്കുന്ന ചിലരുടെ ചുവടു മാറ്റവും കരീമിന്റെ നില പരുങ്ങലിലാക്കും. ബാലുശ്ശേരിയില്‍ ഇത്തവണ പുരുഷന്‍ കടലുണ്ടിക്കാണ് സാദ്ധ്യത. പേരാമ്പ്രയില്‍ കെ. കുഞ്ഞഹമ്മദ് മാസ്റ്റര്‍ മണ്ഡലം നിലനിര്‍ത്തിയേക്കും. കുറ്റ്യാടിയില്‍   സി. പി. എമ്മിലെ കെ. കെ ലതികയും മുസ്ലീം ലീഗിലെ സൂപ്പി നരിക്കാട്ടേരിയും തമ്മില്‍ കടുത്ത പോരാട്ടമാണ് നടന്നത്.  കുന്ദമംഗലത്ത് മുസ്ലീം ലീഗിലെ യു. സി. രാമനും കൊടുവള്ളിയില്‍ കെ. മുരളീധരനെ തോല്‍പ്പിച്ച പി. ടി. എ. റഹീമുമാണ് മത്സരിക്കുന്നത്. ലീഗ് സീറ്റായ ഇവിടെ ഇത്തവണ ഒരു മാറ്റം ഉണ്ടാകുമെന്ന സാദ്ധ്യത തള്ളികളയാന്‍ കഴിയില്ല.

എറെ ശ്രദ്ധ നേടിയ വേങ്ങരയില്‍ ഇത്തവണ കടുത്ത മത്സരം ഉണ്ടാകില്ല എങ്കിലും പി. കെ. കുഞ്ഞാലികുട്ടിയുടെ ഭൂരിപക്ഷത്തില്‍ കാതലായ മാറ്റം ഉണ്ടാകും. സ്ത്രീ വോട്ടുകളില്‍ വരുന്ന വിള്ളല്‍ ബാധിക്കുമെങ്കിലും കെ. ടി. ജലീലിനെ പോലെ ഇത്തവണ ശക്തനായ ഒരു എതിരാളി യില്ലാത്തത് കുഞ്ഞാലികുട്ടിക്ക് ഗുണം ചെയ്യും. മലപ്പുറം ജില്ലയില്‍ പെരിന്തല്‍ മണ്ണയിലെ മത്സരം പ്രവചനാതീതമാണ്. ഇരു മുന്നണികളും പ്രതീക്ഷയിലാണ്. മഞ്ഞളാംകുഴി അലിയുടെ വ്യക്തി പ്രഭാവം യു. ഡി. എഫിനു അനുകൂലമാണെങ്കിലും സിറ്റിങ് എം. എല്‍. എ. കൂടിയായ ശിശികുമാര്‍ ജയം ആവര്‍ത്തിക്കുമെന്ന് എല്‍. ഡി. എഫും കരുതുന്നു. നിലമ്പൂരില്‍ ആര്യാടന് വെല്ലുവിളിയില്ല. പൊന്നാനിയുടെ വികസനത്തിലൂടെ പാലൊളി നടത്തിയ പ്രവര്‍ത്തനങ്ങളില്‍  ജനങ്ങള്‍ തൃപ്തരാണെന്ന പ്രതീക്ഷ ശ്രീരാമകൃഷ്ണന്‍ വെച്ചു പുലര്‍ത്തുമ്പോള്‍ നാട്ടുകാരന്‍ എന്ന കാരണത്താലും ബി..ജെ. പി. ഒരു ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്നതും പി. ടി. അജയ് മോഹനു ഗുണം ചെയ്യുമെന്നും ഇത്തവണ ജനങ്ങള്‍ മാറ്റി വിധിയെഴുതു മെന്നും യു. ഡി. എഫ്. കേന്ദ്രങ്ങളും കരുതുന്നു. മുന്‍തൂക്കം യു. ഡി. എഫിനു തന്നെയാണ് . തവനൂരിലും കടുത്ത മത്സരം നടക്കുന്നു. നാട്ടുകാരന്‍ എന്ന നിലയില്‍ കെ. ടി. ജലീല്‍ ജയിക്കാനാണ് സാദ്ധ്യത. യുവാക്കള്‍ക്കിടയില്‍ സ്വാധീനമുള്ള വി. വി. പ്രകാശ്  നാട്ടുകാരനല്ല എന്നത് യു. ഡി. എഫിനു തിരിച്ചടിയായേക്കാം.

തൃശൂര്‍ ജില്ലയില്‍ ഇടതു പക്ഷം ഏറെ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നു. ഗുരുവായൂരില്‍ കെ. വി. അബ്ദുള്‍കാദര്‍, വടക്കാഞ്ചേരിയില്‍ എന്‍. ആര്‍. ബാലന്‍, കൈപമംഗലത്ത് സി. പി. ഐ. യിലെ വി. എസ്. സുനില്‍കുമാര്‍, ചേലക്കര സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍, മണലൂരില്‍ മുന്‍ ജില്ലാ സെക്രട്ടറി ബേബി ജോണ്‍, ഒല്ലൂരില്‍ സി. പി. ഐ. യിലെ രാജാജി മാത്യു, ചാലക്കുടിയില്‍ സി. പി. എമ്മിലെ ബി. ഡി. ദേവസ്യ എന്നീ എല്‍. ഡി. എഫ്.  സ്ഥാനാര്‍ഥികള്‍ എളുപ്പത്തില്‍ ജയിച്ചു കയറാനാണ് സാദ്ധ്യത. എന്നാല്‍ കുന്നംകുളത്ത് ഇത്തവണ ബാബു എം. പാലിശ്ശേരി വെള്ളം കുടിക്കാനാണ് സാദ്ധ്യത. സി. എം. പി. യിലെ സി. പി. ജോണ്‍ ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കുമെന്നാണ് യു. ഡി. എഫ്. കേന്ദ്രങ്ങള്‍ കരുതുന്നത്. നാട്ടുകാരന്‍, ക്രിസ്ത്യന്‍ വോട്ടിന്റെ ധ്രുവീകരണം, ജോണ്‍ ജയിക്കുകയും യു. ഡി. എഫ്. അധികാരത്തില്‍ വരുകയും ചെയ്താല്‍ മന്ത്രിയാകാനുള്ള സാഹചര്യം ഇതൊക്കെ ജോണിന് അനുകൂലമാകും. പുതുക്കാട് മുന്‍ മന്ത്രി കെ. പി. വിശ്വനാഥന്‍ കോണ്‍ഗ്രസിലെ തന്നെ ചിലരുടെ ശക്തമായ എതിര്‍പ്പു നേരിടുന്നതിനാല്‍ യു. ഡി. എഫ്. വിജയം എളുപ്പമാകില്ല. തൃശൂരില്‍ കോണ്‍ഗ്രസിലെ തേറമ്പില്‍ രാമകൃഷ്ണനും, കൊടുങ്ങല്ലൂരില്‍ ടി. എന്‍. പ്രതാപനും യു. ഡി. എഫിന്റെ പ്രതീക്ഷയാണ്.

പാലക്കാട് ഇത്തവണയും ഇടത്തോട്ട് തന്നെ ചായുമെന്ന് മാത്രമല്ല ചിറ്റൂരും എല്‍. ഡി. എഫിനൊപ്പം നില്‍ക്കുമെന്ന് കരുതുന്നു. കൃഷ്ണന്‍ കുട്ടി – അച്യുതന്‍ പോര്  രൂക്ഷമായത് അച്യുതന്റെ വിജയ പ്രതീക്ഷയെ തകിടം മറിക്കുമെന്ന് ഇടതു പക്ഷം കരുതുന്നു. സുഭാഷ് ചന്ദ്ര ബോസാണ് എല്‍. ഡി. എഫ്. സ്ഥാനാര്‍ഥി. കഴിഞ്ഞ തവണത്തെ എല്‍. ഡി. എഫ്. തരംഗത്തില്‍ പോലും യു. ഡി. എഫ്. വിജയം നേടിയ മണ്ഡലമാണ് ചിറ്റൂര്‍. കേരളം ഉറ്റു നോക്കുന്ന മണ്ഡലമാണ് മുഖ്യമന്ത്രി വി. എസ്. മത്സരിക്കുന്ന മലമ്പുഴ. വിജയത്തെ പറ്റി ആശങ്കയില്ലാത്ത മണ്ഡലമാണെങ്കിലും മാരാരിക്കുളത്തെ കാലു വാരല്‍ മലമ്പുഴയില്‍ ഉണ്ടായില്ലെങ്കില്‍ വി. എസ്. വളരെ എളുപ്പത്തില്‍ ജയിച്ചു കയറും. പാലക്കാട് എ. വി. ഗോപിനാഥിനെ തഴഞ്ഞ് കെ. എസ്. യു. പ്രസിഡന്റ് ഷാഫി പറമ്പിലിനെ സ്ഥാനാര്‍ഥി  യാക്കിയത് യു. ഡി. എഫിനു വിനയാകും. ഇത്തവണയും കെ. കെ. ദിവാകരന്‍ ജയിച്ചു കയറുമെന്നാണ് കരുതുന്നത്. നെന്മാറയില്‍ സി. എം. പി. യിലെ എം. വി. രാഘവനെതിരെ സി. പി. എമ്മിലെ ചെന്താമരാക്ഷനാണ് നേരിട്ടത്. എം. വി. രാഘവന്‍ ഇത്തവണ നിയമ സഭയില്‍ ഉണ്ടാകാനിടയില്ല എന്നാണ് യു. ഡി. എഫ്. നേതാക്കള്‍ തന്നെ പറയുന്നത്.

വടക്കന്‍ കേരളത്തില്‍ കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ എല്‍. ഡി. എഫ്. മുന്നിടുമെന്നും വയനാടും മലപ്പുറവും യു. ഡി. എഫിനൊപ്പം നില്‍ക്കുമെന്നും കരുതുന്നു. മലപ്പുറം ജില്ലയില്‍ എല്‍. ഡി. എഫ്. വെറും ഒരു സീറ്റില്‍ ഒതുങ്ങാവാനും സാദ്ധ്യത ഏറെയാണ്. തവനൂരും കടുത്ത മത്സരം നടക്കുന്ന  പെരിന്തല്‍ മണ്ണയും, പൊന്നാനിയും  മാത്രമാണ് എല്‍. ഡി. എഫിന് അല്പമെങ്കിലും പ്രതീക്ഷയുള്ളത്.

മദ്ധ്യ കേരളത്തില്‍ പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകള്‍ എല്‍. ഡി. എഫിനൊപ്പവും എറണാകുളം, ഇടുക്കി എന്നീ ജില്ലകള്‍ യു. ഡി. എഫിനൊപ്പവും നില്‍ക്കുമെന്ന് സൂചന. ക്രിസ്ത്യന്‍ വോട്ട് വിധി നിര്‍ണ്ണയിക്കുന്ന എറണാകുളത്ത് സെബാസ്റ്റ്യന്‍ പോളും ഹൈബി ഈഡനുമാണ് മത്സരമെങ്കിലും ഹൈബിക്കാണ് മുന്‍ തൂക്കം. തൃക്കാക്കരയില്‍ കോണ്‍ഗ്രസിലെ ബെന്നി ബെഹ്നാനും, വൈപ്പിനില്‍ മന്ത്രി എസ്. ശര്‍മ്മയും, പെരുമ്പാവൂരില്‍ സി. പി. എമ്മിലെ സാജു പോളും, കൊച്ചിയില്‍ കോണ്‍ഗസിലെ  ഡൊമനിക് പ്രസന്റേഷനും ജയിച്ചു കയറാന്‍ സാദ്ധ്യതയുണ്ട്. ആലുവയില്‍ സിറ്റിങ് എം. എല്‍. എ. യൂസഫിനെക്കാള്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അന്‍വര്‍ സാദത്തിനാണ് സാദ്ധ്യത കാണുന്നത്. ചേര്‍ത്തലയില്‍ മുന്‍ മന്ത്രി കെ. ആര്‍. ഗൌരിയമ്മ കടുത്ത മത്സരം നേരിടുകയാണ്. ആലപ്പുഴയില്‍ മന്ത്രി തോമസ് ഐസക്കും, അമ്പലപ്പുഴയില്‍ മന്ത്രി ജി. സുധാകരനും ജയിച്ചു വരാനാണ് സാദ്ധ്യത എങ്കിലും സുധാകരനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ വൈസ് പ്രസിഡന്റുമായ എം. ലിജു വെല്ലുവിളി ഉയര്‍ത്തും.

പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകള്‍ ഒഴികെ മറ്റു ജില്ലകളില്‍ എല്‍. ഡി. എഫ്. വന്‍ നേട്ടം ഉണ്ടാക്കുമെന്ന് കരുതുന്നു. തെക്കന്‍ കേരളത്തില്‍ ഉണ്ടാകുന്ന കാതലായ മാറ്റം ഇത്തവണ ഇടതു പക്ഷത്തിന് അനുകൂലമാകാനാണ് സാദ്ധ്യത. അങ്ങനെ വന്നാല്‍ ഇത്തവണ ഭരണ മാറ്റം  എന്ന തനിയാവര്‍ത്തനം ഉണ്ടാകാതെ വരും. ഇടതു മുന്നണിയുടെ മുഴുവന്‍ പ്രതീക്ഷയും തുറന്നു പറയില്ലെങ്കിലും വി. എസിന്റെ വ്യക്തി പ്രഭാവത്തിലാണ്. ആള്‍ക്കൂട്ടം വോട്ടായി മാറില്ല എന്ന പ്രതീക്ഷയിലാണ് യു. ഡി. എഫ്. പുതുപ്പള്ളി, ഹരിപ്പാട്, പാല, തുടങ്ങിയ പ്രമുഖ മണ്ഡലങ്ങളില്‍ ഇടതു കാറ്റ് വീശുകയില്ലെങ്കിലും ഇടതു പക്ഷത്തു നിന്നും ചാടി മാണിക്കൊപ്പം ലയിച്ച പി. ജെ. ജോസഫ് മത്സരിക്കുന്ന തൊടുപുഴയില്‍ അടിയൊഴുക്കുകള്‍ക്ക് സാദ്ധ്യതയുണ്ട്. അങ്ങിനെ വന്നാല്‍ പി. ജെ. ജോസഫ് ഇത്തവണ നിയമസഭ കണ്ടെന്ന് വരില്ല. പാലായില്‍ കെ. എം. മാണി, പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി, കോട്ടയത്ത്  സി. പി. എമ്മിലെ സിറ്റിങ് എം. എല്‍. എ.  വി. എന്‍. വാസവനെ നേരിടുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അരുവിക്കരയില്‍ ജി. കാര്‍ത്തികേയന്‍, ഹരിപ്പാട്  രമേശ് ചെന്നിത്തല, പത്തനാപുരം കെ. ബി. ഗണേഷ് കുമാര്‍ എന്നീ പ്രമുഖര്‍ നിയമ സഭയില്‍ എത്തുമെന്ന് കരുതുന്നു. സി. പി. എം. മന്ത്രിമാരായ കൊടിയേരി ബാലകൃഷ്ണന്‍ തലശ്ശേരിയിലും‍, എം. എ. ബേബി കുണ്ടറയിലും, തോമസ് ഐസക് ആലപ്പുഴയിലും, ജി. സുധാകരന്‍ അമ്പലപ്പുഴയിലും, പി. കെ. ഗുരുദാസന്‍ കൊല്ലത്തും, എസ്. ശര്‍മ്മ വൈപ്പിനിനും, എ. കെ. ബാലന്‍ തരൂരിലും ജയിച്ചു വരാനാണ് സാദ്ധ്യത. സി. പി. ഐ. യുടെ രണ്ടു മന്ത്രിമാരായ മുല്ലക്കര രത്നാകരന്‍ ചടയമംഗലത്തും,  സി. ദിവാകരന്‍ കരുനാഗപള്ളിയിലും വിജയ പ്രതീക്ഷ നിലനിര്‍ത്തുന്നു. മറ്റു ഘടക കക്ഷി മന്ത്രിമാരായ എന്‍. കെ. പ്രേമചന്ദ്രന്‍ ചവറയില്‍ ഷിബു ബേബി ജോണിനെയും, വി. സുരേന്ദ്രന്‍ പിള്ള തിരുവനന്തപുരത്ത് കോണ്‍ഗ്രസിലെ വി. എസ്. ശിവ കുമാറിനെയും നേരിടുമ്പോള്‍ മത്സരം  പ്രവചനാതീതമാണ്. കണ്ണൂരില്‍ മത്സരിക്കുന്ന കടന്നപ്പള്ളി രാമചന്ദ്രന്‍ എ. പി. അബുള്ളകുട്ടിക്കു മുമ്പില്‍ അടി പതറാനാണ് സാദ്ധ്യത. ഏറെ കാത്തിരിപ്പിനു ശേഷം കോണ്‍ഗ്രസിലേക്ക് തിരിച്ചു വന്ന കെ. മുരളീധരനെ നേരിടുന്നത് മുന്‍ കോണ്‍ഗ്രസ് നേതാവും പാര്‍ട്ടിയില്‍ നിന്നും പുറത്തേക്കിറങ്ങി സി. പി. എം. സ്വതന്ത്രനായി മത്സരിച്ച് എം. എല്‍. എ. ആയ ചെറിയാന്‍ ഫിലിപ്പാണ്. മുരളീധരനു ജയം എളുപ്പമാകില്ല. പിറവത്തും ശക്തമായ മത്സരമാണ്. മണ്ഡലം തിരിച്ചു പിടിക്കാന്‍ ടി. എം. ജേക്കബും നിലനിര്‍ത്താന്‍ സി. പി. എമ്മിലെ എം. ജെ. ജേക്കബും ഇഞ്ചോടിഞ്ച് പൊരുതുന്നു. ത്രികോണ മത്സരം നടക്കുന്ന കാട്ടാക്കടയില്‍ കോണ്‍ഗ്രസിലെ മുന്‍ മന്ത്രി എന്‍. ശക്തനെ നേരിടുന്നത് കോണ്‍ഗ്രസിലെ തന്നെ റിബലായി രംഗത്ത് വന്ന് സി. പി. എം. സ്വതന്ത്രയായി മത്സരിക്കുന്ന ജയാ ഡാലിയാണ്. ബി. ജെ. പി. മുന്‍ സംസ്ഥാന പ്രസിഡന്റ് പി. കെ. കൃഷ്ണദാസും മത്സര രംഗത്ത് ഉണ്ട്. സമുദായ വോട്ടുകള്‍ സ്വാധീനം ചെലുത്തുന്ന ഇവിടെ ശക്തനു തന്നെയാണ് മുന്‍തൂക്കം. കോവളത്ത് ഇത്തവണ നീല ലോഹിത ദാസ നാടാരുടെ ഭാര്യ ജമീല പ്രകാശം നേരിട്ടത് സിറ്റിങ് എം. എല്‍. എ. കോണ്‍ഗ്രസിലെ ജോര്‍ജ്ജ് മേഴ്സി യെയാണ്. ഇവിടെയും സമുദായ സമവാക്യങ്ങള്‍ക്ക് പ്രാധാന്യമുണ്ട്.

ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം എണ്‍പത്‌ സീറ്റ് നേടി യു. ഡി. എഫ്. അധികാരത്തില്‍ വരുമെന്നു സൂചിപ്പിക്കുമ്പോഴും വി. എസ്. തരംഗം എത്ര കണ്ട് ഫലിക്കുമെന്ന് പ്രവചിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. 25 ശതമാനത്തോളം വരുന്ന പുതു വോട്ടര്‍മാരും നിഷ്പക്ഷരുമടങ്ങുന്നവര്‍ എന്തു തീരുമാനം എടുക്കുന്നു എന്നതനുസരിച്ചാണ് കേരളം ഇനി ആരു ഭരിക്കുമെന്ന് നിശ്ചയിക്കുന്നത്. 140 മണ്ഡലങ്ങളില്‍ 70 മണ്ഡലങ്ങളിലെങ്കിലും കടുത്ത മത്സരമാണ് നടന്നത്. കേരളത്തില്‍ ഒരു തരംഗം ഉണ്ട് എന്നും അത് ഈ തെരെഞ്ഞെടുപ്പില്‍ ആര്‍ക്കാണ് ഗുണം ചെയ്യുക എന്നുമുള്ള പ്രവചനം സാദ്ധ്യമല്ലെങ്കിലും വ്യക്തമായ ഒരു യു. ഡി. എഫ്. തരംഗം ഇല്ല എന്നതിനാലും, ഭരണ വിരുദ്ധ തരംഗം അത്ര കാര്യമായി ഏശാതെ വരികയും, തെരെഞ്ഞെടുപ്പി നോടനുബന്ധിച്ച് യു. ഡി. എഫില്‍ ഉണ്ടായ പടല പ്പിണക്കങ്ങളും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലുണ്ടായ പ്രശ്നങ്ങളും ഐസ്ക്രീം വിവാദം, ബാലകൃഷ്ണ പ്പിള്ളയുടെ ജയില്‍ വാസവും കെ. സുധാകരന്റെ കൈകൂലി പ്രസ്താവനയും 2ജി സ്പെക്ട്രം വിവാദവും യു. ഡി. എഫിനു പ്രതികൂല സാദ്ധ്യതയുണ്ടാക്കും. വി. എസ്. എന്ന ഒറ്റയാള്‍ പട്ടാളത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവരും, വി. എസിന്റെ വ്യക്തി പ്രഭാവത്തെ അംഗീകരിക്കാന്‍ മനസു കാണിക്കാത്ത സി. പി. എമ്മിലെ ഔദ്യോഗിക പക്ഷവും തമ്മിലുള്ള പടല പ്പിണക്കവും, വാശിയും, വി. എസിന് സീറ്റ് നല്‍കിയതില്‍ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള സ്വരച്ചേര്‍ച്ച യില്ലായ്മയും എല്‍. ഡി. എഫിനെയും ബാധിക്കും. .

ഇത്തവണ നിയമസഭ കാണുന്ന സ്ത്രീകള്‍ വളരെ കുറവാണ്. പ്രമുഖരില്‍ ചേര്‍ത്തലയില്‍ കെ. ആര്‍. ഗൌരിയമ്മയും, ചെങ്ങനൂരില്‍ പി. സി. വിഷ്ണുനാഥിനെതിരെ മത്സരിക്കുന്ന  സി. എസ്. സുജാതയും കടുത്ത മത്സരം നേരിടുമ്പോള്‍  കെ. കെ. ഷൈലജ മാത്രമാണ് ജയ സാദ്ധ്യത കല്‍പ്പിക്കുന്ന ഏക വനിതാ സ്ഥാനാര്‍ഥി. കെ. കെ. ലതിക, പി. കെ. വിജയ ലക്ഷ്മി, കെ. ആര്‍. വിജയ, ബിന്ദു കൃഷ്ണ, ബിജി മോള്‍, ഐഷാ പോറ്റി, തങ്കമണി ദിവാകരന്‍, ജമീല പ്രകാശം എന്നിവര്‍ മത്സര രംഗത്ത് ഉണ്ടെങ്കിലും കടുത്ത മത്സരം നേരിടുന്നതിനാല്‍ എത്ര സ്ത്രീകള്‍ നിയമ സഭ കാണുമെന്നത് കണ്ടു തന്നെയറിയണം. ബാക്കി വരുന്ന ഒട്ടുമിക്ക വനിതാ സ്ഥാനാര്‍ഥികളും ചാവേറുകളാകാന്‍ വിധിക്കപ്പെട്ടവരാണ്. ബി. ജെ. പി. യില്‍ ശോഭാ സുരേന്ദ്രന്‍ മത്സരിക്കുന്നു എങ്കിലും ജയ സാധ്യത കുറവാണ്. ഇത്തവണ പൊതുവെ സ്ത്രീ സാന്നിധ്യം നിയമ സഭയില്‍ വളരെ കുറവായിരിക്കും.

നിഭാഗ്യവശാല്‍ ഇത്തവണത്തെ തെരെഞ്ഞെടുപ്പ് ചര്‍ച്ചകളത്രയും ശുഭകരമായ ഒന്നായിരുന്നില്ല. പി. ശശി വിവാദവും ഐസ്ക്രീം വിവാദവും ഈ തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചകളായപ്പോള്‍ കാര്യ പ്രസക്തിയുള്ള പല വിഷയങ്ങളും തൊടാതെ ഇരു മുന്നണികളും വ്യക്തി കേന്ദ്രീകൃത ആരോപണങ്ങളില്‍ മുഴുകി. അഴിമതി, ആണവ നയം, വിദേശ കുത്തകള്‍ക്ക് കാര്‍ഷിക രംഗത്ത് പ്രവേശിക്കാനുള്ള അനുമതി, വിദ്യാഭ്യാസം, കുടിവെള്ള ക്ഷാമം, വിലകയറ്റം, മാലിന്യ പ്രശ്നങ്ങള്‍, എന്‍ഡോസള്‍ഫാന്‍, വികസസത്തിന്റെ മറവില്‍ ഭൂമി നഷ്ടപ്പെട്ടവര്‍, മൂന്നാര്‍ ഭൂമി കയ്യേറ്റം എന്നീ കാതലായ ഒരു വിഷയത്തെയും സ്പര്‍ശിക്കാന്‍ ഇരു മുന്നണികളും തയ്യാറായില്ല എന്നു മാത്രമല്ല. ഇതിനെയെല്ലാം തൃണവല്‍ക്കരിക്കാന്‍ ഒരു മടിയും കാണിക്കുന്നില്ല എന്ന അവസ്ഥ അത്ര ശുഭകരമല്ല. ഒരു മാസത്തെ കാത്തിരിപ്പിനു ശേഷം ജനങ്ങള്‍ എങ്ങിനെ വിധിയെഴുതി എന്ന് അറിയുന്നതുവരെ നെഞ്ചിടിപ്പോടെ പിടയുമ്പോളും ഇരു മുന്നണികളും ആത്മ വിശ്വാസം കൈവിടാതെ ജയ സാദ്ധ്യതകളെ പറ്റി ചര്‍ച്ചകള്‍ നടത്തുകയാണ്. ആരു ജയിച്ചാലും 85 സീറ്റിനപ്പുറം കടക്കില്ലെന്നാണ് പ്രവചനങ്ങള്‍. എന്നാല്‍ കാതലായ അടിയൊഴുക്കോടെ വലിയ മാറ്റത്തിന്റെ ഒരു തുടക്കമാണിതെന്ന് കരുതുന്നവരാണ് ഏറെയും. അതു തന്നെ യാണ് ഇരു മുന്നണികളെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതും. കേരളം ഇടത്തോട്ട് വീണ്ടും ചായുമോ ? അതോ വലത്തോട്ട് ചായുമോ ?… വി. എസ്. പ്രഭാവം വോട്ടായി മാറുമോ?…  മെയ് പതിമൂന്ന് വരെ കാത്തിരിക്കുക തന്നെ. കൂടിയ പോളിങ് ഇരു മുന്നണികള്‍ക്കും പ്രതീക്ഷയിലുപരി ആശങ്കയാണ് നല്‍കുന്നത്.

- സ്വന്തം ലേഖകന്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ to “കനത്ത പോളിങ്ങില്‍ ഇരു മുന്നണികള്‍ക്കും ആശങ്ക”

  1. ramjipk says:

    മലപ്പുറത്ത് ഇത്തവണയും ലീഗിനു തിരിച്ചടി ഉണ്ടാകും. ലീഗിനുള്ളില്‍ പ്രശനങ്ങള്‍ ഉണ്ട്. ആരോഗ്യവും ജനപിന്തുണയും ഇല്ലാത്ത രാഘവനെയും ഗൌരിയമ്മയേയും പോലുള്ളവരെ മത്സരിപ്പിക്കുന്നത് തന്നെ ശരിയല്ല്. മാണി കേരളത്തിലെ ചാണക്യനാണ് അപ്പോള്‍ ജോസഫ്ഉം, ജേക്കബും നിയമ സഭകാണില്ല. മുരളിയെ കാലുവാരും തിരുവഞ്ചൂര്‍ തോല്‍ക്കുമെന്നും പറയുന്നുണ്ട്. സു.ദിവാകനൌം സുരേന്ദ്രന്‍ പിള്ളയും തോക്കാനാണ് സാധ്യത്.
    50-55 സീറ്റിലേ കടുത്തമത്സരം നടക്കുന്നുള്ളൂ. ബാകി പലതും അഡ്ജസ്റ്റുമെന്റാണ് എന്ന് മനസ്സിലായില്ലേ? കുഞ്ഞാലിക്കുട്ടിക്കെതിരെ,മാണിക്കെതിരെ, ചെന്നിത്തലക്കെതിരെ, കൊടിയേരിക്കെതിരെ ആരാ മത്സരിക്കുന്നതെന്ന് എതര പേര്‍ക്ക് അറിയാം?

  2. santhansree says:

    മുനീറോ, ജോസഫോ “പരാജയപ്പെട്ടാലും” മുസ്ലിം-ക്രിസ്ത്യന്‍ സമുദായ വിഭാഗങ്ങള്‍ പരമാവധി പേരെ വിജയിപ്പിച്ച് സ്വാധീനം വര്‍ദ്ധിപ്പിക്കുവാനേ ശ്രമിക്കൂ. എന്തു പ്രശ്നം ഉണ്ടായാലും സ്വന്തം സ്ഥാനാര്‍ഥികളെ അവര്‍ കൈവിടില്ല.
    പരാജയപ്പെടും എന്ന് 95% കരുതാം എന്നാലും കെ.ആര്‍ ഗൌരിയമ്മ തിരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കേണ്ടതായിരുന്നു.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്
  • സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ
  • അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
  • വയലാർ അവാർഡ് അശോകൻ ചരുവിലിന്
  • സംസ്ഥാനത്ത് അതി ശക്തമായ കാറ്റും ഇടി മിന്നലോടു കൂടിയ വ്യാപക മഴക്കും സാദ്ധ്യത
  • മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു
  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine