മൂന്നാര്‍: ചിന്നക്കനാലില്‍ കൈയേറ്റ ഭൂമിയില്‍ ഹെലിപാഡ് നിര്‍മ്മിക്കാനുള്ള ശ്രമം അടക്കം മൂന്നാറില്‍ ഗൗരവകരമായ കൈയേറ്റം നടക്കുന്നതായി റവന്യൂമന്ത്രി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊളിച്ചുമാറ്റിയ ഹെലിപ്പാഡ് പുനര്‍നിര്‍മ്മാണം തുടരുകയാണ്. ഗ്യാപ്പ് മേഖലയില്‍ സര്‍ക്കാരിന്റെ 250 ഏക്കര്‍ ഭൂമി കൈയ്യേറ്റക്കാര്‍ ഭൂരിഭാഗവും കൈവശപ്പെടുത്തിക്കഴിഞ്ഞു . പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് പ്രദേശത്തേക്ക് റോഡ് വെട്ടിയിട്ടുള്ളത് കൂടാതെ സ്വകാര്യ വെക്തി റോഡ് ഗേറ്റ് വച്ച് പ്രവേശനം തടഞ്ഞിരിക്കുകയാണ്. ഈ വെക്തിക്ക് വേണ്ടി പഞ്ചായത്ത് ഫണ്ട് വരെ ദുരുപയോഗിച്ചിരിക്കുന്നു സ്‌ഥിതിയാണിവിടെ. ആനയിറങ്കല്‍ ഡാമിന്റെ വൃഷ്‌ടിപ്രദേശത്ത് വന്‍തോതില്‍ റിസോര്‍ട്ട് നിര്‍മ്മാണം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അന്യസംസ്‌ഥാന റിസോര്‍ട്ട് മാഫിയയും ഇതിനു പിന്നിലുണ്ടെന്നും മന്ത്രി പറഞ്ഞു. മൂന്നാറിലെ കൈയേറ്റങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ മന്ത്രി ഉച്ചവരെയുള്ള പര്യടനം പൂര്‍ത്തിയാക്കിയ ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു ഇക്കാര്യങ്ങള്‍ അന്വേഷണ വിധേയമാകുമെന്നും അദ്ദേഹം പറഞ്ഞു . കൈയേറ്റ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്താല്‍ കുടിയേറ്റ കര്‍ഷകരെ സര്‍ക്കാര്‍ സംരക്ഷിക്കും. മൂന്നാറില്‍ സര്‍ക്കാര്‍ 3000 പേര്‍ക്ക് പട്ടയം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതില്‍ 2500 ഓളം പേരും ആദിവാസികളാണ് , പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും ഭൂമി നല്‍കും. എന്നാല്‍ വനാവകാശ നിയമപ്രകാരമായിരിക്കും ഇവര്‍ക്ക് ഭൂമി കൈവശം വയ്‌ക്കാനുള്ള പട്ടയം നല്‍കുക. കുത്തക കൈയേറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്‌തമായ നടപടി സ്വീകരിക്കും. ഭൂമാഫിയ കൈയേറിയ മുഴുവന്‍ ഭൂമിയും തിരിച്ചുപിടിക്കും. നിയമപരമായ വിട്ടുവീഴ്‌ചയില്ലാത്ത നടപടിയാണ് സ്വീകരിക്കുക. ഇക്കാര്യത്തില്‍ മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടല്ല ഈ സര്‍ക്കാരിനുള്ളത്. പാര്‍ട്ടി ഓഫീസുകള്‍ക്കും ആരാധനാലയങ്ങളുടെയും മറവില്‍ ഭൂമി കൈയേറിയവര്‍ക്കെതിരെ നിയമത്തിന്റെ ബുള്‍ഡോസറാണ് ഈ സര്‍ക്കാര്‍ ഉപയോഗിക്കുക. കൈയേറ്റത്തിന് ഒത്താശ ചെയ്‌ത എല്ലാ ഉദ്യോഗസ്‌ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. താന്‍ നേരില്‍ കണ്ട കാര്യങ്ങള്‍ നാളെ റിപ്പോര്‍ട്ടായി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള പ്രദേശങ്ങളിലാണ് താന്‍ സന്ദര്‍ശനം നടത്തുന്നതെന്നും ഇക്കാര്യത്തില്‍ വ്യക്‌തിവിരോധമോ വിവാദത്തിനോ താനില്ലെന്നും മന്ത്രി പറഞ്ഞു.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, പരിസ്ഥിതി, വിവാദം