തിരുവനന്തപുരം:സബ് ഇന്‍സ്‌പെക്ടര്‍ മുതല്‍ ഡി.ജി.പി. വരെയുളള എല്ലാ ഉദ്യോഗസ്ഥരും സ്വത്തു വിവരം പ്രഖ്യാപിക്കണമെന്നും പോലീസുകാരുടെ അടുത്ത ബന്ധുക്കളുടെ ഇടപാടുകള്‍ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഡി.ജി.പി ജേക്കബ് പുന്നൂസ് പറഞ്ഞു. കൂടാതെ പോലീസുകാരുടെ ക്രിമിനല്‍ ബന്ധങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ കര്‍ക്കശമായ വ്യവസ്ഥകള്‍ക്ക് ഡി.ജി.പി.ശുപാര്‍ശ നല്‍കി. അടിയന്തര പ്രാധാന്യത്തോടെ ഇത് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ”ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള പോലീസുകാരെക്കുറിച്ചുള്ള വിവരങ്ങള്‍ നിരന്തരമായി രേഖകളില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നുണ്ട്. സേനാംഗങ്ങള്‍ എല്ലാ സംശയങ്ങള്‍ക്കും അതീതരായിരിക്കണം. ഇതിന്റെ ഭാഗമായാണ് സര്‍ക്കാരിന് പുതിയ ശുപാര്‍ശകള്‍ നല്‍കിയത്. അനധികൃത ഭൂമി ഇടപാടുകളില്‍ പങ്കാളികളാകുന്ന പോലീസുകാരുടെ വിവരങ്ങള്‍ മാത്രമാണ് പുറത്തുവരുന്നത്. എന്നാല്‍ പല കേസുകളിലും പോലീസുകാരും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാവേണ്ടിവരുന്നുണ്ട്. ഇതേക്കുറിച്ച് സമ്പൂര്‍ണ വിവരങ്ങള്‍ അധികൃതര്‍ക്ക് ലഭ്യമാക്കാനും ഇത്തരം നടപടികളെ പ്രതിരോധിക്കാനുമാണ് സ്വത്തുവിവരങ്ങള്‍ പ്രഖ്യാപിക്കണമെന്ന വ്യവസ്ഥ നടപ്പിലാക്കുന്നത് ”. ഡി.ജി.പി പറഞ്ഞു. എസ്.ഐ വരെയുള്ള ഉദ്യോഗസ്ഥര്‍ ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍ക്കും സി.ഐ വരെയുള്ള ഉദ്യോഗസ്ഥര്‍ ഡി.ഐ.ജിക്കും എസ്.പി റാങ്കിന് മുകളിലുള്ളവര്‍ പോലീസ് ആസ്ഥാനത്തിന്റെ ചുമതലയുള്ള ഐ.ജിക്കുമാണ് സ്വത്തുവിവരങ്ങളെക്കുറിച്ചുള്ള സമ്പൂര്‍ണ പ്രസ്താവനകള്‍ നല്‍കേണ്ടത്. കൂടാതെ ഭാര്യ, മക്കള്‍, മാതാപിതാക്കള്‍ എന്നിവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, പോലീസ് ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടേയും പേരിലുള്ള വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, കരാര്‍ വ്യവസ്ഥയില്‍ വാഹനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ ഏതൊക്കെ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിച്ചുവരുന്നത്, വാഹനങ്ങള്‍ ഓടിക്കുന്നവരുടെ പേര് തുടങ്ങിയ എല്ലാ വിവരങ്ങളും ഉടന്‍തന്നെ മേലു ദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കണം നല്‍കണം. പോലീസ് ഉദ്യോഗസ്ഥരുടെ സ്വകാര്യ ജീവിതം നിരീക്ഷിക്കാനും മാഫിയാ ബന്ധമുള്ളവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കാനും കഴിഞ്ഞ ദിവസം അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നു. പോലീസ് വകുപ്പില്‍ സമഗ്ര മാറ്റത്തിന് ഈ നടപടികള്‍ വഴിയൊരുക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പോലീസ്, പോലീസ് അതിക്രമം