കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ മുസ്ലിം ലീഗ് നേതാവും വ്യവസായ മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി തനിക്ക് അനുകൂലമായ മൊഴി നല്‍കുന്നതിനായി പണം വാഗ്ദാനം ചെയ്യുകയും പിന്നീട് അത് നല്‍കാതെ പറ്റിക്കുകയും ചെയ്തതായി വെളിപ്പെടുത്തിക്കോണ്ട് കേസിലെ ഇരകളും സാക്ഷികളുമായ ബിന്ദുവും റോസ്ലിനും രംഗത്ത്. വ്യാജമൊഴി നല്‍കിയാല്‍ വീടുവെക്കുവാന്‍ പണം നല്‍കാമെന്ന് പറഞ്ഞിരുന്നു എന്നും ഇതു പ്രകാരം മൊഴി നല്‍കിയെങ്കിലും തങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്നും തങ്ങള്‍ തിരുവനന്തപുരത്ത് മന്ത്രി മന്ദിരത്തില്‍ പോയി പി. കെ. കുഞ്ഞാലിക്കുട്ടിയെ കണ്ടതായും ഇരുവരും പറഞ്ഞു. രണ്ട് പ്രമുഖ മലയാളം വാര്‍ത്താ ചാനലുകളിലൂടെ ആണ് ഇവര്‍ ഇന്നലെ ഉച്ചക്ക് ശേഷം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇതിലൂടെ പ്രത്യേക അന്വേഷണ സംഘം മുമ്പാകെ ഇവര്‍ നല്‍കിയ മൊഴി തെറ്റാണെന്ന് ഇരുവരും സമ്മതിക്കുന്നു.
ഏ.ഡി.ജി.പി വിന്‍സന്‍ എം. പോളിന്റെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി ജയ്സണ്‍ കെ.എബ്രഹാം അടങ്ങുന്ന പ്രത്യേക സംഘം അന്വേഷണം നടത്തുമ്പോള്‍ ചേളാരി സ്വദേശി ഷെരീഫ് തങ്ങളെ സമീപിച്ചുവെന്നും കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി മൊഴി നല്‍കിയാല്‍ വീടുവെക്കുവാന്‍ പണം നല്‍കാമെന്നും വാഗ്ദാനം ചെയ്തതായും ഇരുവരും വ്യക്തമാക്കി. ജീവിക്കുവാന്‍ മാര്‍ഗ്ഗമില്ലാത്തതിനാല്‍ ഷെറീഫിന്റെ വാക്കു വിശ്വസിച്ച് അന്വേഷണ സംഘം മുമ്പാകെ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി മൊഴി നല്‍കി. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും വാക്ക് പാലിക്കാത്തതിനെ തുടര്‍ന്ന് ആഗസ്റ്റ് ആദ്യവാരം മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ റാഫിയുമൊത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയെ കാണുവാന്‍ സെക്രട്ടേറിയേറ്റില്‍ പോയി. എന്നാല്‍ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മന്ത്രി മന്ദിരത്തില്‍ പോയി കുഞ്ഞാലിക്കുട്ടിയെ കണ്ടു. ആദ്യം പരിചയ ഭാവം കാണിച്ചില്ലെങ്കിലും പിന്നീട് നിങ്ങള്‍ ആരാണെന്ന് ചോദിച്ചു. ഷെറീഫ് നല്‍കിയ വാഗ്ദാനത്തെ പറ്റി പറഞ്ഞപ്പോല്‍ നേരിട്ട് പണം നല്‍കാന്‍ ആകില്ല്ലെന്നും ട്രസ്റ്റ് മുഖേനയോ അനാഥാലയം മുഖേനയോ പണം നല്‍കാമെന്നും അതിനു മുമ്പ് റൌഫ് ആണ് എല്ലാം ചെയ്യീച്ചതെന്ന് ജെയ്സണ്‍ കെ. എബ്രഹാമിനെ പോയി കണ്ട് പറയണമെന്നും നിര്‍ബന്ധിച്ചു.
പറഞ്ഞ പണം നല്‍കാത്ത കുഞ്ഞാലിക്കുട്ടിയില്‍ ഇനി വിശ്വാസമില്ലെന്നും അതിനാലാണ് ഇക്കാര്യം ചാനലുകള്‍ക്ക് മുമ്പാകെ പറയുന്നതെന്നും ഇവര്‍ വ്യക്തമാക്കി. കേസുകാരണം കുടുമ്പവും ബന്ധങ്ങളും തകര്‍ന്നതായും ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാത്തതിനാലാണ് വ്യാജമൊഴി നല്‍കിയതെന്നും ഇനി സത്യസന്ധമായേ പറയൂ എന്നും ഐസ്ക്രീം കേസില്‍ പത്തിലധികം ഇരകളുടെ പേരു പുറത്തു വരാനുണ്ടെന്നും ഇവര്‍ പറഞ്ഞു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, തട്ടിപ്പ്, പീഡനം