പത്തനംതിട്ട: ‘രാജഹംസമേ’ എന്ന ഗാനം ആലപിച്ച് ശ്രോതാക്കളെ വിസ്മയിപ്പിച്ച വീട്ടമ്മയായ ചന്ദ്ര ലേഖ യൂറ്റൂബില്‍ സൂപ്പര്‍ ഹിറ്റ്. വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് ചന്ദ്രലേഖയെ തേടിയെത്തിയത് ആശംസകളുടെ കൂമ്പാരം ഒപ്പം അവസരങ്ങളും. പ്രശസ്ത ഗായിക കെ. എസ്. ചിത്രയുള്‍പ്പെടെ പ്രശസ്തര്‍ ആശംസകളുമായി എത്തിയപ്പോള്‍ ചന്ദ്രലേഖയ്ക്ക് ഇത് ജീവിത സാഫല്യം. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും ചന്ദ്രലേഖയുടെ സ്വരമാധുരി ആരെയും ആകര്‍ഷിക്കും. ഭരതന്‍ സംവിധാനം ചെയ്ത ചമയം എന്ന ചിത്രത്തിലെ രാജ ഹംസമേ എന്ന ഗാനം അത്ര മനോഹരമായാണ് ചന്ദ്ര ലേഖ ആലപിച്ചിരിക്കുന്നത്.
പത്തനം തിട്ട കുമ്പളാമ്പൊയ്ക നരിക്കുഴിക്കുന്നിലെ രഘുനാഥിന്റെ ഭാര്യയായ ചന്ദ്രലേഖ വീട്ടിനകത്ത് കുഞ്ഞിനെയുമെടുത്ത് നിന്ന് പാടുന്ന രാജഹംസമേ എന്ന ഗാനം ഒരു ബന്ധുവാണ് മൊബൈല്‍ ഫോണില്‍ റിക്കോര്‍ഡ് ചെയ്ത് യൂറ്റൂബില്‍ ഇട്ടത്. ആ സ്വരമാധുരി സോഷ്യല്‍ മീഡിയകളില്‍ വന്‍ തരംഗമായി. ലക്ഷത്തില്‍ പരം ഷെയറുകൾ. ചാനലുകളിലും വാര്‍ത്ത വന്നു. ഇതോടെ ചന്ദ്രലേഖയെ തേടി ആശംസകളുടെ പ്രവാഹമായി. ഒപ്പം സംഗീത സംവിധായകരായ ബിജിബാൽ, രതീഷ് വേഗ, മോഹന്‍ സിത്താര, റോണി റാഫേല്‍ തുടങ്ങിയവര്‍ അവസരങ്ങള്‍ നല്‍കാമെന്ന വാഗ്ദാനം. ഈസ്റ്റ് കോസ്റ്റ് ഓഡിയോസുമായി ആദ്യ കരാറുമായി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മാധ്യമങ്ങള്‍, സോഷ്യല്‍മീഡിയ, സ്ത്രീ