കൊച്ചി: മന്ത്രി ടി. എം. ജേക്കബ് അന്തരിച്ചതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് വരുന്ന പിറവം നിയമസഭാ മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിയായി എം. ജെ. ജേക്കബ് മത്സരിക്കും. സി. പി. എം. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സി. പി. എം. ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് എം. ജെ. ജേക്കബിനെ സ്ഥാനാര്‍ഥിയാക്കുവാന്‍ നിര്‍ദ്ദേശിച്ചത്. എം. ജെ. ജേക്കബിനെ സ്ഥാനാര്‍ഥി യാക്കുവാനുള്ള സി. പി. എം. തീരുമാനം ഇടതു മുന്നണി ജില്ലാ കമ്മറ്റിയും അംഗീകരിച്ചു. നേരത്തെ രണ്ടു തവണ എം. ജെ. ജേക്കബ് ഇടതു സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്.
2006-ല്‍ ടി. എം. ജേക്കബിനെ 5000-ല്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയ എം. ജെ. ജേക്കബ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വാശിയേറിയ മത്സരത്തില്‍ നൂറ്റമ്പതിനടുത്ത് വോട്ടുകള്‍ക്കാണ് ടി. എം. ജേക്കബിനോട് പരാജയപ്പെട്ടത്. മണ്ഡലത്തില്‍ സുപരിചിതനാണെന്നതും നേരത്തെ രണ്ടു മത്സരങ്ങളില്‍ കാഴ്ച വെച്ച പോരാട്ട വീര്യവുമാണ് ഒരിക്കല്‍ കൂടെ എം. ജെ. ജേക്കബിനെ സ്ഥാനാര്‍ഥിയാക്കുവാന്‍ ഇടതു പക്ഷത്തിന് പ്രേരണയായത്. കൂടാതെ ക്രിസ്ത്യന്‍ വോട്ടുകള്‍ മണ്ഡലത്തില്‍ നിര്‍ണ്ണായകമാണെന്നതും അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനു സാധ്യത കൂട്ടി. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകും. ഈ മാസം 24 നു ഇടതു മുന്നണി നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ നടത്തും. അന്തരിച്ച ടി. എം. ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബാണ് യു. ഡി. എഫ്. സ്ഥാനാര്‍ഥി. സംസ്ഥാന രാഷ്ടീയത്തില്‍ ഇരു മുന്നണികളേയും സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ മത്സരമാണ് പിറവത്ത് നടക്കുക എന്നതിനാല്‍ ഇരു പക്ഷത്തേയും സംസ്ഥാന ദേശീയ നേതാക്കള്‍ തന്നെ തിരഞ്ഞെടുപ്പിനു ചുക്കാന്‍ പിടിക്കും.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്