ചിറയിന്‍കീഴ് : കൊമ്പുകള്‍ വളര്‍ന്ന് തുമ്പി അനക്കാനാകാതെ കൊമ്പന്‍ ദുരിതം അനുഭവിക്കുന്നു. ചിറയിന്‍കീഴ് ശാര്‍ക്കര ദേവസ്വത്തിലെ ചന്ദ്രശേഖരന്‍ എന്ന കൊമ്പനാണ് ഇപ്പോള്‍ വെള്ളം കുടിക്കാനോ തീറ്റയെടുക്കുവാനോ കഴിയാതെ ബുദ്ധിമുട്ടുന്നത്. കൊമ്പിനിടയില്‍ ഉരഞ്ഞ് ആനയുടെ തുമ്പിയില്‍ ചെറിയ തോതില്‍ പഴുപ്പും ഉണ്ട്. ദേവസ്വം അധികാരികള്‍ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള സാങ്കേതികമായ ചില പ്രശ്നങ്ങളാണ് കൊമ്പ് മുറിക്കുവാന്‍ തടസ്സമാകുന്നതെന്ന് പറയപ്പെടുന്നു.
സാധാരണ രീതിയില്‍ നാടന്‍ ആനകളുടെ കൊമ്പ് ഒരു പരിധിക്കധികം നീളത്തില്‍ നിര്‍ത്താറില്ല പ്രത്യേകിച്ച് കൂട്ടുകൊമ്പുള്ള ആനകളുടേത്. സമയാ സമയങ്ങളില്‍ അത് വെറ്റിനറി ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ചെത്തി മിനുക്കും. വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ട ഒന്നാണ് കൊമ്പ് മുറിക്കല്‍. പിഴവു വന്നാല്‍ കൊമ്പിനകത്ത് പഴുപ്പ് വരുവാനും തുടര്‍ന്ന് ആ കൊമ്പ് നഷ്ടപ്പെടുവാനും ഇടയുണ്ട്. കൊമ്പ് മുറിക്കുന്നതില്‍ വന്ന പാകപ്പിഴവാണ് എറണാംകുളം ശിവകുമാര്‍ എന്ന തലയെടുപ്പും അഴകും ഉള്ള ആനയുടെ ഒരു കൊമ്പ് നഷ്ടപ്പെടുവാന്‍ കാരണമായതെന്ന് പറയപ്പെടുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആനക്കാര്യം