കണ്ണൂർ: നരേന്ദ്ര മോഡിയുടെ പേരില്‍ രൂപീകരിക്കപ്പെട്ട കണ്ണൂര്‍ ജില്ലയിലെ ബി. ജെ. പി. വിമതരുടെ നമോ വിചാര്‍ മഞ്ചുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ സി. പി. എം. തീരുമാനം. ആർ. എസ്. എസിന്റെ ഫാസിസ്‌സ്റ്റ് ശൈലിക്കെതിരായി രംഗത്തു വന്ന വിമത വിഭാഗത്തിനു പിന്തുണ നല്‍കുമെന്ന് സി. പി. എം. ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി. ബി. ജെ. പി. മുന്‍ ജില്ലാ പ്രസിഡണ്ട് ഒ. കെ. വാസുവിന്റെ നേതൃത്വത്തില്‍ ബി. ജെ. പി. – ആർ. എസ്. എസ്. വിട്ട് പുറത്ത് വന്ന് രൂപീകരിച്ച നമോ വിചാര്‍ മഞ്ച് അടുത്ത കാലത്താണ് രൂപീകൃതമായത്. കസ്തൂരി രംഗന്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ബി. ജെ. പി. ആവശ്യപ്പെടുമ്പോള്‍ അതിനു വിരുദ്ധമായ നിലപാടാണ് വിമത വിഭാഗം സ്വീകരിച്ചിരിക്കുന്നത്.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരായ സമരത്തില്‍ വിമതര്‍ക്കൊപ്പം സഹകരിക്കുമെന്ന് വ്യക്തമാക്കിയ പി. ജയരാജന്‍ മറ്റു വിഷയങ്ങളില്‍ അവരുടെ നിലപാട് അസരിച്ചായിരിക്കും സഹകരണമെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും പറഞ്ഞു. ബി. ജെ. പി – ആർ. എസ്. എസ്. സംഘങ്ങള്‍ ജില്ലയില്‍ സംഘര്‍ഷം വ്യാപിപ്പിക്കുവാന്‍ ശ്രമിക്കുന്നതായും, അവരുടെ ഫാസിസ്റ്റ് ശൈലിക്കെതിരായി വിമത വിഭാഗം പ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കുമെന്നും ജയരാജന്‍ വ്യക്തമാക്കി.
വടകര സീറ്റ് ലക്ഷ്യം വച്ചാണ് നമോ വിചാര്‍ മഞ്ചുമായുള്ള സി. പി. എമ്മിന്റെ സഹകരണമെന്ന് പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ് ടി. സിദ്ദിഖ് പറഞ്ഞു.