ഇടുക്കി: കനത്ത മഴയിലും ഉരുള്‍പൊട്ടലിലും പെട്ട് ഇടുക്കി ജില്ലയില്‍ ഇന്നലെ 14 പേര് മരിച്ചു. ചീയപ്പാറ, മലയിഞ്ചി, തടിയമ്പാട്, കുഞ്ചിത്തണ്ണി തുടങ്ങിയ പ്രദേശങ്ങളില്‍ ആണ് കനത്ത നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. നില്‍ക്കാത്ത മഴ മൂലം ഇനിയും ഉരുള്‍പൊട്ടലിനു സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇന്നലെ അടിമാലിക്കും നേര്യമംഗലത്തിനും ഇടയില്‍ ചീയമ്പാറ റോഡിലേക്ക് മലവെള്ളപ്പാച്ചിലില്‍ മണ്ണും മരങ്ങളും ഇടിഞ്ഞു വീണിരുന്നു. ഇത് നീക്കം ചെയ്യുന്നതിനിടെ ഉരുള്‍പൊട്ടുകയും ആളുകളും വാഹനങ്ങളും ഒലിച്ചു പോകുകയും ചെയ്തു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ ചീയമ്പാറ മേഘലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, അടൂര്‍ പ്രകാശ് തുടങ്ങിയവരും എം.എല്‍.എ മാരും സംഭവസ്ഥലം സന്ദര്‍ശിച്ചു. തിരുവനന്തപുരത്തുനിന്നും ഹെലികോപ്ടറില്‍ നേര്യമംഗലത്തെത്തിയ മുഖ്യമന്ത്രി റോഡ് മാര്‍ഗ്ഗം ചീയമ്പാറയില്‍ എത്തി. കേന്ദ്രസര്‍ക്കാറിനോട് അടിയന്തിരമായി സഹായം എത്തിക്കണമെന്നും പ്രദേശത്തെ ദുരന്തത്തെ പറ്റി പഠിക്കുവാന്‍ സംഘത്തെ അയക്കണമെന്നും ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പാരഞ്ഞു. കേരളത്തില്‍ ദുരന്ത നിവാരണ സേനയുടെ യൂണിറ്റ് ആരംഭിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും. കാലവര്‍ഷക്കെടുതിയെ പറ്റി വിലയിരുത്തുന്നതിനും നടപടികള്‍ എടുക്കുന്നതിനും അടിയന്തിര മന്ത്രിസഭാ യോഗം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു.