രണ്ടാം മാറാട് കലാപം: 24 പേര്‍ക്ക് കൂടി ജീവപര്യന്തം തടവ്

August 16th, 2012

crime-epathram

കൊച്ചി: ഒമ്പത് പേര്‍ കൊല ചെയ്യപ്പെട്ട രണ്ടാം മാറാട് കലാപക്കേസിലെ പ്രതികളുടെ അപ്പീല്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് തള്ളി. കീഴ്ക്കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലാണ് തള്ളിയത്. കീഴ്ക്കോടതി വെറുതെ വിട്ട 76 പേരില്‍ 24 പേരെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിക്കുകയും ചെയ്തു. ജസ്റ്റിസ് എം. ശശിധരന്‍ നമ്പ്യാര്‍, ജസ്റ്റിസ്റ്റ് പി. ഭവദാസന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഉത്തവിട്ടത്. ജീവപര്യന്തം ശിക്ഷ 30 വര്‍ഷമാക്കണമെന്നും കേസില്‍ ശിക്ഷിക്കപ്പെട്ട 14 പ്രതികള്‍ ഒന്നിലധികം കൊലപാതകങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും ഇവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

അന്വേഷണത്തില്‍ പ്രതികളാണെന്ന് കണ്ടെത്തിയ 63 പേര്‍ കുറ്റക്കാരാണെന്ന് മാറാ‍ട് പ്രത്യേക കോടതി ശിക്ഷ വിധിച്ചിരുന്നു. 2008 ഡിസംബറില്‍ വന്ന ഈ വിധിക്കെതിരെ ആണ് പിന്നീട് പ്രതികളും സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചത്.

2003 മെയ് 2നു മാറാട് കടപ്പുറത്ത് ഒരു വിഭാഗം ആളുകള്‍ മാരകായുധങ്ങളുമായി സംഘം ചേർന്ന് എത്തി മറു വിഭാഗത്തെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നാളുകളോളം മാറാട് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സി.പി.എം. – സി.പി.ഐ. പോര് മുറുകുന്നു

August 16th, 2012

cpm-logo-epathram

തിരുവനന്തപുരം: ആര്‍. എം. പി. നേതാവ് ടി. പി. ചന്ദ്രശേഖരന്റേയും മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന അബ്ദുള്‍ ഷുക്കൂറിന്റെയും വധക്കേസുകളുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് അനുകൂലമായ നിലപാട് എടുത്തില്ലെന്നതിന്റെ പേരില്‍ ആംഭിച്ച സി. പി. എം. – സി. പി. ഐ. പോരു മുറുകുന്നു. നേതാക്കന്മാരുടെ ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടെ ഇരു പാര്‍ട്ടികളുടേയും മുഖപത്രങ്ങള്‍ കൂടെ ഇപ്പോള്‍ രംഗത്തെത്തി. ഇടതു പക്ഷത്തിന്റെ കോട്ട പണിതത് വിപ്ലവ മാനവികതയുടെ കൂട്ടു കൊണ്ട് എന്ന തലക്കെട്ടോടെ ആണ്  സി. പി. ഐ. മുഖപത്രമായ ജനയുഗം മുഖപ്രസംഗം എഴുതിയിരിക്കുന്നത്. ധാര്‍ഷ്ട്യങ്ങളും ശാഠ്യങ്ങളും ഏതു ഭാഗത്തു നിന്നും ഉണ്ടായാലും വെച്ചു പൊറുപ്പിക്കില്ലെന്ന് സി. പി. എമ്മിന്റെ പേരു എടുത്തു പറയാതെ തന്നെ  ജനയുഗം വ്യക്തമാക്കുന്നു. ഇതിനു മറുപടിയെന്നോണം സി. പി. ഐ. വര്‍ഗ്ഗ വഞ്ചന കാണിച്ചെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലുള്ള സാഹോദര്യത്തിനു സി. പി. ഐ. സംസ്ഥാന നേതൃത്വം പോറല്‍ ഏല്‍പ്പിക്കുകയാണെന്നും സി. പി. എം. മുഖപത്രമായ ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വ്യക്തമാക്കുന്നു.

ഏതാനും ദിവസങ്ങളായി ഇരു പാര്‍ട്ടികളുടേയും സംസ്ഥാന സെക്രട്ടറിമാരായ  പിണറായി വിജയനും പന്ന്യന്‍ രവീന്ദ്രനും മറ്റു മുതിര്‍ന്ന നേതാക്കന്മാരും ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.  ഒരു പാര്‍ട്ടി പ്രഖ്യാപിക്കുന്ന പ്രക്ഷോഭങ്ങളില്‍ മറ്റു പാര്‍ട്ടികള്‍ കൂട്ടു ചേരണമോ എന്നത് തീരുമാനിക്കുന്നത് അതാതു പാര്‍ട്ടികള്‍ ആണെന്നും സി. പി. എമ്മിന്റെ നിലപാട് തങ്ങളുടെ മേല്‍ അടിച്ചേല്പിക്കുവാന്‍ ശ്രമിക്കരുതെന്നും സി. പി. ഐ. നേതൃത്വം വ്യക്തമാക്കി. തങ്ങളുടെ നിലപാടുകള്‍ അംഗീകരിക്കുവാന്‍ സി. പി. ഐ. യെ ഒരിക്കലും നിര്‍ബന്ധിച്ചിട്ടില്ലെന്നും ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജന്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ സി. പി. ഐ. സ്വീകരിച്ച നിലപാടിനെ ആണ് ചോദ്യം ചെയ്തതെന്നും പിണറായി പറഞ്ഞു. ഹര്‍ത്താല്‍ സംബന്ധിച്ച ജനയുഗത്തിന്റെ നിലപാട് തിരുത്തുന്നതാണ് സി. പി. ഐ. ക്ക് നല്ലതെന്ന പിണറായിയുടെ താക്കീതിനു മറുപടിയെന്നോണം പൊതു വേദിയില്‍ പക്വത കാണിക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

നെല്ലിയാമ്പതി പാട്ടക്കാര്‍ ലംഘിച്ച തോട്ടങ്ങള്‍ പിടിച്ചെടുക്കല്‍, നിത്യോപയോഗ സാധനങ്ങളുടെ കുതിച്ചുയരുന്ന വില , ആരോഗ്യ രംഗത്തെ പ്രശ്നങ്ങള്‍ തുടങ്ങി  വിവിധ വിഷയങ്ങളുമായി ബന്ധപെട്ട്  യു. ഡി. എഫ്. സര്‍ക്കാരിനെതിരെ ശക്തമായ സമരങ്ങള്‍ ഉയര്‍ന്നു വരേണ്ട സമയത്ത് ഇടതു പക്ഷത്തെ പ്രമുഖ പാര്‍ട്ടികളുടെ ആരോപണ പ്രത്യാരോപണങ്ങള്‍ അണികളില്‍ അസംതൃപ്തിയും ആശങ്കയും ഉണര്‍ത്തിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രഥമ എൻ. ആർ. കെ. സംഗമം സമാപിച്ചു

August 16th, 2012

pj-joseph-singing-epathram

കുട്ടിക്കാനം : ലോക മലയാളി കൌൺസിൽ സംഘടിപ്പിച്ച പ്രഥമ എൻ. ആർ. കെ. സംഗമം ആഗസ്റ്റ് 10, 11, 12, തിയതികളിൽ കുട്ടിക്കാനം മറിയൻ കോളജിൽ വെച്ച് നടന്നു. 137 മറുനാടൻ മലയാളി കുടുംബങ്ങൾ റജിസ്റ്റർ ചെയ്ത സംഗമത്തിൽ 200 പേർ പങ്കെടുത്തു. 18 രാജ്യങ്ങളിൽ നിന്നും എത്തിയ മലയാളികൾ ഒത്തു ചേർന്ന ഈ അപൂർവ്വ സംഗമത്തിൽ പങ്കെടുത്തവർ തങ്ങളുടെ സന്തോഷവും, അനുഭവങ്ങളും, ആശയങ്ങളും, ചിന്തകളും പരസ്പരം പങ്കു വെച്ചു.

അദ്യ ദിനത്തിൽ മന്ത്രി പി. ജെ. ജോസഫും കുടുംബാംഗങ്ങളും ചേർന്ന് അവതരിപ്പിച്ച ഗാനമേള ഏറെ രസകരമായി. അടുത്ത ദിവസം നടന്ന അനൌപചാരിക ചർച്ചയിൽ മുൻ മന്ത്രി എം. എ. ബേബി, റിയാസ് കോമു എന്നിവർ പങ്കെടുത്തു.

ma-baby-prakash-bare-epathram

മഹാകവി പി. കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച “ഇവൻ മേഘരൂപൻ” എന്ന ഏറ്റവും പുതിയ സിനിമ, സിനിമയിലെ നായകനും നിർമ്മാതാവുമായ പ്രകാശ് ബാരെയുടെ സാന്നിദ്ധ്യത്തിൽ തന്നെ പ്രദർശിപ്പിച്ചു.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമായ ഒട്ടനവധി പരിപാടികൾ കോർത്തിണക്കി രൂപകല്പ്പന ചെയ്ത കുട്ടിക്കാനം എൻ. ആർ. കെ. സംഗമം പങ്കെടുത്ത എല്ലാവർക്കും എക്കാലത്തേയ്ക്കും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരു അനുഭവമായി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ടി.പി. ചന്ദ്രശേഖരനെ വധിച്ചത് രാഷ്ടീയ വിരോധം മൂലമെന്ന് കുറ്റപത്രം

August 15th, 2012

tp-chandrashekharan-epathram

കോഴിക്കോട്: ആര്‍. എം. പി. നേതാവ് ടി. പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ 76 പ്രതികള്‍ക്കെതിരെ വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.  ടി. പി. ചന്ദ്രശേഖരനെ വധിച്ചത് അദ്ദേഹത്തോടുള്ള രാഷ്ടീയ വിരോധം മൂലമെന്ന് ടി. പി. വധക്കേസില്‍ പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രം വ്യക്തമാക്കുന്നു. സി. പി. എം. വിട്ട ചന്ദ്രശേഖരന്‍ പിന്നീട് റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. ഇത് സി. പി. എമ്മിനു വലിയ തോതില്‍ രാഷ്ടീയമായ തിരിച്ചടിയായി. ഒഞ്ചിയം, ഏറാമല, അഴിയൂര്‍, ചോറോട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ഉള്ള പലരും സി. പി. എം. വിട്ട് ചന്ദ്രശേഖരന്റെ ആര്‍. എം. പി. യില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. വടകരയില്‍ നിന്നും ലോക്‍സഭയിലേക്ക് മത്സരിച്ച സി. പി. എം. സ്ഥാനാര്‍ഥി പി. സതീദേവിയുടെ പരാജയവും വിരോധത്തിന്റെ ആക്കം കൂട്ടി. 2012 മാര്‍ച്ചില്‍ നടന്ന ആര്‍. എം. പി. യുടെ ഏരിയാ സമ്മേളനത്തില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. ഇത് ഏതു വിധേനയും ടി. പി. യെ വധിക്കുവാനുള്ള തീരുമാനത്തിലേക്ക് നയിച്ചതായും പറയുന്നു.

ടി. പി. ക്കെതിരെയും ആര്‍. എം. പി. ക്കെതിരെയും പല തവണ അക്രമങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ടി. പി. യെ വധിക്കുവാന്‍ 2009 സെപ്‌റ്റംബറിലും ഒക്ടോബറിലും ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. ചന്ദ്രശേഖരന്‍ വധക്കേസില്‍ എം. സി. അനൂപാണ് ഒന്നാം പ്രതി. കിര്‍മാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, കെ. എച്ച്. മുഹമ്മദ് ഷാഫി, സിജിത്ത്, കെ. ഷിനോജ് എന്നിവരാണ് രണ്ടു മുതല്‍ ഏഴു വരെ പ്രതികള്‍. കൊലപാതകം, ഗൂഢാലോചന, സായുധരായി കലാപം സൃഷ്ടിക്കല്‍, പ്രേരണ, തെളിവു നശിപ്പിക്കല്‍, അന്യായമായി സംഘം ചേരല്‍, സ്ഫോടക വസ്തു ഉപയോഗിക്കല്‍ തുടങ്ങി വിവിധ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

മൊബൈല്‍ ഫോണ്‍ വിളികള്‍ ഈ കേസില്‍ നിര്‍ണ്ണായക തെളിവായി. വാഹനങ്ങള്‍, ആയുധങ്ങള്‍, രക്തം, ഫോട്ടോകള്‍, സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍, മൊബൈല്‍ സിം കാര്‍ഡുകള്‍, രക്തം പുരണ്ട വസ്ത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഈ കേസില്‍ 181 വസ്തുക്കള്‍ തൊണ്ടിയായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് എ. ഡി. ജി. പി. വിന്‍സന്‍ എം. പോള്‍, എ. ഐ. ജി. അനൂപ് കുരുവിള ജോണ്‍, ഡി. വൈ. എസ്. പി. മാരായ കെ. വി. സന്തോഷ്, എ. പി. ഷൌക്കത്തലി, എം. ജെ. സാജന്‍ , ജോസി ചെറിയാന്‍ , സി. ഐ. ബെന്നി എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് ഈ കൊലപാതകത്തിന്റെ അന്വേഷണ ചുമതല വഹിച്ചത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മനുഷ്യത്വം ഇല്ലാത്ത ആധുനിക വിദ്യാഭ്യാസം ആവശ്യമോ?

August 14th, 2012

education-epathram

കുന്നംകുളം: ആഗസ്റ്റ്‌ 11 ,12 (ശനി, ഞായര്‍) തിയ്യതികളില്‍ അക്കിക്കാവിലെ “കല്യ”യില്‍ വെച്ച് വിദ്യാഭ്യാസ സൌഹൃത കൂട്ടായ്മ നടന്നു. രണ്ടു ദിവസം നീണ്ടു നിന്ന കൂട്ടായ്മയില്‍ നൂറിലേറെ പേര്‍ പങ്കെടുത്തു. ഔപചാരികമായ ചടങ്ങുകള്‍ ഒന്നും തന്നെ ഇല്ലാതെ തികച്ചും സൌഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലായിരുന്നു പരിപാടി സംഘടിപ്പിക്കപ്പെട്ടത്.

അക്കിക്കാവിലെ മോഹന്‍ ചവറയുടെ “കല്യ” വീട്ടുമുറ്റത്ത് പ്രവര്‍ത്തകരും സുഹൃത്തുക്കളും ഒത്തുകൂടി. അട്ടപ്പാടിയില്‍ വേറിട്ട വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന “സാരംഗ്” ലെ ഗോപാലകൃഷ്ണന്‍ മാഷും വിജയലക്ഷ്മി ടീച്ചറുമാണ് വിദ്യാഭ്യാസ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. നമ്മള്‍ ഇപ്പോള്‍ പിന്തുടരുന്ന വിദ്യാഭ്യാസ രീതി നിലവാരമുള്ള ഒരു മാനവ സമൂഹത്തെ സൃഷ്ടിക്കുവാൻ ഒരു തരത്തിലും ഉത്തകുകയില്ല എന്ന ഏകാഭിപ്രായം കൂട്ടായ്മയില്‍ ആദ്യ ദിവസത്തെ ചര്‍ച്ചയില്‍ തന്നെ ഉരുത്തിരിഞ്ഞു വന്നു. നിലവിലുള്ള വ്യവസ്ഥിതിയെ ഇല്ലാതാക്കാനോ അതില്‍ ഇടപെടാനോ സാധ്യമല്ലാതിരിക്കെ നമ്മള്‍ ബദല്‍ അന്വേഷണങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ് എന്നും കൂട്ടായ്മ വിലയിരുത്തുകയുണ്ടായി.
ക്യാമ്പില്‍ വിജയലക്ഷ്മി ടീച്ചര്‍ വിദ്യാഭ്യാസ നയ സമീപന രേഖ അവതരിപ്പിച്ചു. നയ സമീപന രേഖയുടെ കാതലായ “ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക, നിലനില്‍ക്കുക, നിലനില്‍ക്കാന്‍ അനുവദിക്കുക” എന്ന മുദ്രാവാക്യത്തെ ആസ്പദമാക്കി രണ്ടാം ദിവസം നടന്ന ചൂടേറിയ ചര്‍ച്ചയില്‍ വിദ്യാഭ്യാസ വിചക്ഷണന്മാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. കൂടാതെ സ്ഥലം എം. എല്‍. എ. ബാബു എം. പാലിശ്ശേരിയും കൂട്ടായ്മയില്‍ സന്നിഹിതനായിരുന്നു.

ആധുനിക വിദ്യാഭ്യാസം ഏറെ ശക്തിപ്പെട്ടിട്ടും പുതു തലമുറ മനുഷ്യത്വം ഇല്ലാത്തവരും അക്രമ വാസന ഉള്ളവരുമായി അധഃപ്പതിക്കുന്നതില്‍ കൂട്ടായ്മ തികഞ്ഞ ഉൽക്കണ്ഠ രേഖപ്പെടുത്തി. ബദല്‍ അന്വേഷണങ്ങളും ബോധവല്‍ക്കരണവും ശക്തിപ്പെടുത്തുകയും, മനുഷ്യത്വം ഉള്ള ഒരു തലമുറയെ രൂപീകരിക്കുന്നതിനായി ഉടന്‍ സമൂഹത്തില്‍ ഇടപെട്ടു പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും കൂട്ടായ്മ വിലയിരുത്തുകയുണ്ടായി. രാജ്യത്തെ ഭരണഘടനയെ അംഗീകരിച്ചു കൊണ്ട് തികഞ്ഞ ജനാധിപത്യ ബോധമുള്ള സുസ്ഥിരോന്മുഖമായ വീക്ഷണം പുലര്‍ത്തുന്ന ഒരു പുതു തലമുറ സൃഷ്ടിക്കപ്പെടുമ്പോള്‍ അവരുടെ ഭാവി ശോഭനവും സ്നേഹസമ്പന്നവും ആയിരിക്കും എന്ന് മാത്രമല്ല, അത് വിശ്വ പൌരന്‍ എന്ന ആശയത്തിലേക്കുള്ള ഒരു വാതില്‍ തുറക്കല്‍ കൂടി ആയിരിക്കും എന്നതില്‍ യാതൊരു സംശയവുമില്ല.

രണ്ടു ദിവസങ്ങളിലായി നടന്ന കൂട്ടായ്മ ഏവര്‍ക്കും ആനന്ദം പകരുന്നതും പ്രതീക്ഷയ്ക്ക് വക നല്കുന്നതുമായിരുന്നു. കൂട്ടായ്മയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട നാല് കുടുംബങ്ങള്‍ തങ്ങളുടെ മക്കള്‍ക്ക്‌ വേറിട്ട വിദ്യാഭ്യാസം നല്‍കാന്‍ സന്നദ്ധത അറിയിച്ചു കൊണ്ട് മുന്നോട്ടു വന്നത് ഏറെ ആവേശം നിറഞ്ഞ അനുഭവമായി.

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page — « Previous « ഷുക്കൂര്‍ വധം: പി. ജയരാജനും ടി. വി. രാജേഷ് എം. എല്‍. എ. യ്ക്കും ജാമ്യമില്ല
Next » — Next Page » ടി.പി. ചന്ദ്രശേഖരനെ വധിച്ചത് രാഷ്ടീയ വിരോധം മൂലമെന്ന് കുറ്റപത്രം »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine