കോഴിക്കോട് : രാജ്യത്തിന്റെ ധാതു സമ്പത്തിന്റെ യഥാർത്ഥ അവകാശികളായ ആദിവാസികളെ അവഗണിച്ച് കോർപ്പൊറേറ്റുകൾക്ക് നിർബാധം ഖനനം നടത്താനുള്ള അനുമതി നൽകുന്ന കേന്ദ്ര സർക്കാരിന്റെ നയത്തെ സി.പി.ഐ. (എം) എതിർക്കുന്നതായി 20ആം പാർട്ടി കോൺഗ്രസ് പാസാക്കിയ പ്രമേയം വ്യക്തമാക്കി. രാജ്യത്തെ ഖനന നയം തിരുത്തി ഗോത്രങ്ങൾക്കും ആദിവാസികൾക്കും ധാതു സമ്പത്തിന്റെ അവകാശം ലഭ്യമാക്കുവാനുള്ള നിയമ നിർമ്മാണം നടത്തണം. ആദിവാസികൾക്ക് തൊഴിൽ ലഭ്യത ഉറപ്പു നൽകണം. ആദിവാസികൾക്ക് യഥാർത്ഥത്തിൽ ലഭ്യമാവുന്ന വികസന വിഹിതവും ഔദ്യോഗിക കണക്കുകളും തമ്മിൽ ഇപ്പോൾ വലിയ അന്തരം നിലനിൽക്കുന്നു. ആദിവാസികളുടെ വളർന്നു വരുന്ന പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഖനി ധാതു വികസന നിയന്ത്രണ നിയമത്തിന് ഭേദഗതി വരുത്താൻ ആലോചിക്കുന്നുണ്ട്. ഈ ഭേദഗതി പ്രകാരം ഖനനത്തിനുള്ള പാട്ടം എടുത്ത കമ്പനികൾ അതാത് പ്രദേശത്തെ ആദിവാസി വികസനത്തിനായി പണം അടയ്ക്കേണ്ടി വരും. എന്നാൽ ഇത് കേവലം പ്രതീകാത്മകമാണ് എന്നാണ് പാർട്ടി നിലപാട്. ഇത് ധാതു സമ്പത്തിലുള്ള ആദിവാസികളുടെ അടിസ്ഥാന അവകാശത്തെ അംഗീകരിക്കുന്നില്ല. ധാതു ഖനന നയങ്ങളെ സമ്പൂർണ്ണമായി പൊളിച്ചെഴുതണം. പാട്ട കരാറുകൾ വഴിയോ മറ്റു നിയമ വ്യവസ്ഥകൾ വഴിയോ സർക്കാർ ധാതു സമ്പത്ത് സ്വകാര്യ കമ്പനികൾക്ക് തീറെഴുതി കൊടുക്കരുത്. ആദിവാസികളുടെ അവകാശ സംരക്ഷണത്തിനായി ആദിവാസി പ്രദേശങ്ങളിലെ പാർട്ടി ഘടകങ്ങൾ പ്രതിരോധ സമരങ്ങൾ സംഘടിപ്പിക്കണം എന്നും പ്രമേയം ആവശ്യപ്പെടുന്നു.