പറഞ്ഞാല്‍ തീരാത്ത പൂരപ്പെരുമയിലൂടെ

April 30th, 2012
trissur-pooram-epathram
ഐതിഹ്യവും ചരിത്രവും വേര്‍തിരിക്കുവാന്‍ ആകാത്തവിധം പരസ്പരം ഇഴുകിച്ചേര്‍ന്നു കിടക്കുന്ന ശാന്തമായ വടക്കും നാഥ സന്നിധി.  അവിടെയാണ് ലോകത്തിന്റെ കണ്ണും കാതും മനസ്സും ഒഴുകിയെത്തുന്ന വിശ്വവിസ്മയമായ തൃശ്ശൂര്‍ പൂരം അരങ്ങേറുന്നത്. പൂരങ്ങളുടെ പൂരമെന്ന വിശേഷണത്തിനപ്പുറം നാദ വര്‍ണ്ണ ശബ്ദ വിസ്മയങ്ങള്‍ സമന്വയിക്കുന്ന  പ്രൌഢ ഗംഭീരമായ ഒരു സാംസ്കാരികോത്സവം കൂടെയാണ് അത്. ജാതി മത ദേശഭാഷന്തരങ്ങള്‍ക്ക് അതിരുകള്‍ തീര്‍ക്കാനാവാത്ത മഹത്തരമായ ഒരു തലം കൂടെ തൃശ്ശൂര്‍ പൂരത്തിനുണ്ടെന്ന് അവിടെ തടിച്ചു കൂടുന്ന പുരുഷാരം സാക്ഷ്യപ്പെടുത്തുന്നു.   കലാകാരന്മാരുടേയും ആസ്വാകരുടേയും ഏറ്റവും വലിയ സംഗമവേദി. മേടമാസത്തിലെ പൂരം നാളിലാണ് തൃശ്ശൂര്‍ പൂരം.
പൂരത്തിന്റെ ഉല്‍ഭവത്തെ കുറിച്ച് വിഭിന്നമായ അഭിപ്രായങ്ങള്‍ നിലനില്‍ക്കുമ്പോളും ഇന്നു കാണുന്ന രീതിയില്‍ തൃശ്ശൂര്‍ പൂരത്തെ ചിട്ടപ്പെടുത്തിയത് അധുനിക തൃശ്ശൂരിന്റെ ശില്പിയായ ശക്തന്‍ തമ്പുരാനാണ് എന്നതില്‍ തര്‍ക്കമില്ല. ഉല്‍ഭവ കഥകളില്‍ ഏറ്റവും വിശ്വസനീയമെന്ന് കരുതപ്പെടുന്നത് പണ്ട് ആറാട്ടുപുഴ പൂരത്തിന് പങ്കെടുക്കുവാന്‍ തൃശ്ശൂ‍രില്‍ നിന്നും ദേവീദേവന്മാര്‍ ആനപ്പുറത്ത് എഴുന്നള്ളാറുണ്ടായിരുന്നു. ഒരിക്കല്‍ ഈ യാത്രയ്ക്കിടെ മഴ പെയ്തു. ഇതേ തുടര്‍ന്ന് യാത്ര നിര്‍ത്തി ദേവീദേവന്മാരുടെ തിടമ്പ് ഒരു ആലയില്‍ ഇറക്കിവെച്ചു. മഴ മാറിയപ്പോള്‍ ആറാട്ടുപുഴ പാടത്തേക്ക് യാത്രതുടര്‍ന്നു. എന്നാല്‍ താണകുലത്തില്‍ പെട്ടവരുടെ ആലയില്‍ തിടമ്പ് ഇറക്കിവെച്ച് തൊട്ടുതീണ്ടിയതിനാല്‍  പെരുവനത്തെ ഗ്രാമാധികാരികള്‍ പ്രവേശനം നിഷേധിച്ച് ഉത്സവചടങ്ങുകളില്‍ നിന്നും  പുറത്താക്കി. ഇതേതുടര്‍ന്ന് അപമാനിതരായ തൃശ്ശൂരിലെ പ്രമുഖരും അധികാരികളും ചേര്‍ന്ന് വടക്കും‌നാഥ സന്നിധിയില്‍ തൃശ്ശൂര്‍ പൂരത്തിനു തുടക്കമിട്ടു. പരസ്പര തര്‍ക്കങ്ങളും സാമ്പത്തിക പ്രശ്നങ്ങളും കാരണം പൂരം ഇടയ്ക്കെപ്പോ‍ളോ നിന്നു പോ‍യി. പിന്നീട് ശക്തന്‍ തമ്പുരാന്‍ തൃശ്ശൂരില്‍ എത്തിയതോടെ ആണ് പൂരം പുനരാരംഭിക്കുന്നത്. പാറമേക്കാവ്, തിരുവമ്പാടി എന്നീ ക്ഷേത്രങ്ങളെ പ്രധാനികളാക്കി സമീപത്തുള്ള 8 ക്ഷേത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ശക്തന്‍ തമ്പുരാന്‍ തൃശ്ശൂ‍ര്‍ പൂരത്തിനു പുനരാരംഭം കുറിച്ചു. നിലവിലുണ്ടായിരുന്ന രീതികളില്‍ മാറ്റം വരുത്തിക്കൊണ്ട് പൂരത്തിന്റെ ഘടന പുനക്രമീകരിച്ചു.  ശക്തന്റെ കാലത്തുതന്നെ ജാതിമതവ്യത്യാസങ്ങള്‍ക്കതീതമായി പൂരത്തെ ജനകീയമാക്കുന്നതില്‍ ശ്രദ്ധപതിപ്പിച്ചിരുന്നു. ഇന്നും ക്രിസ്ത്യാനികളും മുസ്ലിംങ്ങളും പലതലത്തില്‍ പൂരവുമായി സഹകരിച്ചു പോരുന്നു.
അതി രാവിലെ വെയിലും മഞ്ഞും മഴയും കൊള്ളാതെ ദേവഗുരുവായ കണിമംഗലം ശാസ്താവ് തെക്കേ ഗോപുരവാതില്‍ കടന്നു വടക്കുംനാഥനെ വണങ്ങുവാന്‍ എത്തുന്നതോടെയാണ് 36 മണിക്കൂര്‍ നീളുന്ന പൂരത്തിനു തുടക്കമാകുന്നത്. കണിമംഗലം ശാസ്താവ് പടിഞ്ഞാറെ ഗോപുരം വഴി പുറത്തേക്ക് എഴുന്നള്ളുന്നതോടെ മറ്റു ഘടകപൂരങ്ങളും വന്നു തുടങ്ങും. ഘടകപൂരങ്ങള്‍ക്ക് ശേഷം തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ വടക്കും നാഥനെ വണങ്ങി തെക്കോട്ടിറങ്ങി കുടമറ്റത്തിനു തയ്യാറാകുന്നു. കുടമാറ്റം കഴിഞ്ഞ് പിരിയുന്നു. പിന്നീട് രാത്രി പൂരവും വെടിക്കെട്ടും. രാവിലെ വീണ്ടും പൂരങ്ങള്‍. ഒടുവില്‍ ഉച്ചയോടെ ഇരുദേവിമാരും ഉപചാരം ചൊല്ലി അടുത്ത പൂരത്തിന് വീണ്ടും കാണാ‍മെന്ന് പറഞ്ഞ് പിരിയുന്നതോടെ തല്‍ക്കാലത്തേക്ക് തിരശ്ശീല വിരിയുന്നു. അപ്പോഴേക്കും അടുത്ത പൂരം വരെ പൂരപ്രേമികള്‍ക്ക് ഓര്‍ക്കുവാന്‍ മനം നിറഞ്ഞിരിക്കും.
മഠത്തില്‍ വരവ്
തൃശ്ശൂര്‍ പൂരത്തിലെ ഏറ്റവും ആകര്‍ഷകമായ ചടങ്ങുകളില്‍ ഒന്നാണ് മഠത്തില്‍ വരവ്.രാവിലെ തിരുവമ്പാടി ഭഗവതി ഉണ്ണിക്കണ്ണനോടു കൂടി  പൂരത്തിനായി പുറപ്പെടുന്ന ദേവി മഠത്തില്‍ എത്തി ഇറക്കി പൂജകഴിഞ്ഞ് തിരിച്ചു പുറപ്പെടുന്നതിനെയാണ്  മഠത്തില്‍ വരവ് എന്ന് പറയുന്നത്. ശങ്കരാചാര്യരുടെ ശിഷ്യന്മാരുടെ മഠങ്ങളില്‍ ഒന്നായ പഴയ നടക്കാവിലെ  നടുവില്‍ മഠത്തില്‍ നിന്നുമാണ് രാവിലെ 11.30 നു മഠത്തില്‍ വരവ് ആരംഭിക്കുക.  സ്വര്‍ണ്ണപ്രഭ ചൊരിയുന്ന ചമയങ്ങള്‍ അണിഞ്ഞ് തിരുവമ്പാടി ശിവസുന്ദര്‍ എന്ന ഗജരാജനാണ്  തിടമ്പേറ്റുക. പഞ്ചവാദ്യമാണ് മഠത്തില്‍ വരവിന്റെ പ്രധാന ആകര്‍ഷണം. രണ്ടര പതിറ്റാണ്ടിന്റെ പഴക്കമുള്ള തൃശ്ശൂര്‍ പൂരത്തിന്റെ മേള ചരിത്രത്തെ മാറ്റി മറിച്ചുകൊണ്ടാണ് പഞ്ചവാദ്യത്തിന്റെ കടന്നുവരവ്. തിരുവില്വാമല വെങ്കിച്ചന്‍ സ്വാമിയുടെ പുതിയ പരീക്ഷണമായിരുന്നു തിമില, ശുദ്ധമദ്ദളം, ഇടയ്ക്ക, ഇലത്താളം, കൊമ്പ്, ശംഖ് എന്നിവയെ സമന്വയിപ്പിച്ച് നടത്തിയ പുതിയ മേളം. മഠത്തില്‍ നിന്നുമുള്ള വരവില്‍ അത് ആദ്യമായി  അവതരിപ്പിച്ചപ്പോള്‍ ആസ്വാദകര്‍ അത് ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി.
മഠത്തില്‍ വരവിനെ കുറിച്ചുള്ള കഥയിങ്ങനെ. സമ്പന്നമായ നടുവില്‍ മഠത്തില്‍ പണ്ട് സ്വര്‍ണ്ണ തലേക്കെട്ടുകള്‍ ഉണ്ടായിരുന്നു. തിരുവമ്പാടി ഭഗവതിയുടെ ആനകള്‍ക്ക് ചാര്‍ത്തുവാന്‍ അവ നല്‍കാമോ എന്ന് ആവശ്യപ്പെട്ടപ്പോള്‍ മഠത്തില്‍ വന്ന് ഇവിടെ ഇറക്കി പൂജകഴിഞ്ഞു സ്വര്‍ണ്ണ ചമയങ്ങള്‍ അണിഞ്ഞ് ആനപ്പുറത്ത് ദേവി വടക്കും നാഥ സന്നിധിയിലേക്ക് എഴുന്നള്ളിക്കൊള്ളട്ടെ എന്നായി മൂപ്പില്‍ സ്വാമി. അതിനെ തുടര്‍ന്നാണ് മഠത്തില്‍വരവ് പൂരത്തിന്റെ ഭാഗമായത് .  മൂന്നാനകളുടേയും പഞ്ചവാദ്യത്തിന്റേയും അകമ്പടിയോടെ മഠത്തിനു മുമ്പില്‍ നിന്നും എഴുന്നള്ളിക്കുന്നു. പിന്നീട് ആനകളുടെ എണ്ണം ഏഴാകുന്നു. നായ്കനാലില്‍ എത്തുമ്പോള്‍  ആനകളുടെ എണ്ണം പതിനഞ്ചായിട്ടുണ്ടാകും. പഞ്ചവാദ്യത്തിന്റെ പ്രത്യേകത എടുത്തു പറയേണ്ടതാണ്. വെങ്കിച്ചന്‍ സ്വാമിയാണ് ഇന്നു കാണുന്ന രീതിയിലേക്ക് മേളത്തെ ചിട്ടപ്പെടുത്തിയത്. അന്നമന്നട പരമേശ്വര മാരാരാണ് ഇപ്പോള്‍ മഠത്തില്‍ വരവിന്റെ മേളപ്രമാണി.
ഇലഞ്ഞിത്തറ മേളം
പാറമേക്കാവ് ഭഗവതി പന്ത്രണ്ടരയോടെ വടക്കുംനാഥ സന്നിധിയിലേക്ക് പതിനഞ്ചാനകളുടെ അകമ്പടിയോടെ പുറപ്പെടുന്നു. പാറമേക്കാവ്  പത്മനാഭനാണ് തിടമ്പേറ്റുക. ഇത്തവണ അത് ഒരു പക്ഷെ പാമ്പാടിരാജന്‍ ആകുവാനും സാധ്യതയുണ്ട്. വടക്കും നാഥന്റെ കിഴക്കേ ഗോപുരം കടന്ന് ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്ന ദേവിയും സംഘവും ഇലഞ്ഞിച്ചോട്ടില്‍ എത്തുന്നു. തുടര്‍ന്നാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. പെരുവനം കുട്ടന്‍‌മാരാരുടെ നേതൃത്വത്തില്‍ അണിനിരക്കുന്ന ഇരുനൂറ്റമ്പതോളം കലാകാരന്മാര്‍ അവിടെ അസുരവാദ്യമായ ചെണ്ടയില്‍  താള വിസ്മയത്തിന്റെ മഹാപ്രപഞ്ചം തീര്‍ക്കുന്നു. ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി ആസ്വാകര്‍ അവര്‍ക്കൊപ്പം കൂടുന്നു. പതികാലത്തില്‍ തുടങ്ങി ആസ്വാകനെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്ന പാണ്ടിയുടെ ഉല്‍ഭവം പാണ്ടി നാട്ടില്‍ നിന്നും ആണെന്ന് പറയപ്പെടുന്നു. ചെമ്പടകൊട്ടി കലാശിച്ചതിനു ശേഷമാണ് പാണ്ടിമേളം ആരംഭിക്കുക. ഒലമ്പലും, അടിച്ചു കലാശവും, തകൃതതകൃതയും കഴിഞ്ഞ് മുട്ടിന്മേല്‍ ചെണ്ടയിലെത്തുമ്പോളേക്കും  ആസ്വാകര്‍ സ്വയം മറന്നിട്ടുണ്ടാകും. ഒടുവില്‍  പാണ്ടിയുടെ രൌദ്രസൌന്ദര്യം അതിന്റെ എല്ലാ സീമകളും കടന്ന് ഇലഞ്ഞിചോട്ടില്‍ പെരുമഴയായി പെഴിയുമ്പോള്‍ പൂരനഗരിയുടെ മനം നിറഞ്ഞ് കവിഞ്ഞിട്ടുണ്ടാകും. പെരുവനം കുട്ടന്മാരാരാണ് ഇപ്പോള്‍ ഇലഞ്ഞിത്തറമേളത്തിന്റെ പ്രമാണി.
തെക്കോട്ടിറക്കവും കുടമാറ്റവും
ഇലഞ്ഞിത്തറയില്‍ പാണ്ടിമേളം പെയ്തൊഴിയുമ്പോള്‍ പാറമേക്കാവ് ഭഗവതി പതിനഞ്ച് ആനകളുടെ അകമ്പടിയോടെ തെക്കേ ഗോപുരവാതില്‍ കടന്ന് കോര്‍പ്പറേഷന്‍ ഓഫീസിനു മുമ്പിലുള്ള മഹാരാജാവിന്റെ പ്രതിമയെ വലം വച്ച് തിരിച്ച് വരുന്നു.തൃശ്ശൂര്‍ റൌണ്ടില്‍ ഗോപുരവാതിലിനു അഭിമുഖമായി അണിനിരക്കുന്നു. അപ്പോഴേക്കും തിരുവമ്പാടി ഭഗവതിയും തെക്കേ ഗോപുരവാതില്‍ കടന്ന് അഭിമുഖമായി നിരന്നിട്ടുണ്ടാകും. മുഖാംമഖം നില്‍ക്കുന്ന ഭഗവതിമാര്‍ക്കിടയില്‍ അപ്പോള്‍ മനുഷ്യമഹാപ്രളയമായിരിക്കും. തുടര്‍ന്ന് ആനപ്പുറത്ത് നിറങ്ങളുടെ വിസ്മയക്കാഴ്ചകള്‍ തീര്‍ത്തുകൊണ്ട് കുടമാറ്റം ആരംഭിക്കും. ആകാശത്ത് വിസ്മയക്കാഴ്ചകള്‍ തീര്‍ത്ത് വര്‍ണ്ണ കുടകള്‍ നിവരുമ്പോള്‍  ആസ്വാകര്‍ ആര്‍പ്പുവിളികളോടെ ഇരു വിഭാഗത്തേയും പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കും.  ഒരു മത്സര സ്വഭാവം ഉള്ളതിനാല്‍ അതീവരഹസ്യമായാണ് കുടകളുടെ നിര്‍മ്മാണം നടക്കുന്നത്.  പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ചെമ്പട്ടിന്റെ കുടചുരുക്കി സൂര്യന്‍ അസ്തമിക്കുവോളം കുടമാറ്റം നീളും.  കുടമാറ്റത്തിനു പുറകിലുമുണ്ട് രസകരമായ മറ്റൊരു കഥ. ഒരിക്കല്‍ പൂരത്തിനു മുഖാമുഖം നില്‍ക്കുന്ന സമയത്ത് ഒരു വിഭാഗം അപ്രതീക്ഷിതമായി ആനപ്പുറത്ത് കുടകള്‍ മാറ്റി. ഇതു കണ്ട് മറുവിഭാഗം അല്പം ഒന്ന് അന്ധാളിച്ചുവെങ്കിലും ഉടനെ തന്നെ അടുത്തുണ്ടായിരുന്ന ചിലര്‍ ചൂടിയിരുന്ന ഓലക്കുടകള്‍ വാങ്ങി ആനപ്പുറമേറ്റിക്കൊണ്ട് മറുപടി നല്‍കി. ഇതേ തുടര്‍ന്നാണ് പിന്നീടുള്ള വര്‍ഷങ്ങളില്‍ കുടമാറ്റം തൃശ്ശൂര്‍ പൂരത്തിന്റെ ഭാ‍ഗമായി.
അഗ്നിയുടെ  ആകാശപ്പൂരം
വടക്കുംനാഥന്റെ തെളിഞ്ഞ മാനത്ത് അഗ്നിയുടെയും ശബ്ദത്തിന്റേയും വന്യസൌന്ദര്യം തീര്‍ത്തുകൊണ്ടാണ് വെടിക്കെട്ട് അരങ്ങേറുക. അക്ഷരാര്‍ഥത്തില്‍ അത് മറ്റൊരു ആകാശപ്പൂരം തന്നെയാണ്. കാണികള്‍ക്ക്കായി കൌതുകങ്ങള്‍ ഒളിച്ചുവെച്ച അമിട്ടുകള്‍ ഒന്നൊന്നായി ആകാശത്തേക്ക് കുതിച്ചുയരുന്നു പിന്നീട് വര്‍ണ്ണമഴയായി പെയ്യുന്നു. ഒടുവില്‍ പൂരപ്പറമ്പിനെ പ്രകമ്പനം കൊള്ളിക്കുന്ന കൂട്ടപ്പൊരിച്ചില്‍. ഗര്‍ഭമലസിയെന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഗുണ്ടുകളൊക്കെ ഇന്ന് ഓര്‍മ്മമാത്രം. ശബ്ദം കുറച്ച് വര്‍ണ്ണത്തിനു പ്രാധാന്യമുള്ള പടക്കങ്ങളാണ് ഇന്ന് കൂടുതല്‍. കലയും കെമിസ്ട്രിയും കണിശമായ അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്ത് വളരെ സൂക്ഷമതയോടെ ആണ് തൃശ്ശൂര്‍ പൂരത്തിനായി വെടിക്കെട്ട് ഒരുക്കുന്നത്. ഒരല്പം പിഴച്ചാല്‍ അത് വന്‍ ദുരന്തത്തിലേക്കാവും കൊണ്ടെത്തിക്കുക എന്ന് അണിയറക്കാര്‍ക്ക് നല്ല നിശ്ചയമുണ്ട്. ഇത്തവണ തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് ഒരുക്കുന്നത്. പൂരത്തിന്റെ രണ്ടുനാള്‍ മുമ്പേ ഉള്ള സാമ്പിള്‍ വെടിക്കെട്ട് സത്യത്തില്‍ പൂരത്തിന്റെ വെടിക്കെട്ടിനേക്കാള്‍ പ്രസിദ്ധമാണ്. പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങള്‍ മത്സരസ്വഭാവത്തോടെ ആണ് വെടിക്കെട്ടൊരുക്കുന്നത്.
ആനക്കാര്യങ്ങള്‍

തൃശ്ശൂര്‍ പൂരത്തിന്റെ പ്രൌഡിയെ നിലനിര്‍ത്തുന്നതില്‍ തലയെടുപ്പും അഴകുമുള്ള ഗജവീരന്മാരുടെ സാന്നിധ്യം പ്രത്യേകം എടുത്തു പറയേണ്ടതാണ്. മണ്മറഞ്ഞ ഗജകേസരികളായ ചെങ്ങല്ലൂ‍ര്‍ രംഗനാഥന്‍, ഗുരുവായൂര്‍ കേശവന്‍, ഗുരുവായൂര്‍ വലിയ പത്മനാഭന്‍, തിരുവമ്പാടി ചന്ദ്രശേഖരന്‍,പാറമേക്കാവ് ശ്രീപരമേശ്വരന്‍ തുടങ്ങിയവര്‍ തങ്ങളുടെ സാന്നിധ്യം കൊണ്ട് പൂരചരിത്രത്തില്‍ ഇടം പിടിച്ചവരാണ്. ഇന്നിപ്പോള്‍ തിരുവമ്പാടിയുടെ തിലകക്കുറിയായ തിരുവമ്പാടി ശിവസുന്ദര്‍ ആണ് മഠത്തില്‍ വരവിനും തെക്കോട്ടിറക്കത്തിനും തിടമ്പേറ്റുന്നത്. പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് പാറമേക്കാവ് ശ്രീപത്മനാഭനാണ്. ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുമ്പോള്‍ പാമ്പാടി രാജന്‍ ആയിരിക്കും പാറമേക്കാവിന്റെ തിടമ്പേറ്റുക. മികച്ച ആനകളുടെ വലിയ ഒരു നിരതന്നെയാണ് തൃശ്ശൂര്‍ പൂരത്തിന് അണിനിരക്കുക. ഗുരുവായൂര്‍ നന്ദന്‍, പുതുപ്പള്ളി കേശവന്‍, ചെമ്പൂത്ര ദേവീദാസന്‍, ചിറക്കല്‍ കാളിദാസന്‍, വൈലാശ്ശേരി അര്‍ജ്ജുനന്‍, കുട്ടന്‍ കുളങ്ങര അര്‍ജ്ജുനന്‍, മനുസ്വാമി മഠം ആദിനാരായണന്‍,ബാസ്റ്റ്യന്‍ വിനയ ചന്ദ്രന്‍ തുടങ്ങിയ പ്രമുഖ ഗജവീരന്മാര്‍ ഇത്തവണത്തെ പൂരത്തിന്റെ ഭാഗമാകുന്നു. എങ്കിലും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന കേരളത്തിലെ ഏറ്റവും വലിയ ആനയുടെ അസാന്നിധ്യം ആനപ്രേമികളെ നിരാശരാക്കുന്നുമുണ്ട്.

പറഞ്ഞാല്‍ തീരത്തതാണ് പൂരത്തിന്റെ പെരുമയും കഥകളും.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on പറഞ്ഞാല്‍ തീരാത്ത പൂരപ്പെരുമയിലൂടെ

സിമി സാന്നിധ്യം കേരളത്തില്‍ തുടരുന്നു

April 30th, 2012
simi-epathram
തിരുവനന്തപുരം: നിരോധിത സംഘടനയായ സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി)യുടെ സാന്നിധ്യം കേരളത്തില്‍ തുടരുന്നതായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു സത്യവാങ്ങ് മൂലം നല്‍കി. സിമിയുമായി ബന്ധപ്പെട്ടുള്ള തെളീവുകള്‍ ശേഖരിക്കുവന്‍ മെയ് 3 മുതല്‍ 5  വരെ ഡല്‍ഹി ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയായ വി. കെ. ഷാലിയുടെ നേതൃത്വത്തില്‍ ഉള്ള ട്രൈബ്യൂണല്‍ തിരുവനന്തപുരത്ത് സിറ്റിങ് നടത്തുന്നുണ്ട്. ഈ ട്രൈബ്യൂണലില്‍ സമര്‍പ്പിക്കുവാന്‍ കേരളം തയ്യാറാക്കിയ സത്യവാങ്ങ്മൂലത്തിലാണ് സിമിയുടെ സാന്നിധ്യം കേരളത്തിലുണ്ടെന്നും നിരോധനം നീട്ടണമെന്നും കേരളം പറഞ്ഞിരിക്കുന്നത്. 2008നു ശേഷം തൊടുപുഴ ന്യൂമാന്‍സ് കോളേജ് അധ്യാപകന്റെ കൈവെട്ടിയ കേസുള്‍പ്പെടെ സിമിയുടെ സാന്നിധ്യം സംശയിക്കുന്ന എട്ടോളം സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടായതായും ചില രാഷ്ടീയ പാര്‍ട്ടികളില്‍ സിമിയുടെ പഴയ കാല പ്രവര്‍ത്തകര്‍ നുഴഞ്ഞു കയറി പ്രവര്‍ത്തിക്കുന്നതായും ചൂണ്ടിക്കാട്ടുന്നു. ഈയ്യിടെ വിവാദമായ ഈമെയില്‍ ചോര്‍ത്തല്‍ സംഭവത്തിലും സിമി സാന്നിധ്യം സംശയിക്കപ്പെടുന്നുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

Comments Off on സിമി സാന്നിധ്യം കേരളത്തില്‍ തുടരുന്നു

എം. വി രാഘവന്‍ യു. ഡി. എഫ് വിടാന്‍ സാദ്ധ്യത

April 30th, 2012

mv-raghavan-epathram

തിരുവനന്തപുരം: യു. ഡി. എഫിലെ മുസ്‌ലിം ലീഗ് അപ്രമാദിത്വത്തില്‍ പ്രതിഷേധിച്ച് സി. എം. പിക്ക് അനുവദിച്ച ബോര്‍ഡ് കോര്‍പ്പറേഷന്‍ ചെയര്‍മാന്മാരെയും അംഗങ്ങളെയും പിന്‍വലിക്കുകയാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം. വി. രാഘവന്‍ പറഞ്ഞു. എം. വി രാഘവന്‍ മുന്നണി വിടുന്നതിന്റെ മുന്നോടിയായാണ് സി. എം. പിക്ക് ലഭിച്ച ബോര്‍ഡ് ചെയര്‍മാന്മാരെ പിന്‍വലിക്കുന്നത് എന്ന് അറിയുന്നു. മുന്നണിക്കകത്ത് കൂട്ടുത്തരവാദിത്വം നഷ്ടമായി, മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മാത്രം ചേര്‍ന്നാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഈ രീതിയില്‍ മുന്നോട്ടുപോകാനാവില്ല അദ്ദേഹം പറഞ്ഞു. ബോര്‍ഡ് കോര്‍പ്പറേഷന്‍ ചെയര്‍മാന്മാരുടെയും അംഗങ്ങളുടെയും രാജിക്കത്ത് എഴുതിവാങ്ങിയിട്ടുണ്ട്, ഇക്കാര്യം ചൂണ്ടിക്കാട്ടി തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും എം. വി. രാഘവന്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on എം. വി രാഘവന്‍ യു. ഡി. എഫ് വിടാന്‍ സാദ്ധ്യത

സര്‍വ്വകലാശാലയുടെ തലപ്പത്ത് പെരും‌കള്ളന്മാര്‍: കെ. മുരളീധരന്‍ എം. എല്‍. എ

April 29th, 2012
MURALEEDHARAN-epathram
കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ തലപ്പത്ത് ചില പെരുങ്കള്ളന്മാര്‍ ഇരിക്കുന്നുവെന്ന് കെ. മുരളീധരന്‍ എം. എല്‍. എ. ഭൂമി ദാനവുമായി ബന്ധപ്പെട്ട് കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ തന്നെ സംശയത്തിന്റെ നിഴലിലാണെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരുവാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദെഹം ആവശ്യപ്പെട്ടു. സര്‍വ്വകലാശാലയുടെ ഏക്കറുകണക്കിനു ഭൂമി ലീഗ് നേതാക്കന്മാര്‍ ഉള്‍പ്പെട്ട ചില ട്രസ്റ്റുകള്‍ക്കും ഏജന്‍സികള്‍ക്കും നല്‍കുവാനുള്ള തീരുമാനം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു കെ. മുരളീധരന്റെ പ്രതികരണം.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on സര്‍വ്വകലാശാലയുടെ തലപ്പത്ത് പെരും‌കള്ളന്മാര്‍: കെ. മുരളീധരന്‍ എം. എല്‍. എ

ആ‍‌വേശം വിതറുവാന്‍ അനിന്‍ മാരാര്‍

April 29th, 2012
aniyan maarar-epathram
തൃശ്ശൂര്‍ പൂരത്തിനെത്തുന്ന മേളക്കമ്പക്കാരെ സംബന്ധിച്ച് പാണ്ടിമേളം എന്നാല്‍ മനസ്സിലേക്ക് ആദ്യമെത്തുക മെലിഞ്ഞു നീണ്ട വിനിയാന്വിതനായ കിഴക്കൂട്ട് അനിയന്‍ മാരാരുടെ മുഖമാണ്. പെരുവനത്തിന്റെ നേതൃത്വത്തിലുള്ള ഇലഞ്ഞിത്തറമേളത്തിന്റെ മാറ്റൊലികള്‍ അവസാനിക്കും മുമ്പേ മറ്റൊരു മേളവിസ്മയത്തിനു തിരികൊളുത്തിയിട്ടുണ്ടാകും ഈ അനുഗ്രഹീതകലാകാരന്‍. എട്ടുകൊല്ലം മേളപ്രമാണിയായിരുന്ന മട്ടന്നൂര്‍ എന്ന അതികായന്‍ ഒഴിഞ്ഞപ്പോള്‍ ഇനിയാരെന്ന ചോദ്യത്തിനു മറുപടിയുമായാണ് അനിയന്‍ മാരാ‍ര്‍ തിരുവമ്പാടിയുടെ മേളപ്രമാണിയായത്. ചെണ്ടയില്‍ വീഴുന്ന ഓരോ കോലും പുറപ്പെടുവിക്കുന്ന ശബ്ദത്തെ സൂക്ഷമായി വിശകലനം ചെയ്യുന്ന തൃശ്ശൂരിലെ മേളക്കമ്പക്കാര്‍ക്കിടയില്‍ പാണ്ടിയുടെ ശാബ്ദ സൌന്ദര്യം ഒട്ടും ചോര്‍ന്നു പോകാതെ  ഇരുന്നൂറ്റമ്പതോളം കലാകാരന്മാരെ അണി നിരത്തിക്കൊണ്ട് മേളത്തെ നിയന്ത്രിക്കുക എന്നത് ചിന്തിക്കുന്നതിലും അപ്പുറമാണ്.
വാദ്യകലാ പാരമ്പര്യമുള്ള കുടുംബത്തില്‍ പരിയാരത്ത് കൃഷ്ണന്‍ കുട്ടിമാരാരുടേയും കിഴക്കൂട്ട് കാളിക്കുട്ടി മാരസ്യാരുടേയും മകനായി ജനിച്ച അനിയന്‍ മാരാരെ അമ്മാവന്‍ ഈശ്വരന്‍ മാരാരാണ് മേളവിസ്മയത്തിന്റെ അനന്തമായ ലോകത്തെക്ക് കൈപിടിച്ച് ആനയിച്ചത്. അമ്മാവനെ കൂടാതെ പരിയാരത്ത് കുഞ്ഞന്‍  മാരാരില്‍ നിന്നും പഠിച്ചിട്ടുണ്ട്. പതിനൊന്നാം വയസ്സില്‍ നെറ്റിശ്ശേരി ക്ഷേത്രത്തില്‍ ആയിരുന്നു അരങ്ങേറ്റം. മേളത്തെ ജീവിത തപസ്യയാക്കി മാറ്റിയതിലൂടെ ഗുരുക്കന്മാരില്‍ നിന്നും പകര്‍ന്നു കിട്ടിയതിനപ്പുറം പലകാതം മുന്നേറുവാന്‍ അദ്ദേഹത്തിനായി. ഇരുന്നു പാണ്ടി, കൊട്ടി വാചകം പൂക്കല്‍ തുടങ്ങിയവയില്‍ അനിയന്മാരാര്‍ക്ക് പ്രത്യേക പ്രാഗല്‍ഭ്യമുണ്ട്. കൂടാതെ ചെമ്പട, പഞ്ചാരി, ദ്രുവം, അടന്ത അഞ്ചടന്ത എന്നിവയിലും അനിയന്‍ മാരാര്‍ അതീവ നിപുണനാണ്.
പതിനേഴാം വയസ്സില്‍ പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തില്‍ ആദ്യമായി പങ്കെടുത്തു. ഗുരുവായൂര്‍, തിരുവില്വാമല, ചാത്തക്കുടം, എടക്കുന്നി മണപ്പുള്ളിക്കാവ് തുടങ്ങി പല പ്രസിദ്ധമായ ക്ഷേത്രങ്ങളിലും അനിയന്മാരാര്‍ പതിവുകാരനാണ്.  കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ഈ മേളപ്രമാണിയെ തേടിയെത്തിയിട്ടുണ്ട്. വിശ്വപ്രസിദ്ധമായ പൂരത്തിനു അമരക്കാരനാകുക എന്നത് ഏതൊരു കലാകാരനേയും അല്പം ഒന്ന് അഹങ്കാരിയാക്കും എന്നാല്‍ എല്ലാം ഈശ്വരാനുഗ്രം എന്നു പറഞ്ഞു കൊണ്ട് പ്രശംസാ വാചകങ്ങള്‍ക്കും അനുമോദനങ്ങള്‍ക്കും മുമ്പില്‍ ഈ വലിയ കലാകാരന്‍ വിനയാന്വിതനാകും.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on ആ‍‌വേശം വിതറുവാന്‍ അനിന്‍ മാരാര്‍


« Previous Page — « Previous « തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്
Next » — Next Page » സര്‍വ്വകലാശാലയുടെ തലപ്പത്ത് പെരും‌കള്ളന്മാര്‍: കെ. മുരളീധരന്‍ എം. എല്‍. എ »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine