തൊടുപുഴ: മുല്ലപ്പെരിയാര്‍ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഇടുക്കി ജില്ലയില്‍ യു. ഡി. എഫും എല്‍. ഡി. എഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ ബോധ്യപ്പെടുത്തുക, പുതിയ ഡാം ഉടനെ പണിയുക, പക്വമായ തീരുമാനം ഉണ്ടാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ഹര്‍ത്താല്‍. ദേശീയപാതയില്‍ കിലോമീറ്ററുകളോളം വാഹനങ്ങള്‍ തടഞ്ഞിട്ടിരിക്കയാണ്. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന വാഹനങ്ങളൊന്നും കടത്തിവിടുന്നില്ല. അയ്യപ്പഭക്തരടക്കം ആയിരകണക്കിനാളുകള്‍ വഴിയില്‍ കുടുങ്ങികിടക്കുകയാണ്. ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്. കടകള്‍ ഒന്നും തുറന്നിട്ടില്ല. ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ചൊവ്വാഴ്ച ബി. ജെ. പിയും. ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ചൊവ്വാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.