- എസ്. കുമാര്‍
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടന കേസിലെ പ്രതി പി.ഡി.പി നേതാവ് അബ്‌ദുള്‍ നാസര്‍ മഅ്‌ദനിയുടെ ജാമ്യാപേക്ഷ തളളി. കര്‍ണ്ണാടക ഹൈക്കോടതിയാണ് അപേക്ഷ തളളിയത്. മഅ്‌ദനിക്കെതിരെയുളള കേസ് അങ്ങേയറ്റം ഗൗരവമുളളതാണെന്നും പ്രഥമദൃഷ്‌ട്യ കേസ് നിലനില്‍ക്കുന്നതാണെന്നും കോടതി പറഞ്ഞു. ഇത്തരം കേസുകളില്‍ പ്രതിയായവര്‍ക്ക് ഈ സമയത്ത് ജാമ്യം നല്‍കാവാന്‍ കഴിയില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് വി. ജഗനാഥന്‍ ഉത്തരവിട്ടു. അതോടൊപ്പം മഅദനിക്ക് ജയിലില്‍ മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് സര്‍ക്കാറിനു നിര്‍ദേശം നല്കിയിട്ടുണ്ട്.
ബാംഗ്ലൂര്‍ സെഷന്‍സ് കോടതി സപ്തംബര്‍ 13നു ജാമ്യഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് ഡിസംബര്‍ 13നാണ് മഅദനി കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയത്. അതേസമയം, ജാമ്യഹര്‍ജി തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മഅദനിയുടെ അഭിഭാഷകന്‍ പി. ഉസ്മാന്‍ പറഞ്ഞു. രണ്ട് മണിക്കൂര്‍ നീണ്ട വിധി പ്രഖ്യാപനത്തില്‍ സുപ്രീം കോടതിയടക്കം വിവിധ കോടതികളുടെ സമാന്തര ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വി. ജഗനാഥന്‍ ജാമ്യഹര്‍ജി തള്ളിയത്. ജാമ്യത്തിനെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങള്‍ അംഗീകരിച്ച ഹൈക്കോടതി രാജ്യസുരക്ഷയ്‌ക്കെതിരെ നടന്ന ഗൂഢാലോചനയില്‍ മഅദനിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വിലയിരുത്തി. ബാംഗ്ലൂര്‍ സ്‌ഫോടനം ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. കേസിലെ പ്രതികള്‍ രാജ്യത്തുണ്ടായ മറ്റു സ്‌ഫോടനങ്ങളിലും പ്രതികളാണ്. സ്‌ഫോടന ഗൂഢാലോചനയില്‍ മഅദനിക്കുള്ള പങ്ക് വ്യക്തമാക്കുന്നതിനുള്ള തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണസംഘത്തിനു കഴിഞ്ഞിട്ടുണ്ട്.
കേസില്‍ ഒന്നാം പ്രതിയായ തടിയന്റവിട നസീറുമായി സ്‌ഫോടനത്തിനു മുമ്പും ശേഷവും മഅദനി ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട് . രാജ്യ ദ്രോഹപരമായ കുറ്റകൃത്യം അറിഞ്ഞിട്ടും അത് വെളിപ്പെടുത്താതിരിക്കുന്നവര്‍ കുറ്റകൃത്യം നടപ്പാക്കുന്നവരെപ്പോലെതന്നെ കുറ്റവാളികളാണെന്ന് മുന്‍കാല സുപ്രീംകോടതി ഉത്തരവുകള്‍ പരാമര്‍ശിച്ച് കോടതി വിലയിരുത്തി. മഅദനിക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. കേസിലെ പ്രധാന സാക്ഷികളായ റഫീക്ക്, യോഗാനന്ദ എന്നിവരെ സ്വാധീനിക്കാന്‍ ശ്രമിച്ച തെഹല്‍ക്ക കേരള പ്രതിനിധി ഷാഹിനയ്‌ക്കെതിരെ നിയമ വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം കേസെടുത്ത കാര്യം കോടതി പ്രത്യേകം ചൂണ്ടിക്കാട്ടി . ജയിലില്‍ കഴിയുമ്പോള്‍ മഅദനി പ്രധാന സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനു തെളിവുണ്ട്. മാത്രമല്ല, കേസിലെ പ്രധാന പ്രതികളുമായി മഅദനി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ട്.
2007 ജൂലായ് മുതല്‍ 2008 ജൂണ്‍ വരെ മഅദനി നടത്തിയ ഫോണ്‍വിളികള്‍ സംബന്ധിച്ച വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം പിഴവില്ലാത്തതാണെന്നും മഅദനിക്കെതിരെ തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷനു വേണ്ടി സംസ്ഥാന അഡ്വക്കേറ്റ് ജനറല്‍ അശോക് ഹരനഹള്ളിയായിരുന്നു ഹാജരായത്. ബാംഗ്ലൂരിലെ പ്രമുഖ നിയമ ഗ്രൂപ്പായ ഹെഗ്‌ഡെ അസോസിയേറ്റ്‌സിലെ അഭിഭാഷകരായ ഉസ്മാനും മുതിര്‍ന്ന അഭിഭാഷകനായ ബി.വി. ആചാര്യയോടൊപ്പം കോടതിയില്‍ ഹാജരായിരുന്നു.
-
വായിക്കുക: അഴിമതി, കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, തട്ടിപ്പ്, തീവ്രവാദം, പോലീസ്, പോലീസ് അതിക്രമം, വിവാദം, സാമ്പത്തികം
കൊച്ചി: സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയായ വല്ലാര്‍പ്പാടം രാജ്യാന്തര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍ പ്രധാനമന്ത്രി രാഷ്ട്രത്തിനും കേരള ജനതക്കും സമര്‍പ്പിച്ചു. വികസനകാര്യത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകണമെന്നും പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് അഭ്യര്‍ത്ഥിച്ചു. വ്യവസായ വികസനത്തില്‍ മുന്‍പന്തിയില്‍ എത്തിക്കുന്നതിനു സമ്പന്നമായ മനുഷ്യവിഭവശേഷിയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കേരളം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സവിശേഷതകളെ ഉപയോഗിക്കാത്തതിന് ഒരു ന്യായീകരണമില്ല.
മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയായി കേരളം മാറണം. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയില്‍ വന്‍ തരംഗമുണര്‍ത്തുന്ന വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് രാഷ്ട്രത്തിനു സമര്‍പ്പിച്ചപ്പോള്‍ കേരളത്തിനത് അഭിമാനനിമിഷം കൂടിയായി.
കേരളത്തോടു കേന്ദ്രസര്‍ക്കാരിനുള്ള പ്രതിബദ്ധതയുടെ പ്രതീകമാണു വല്ലാര്‍പാടം കണെ്ടയ്‌നര്‍ ടെര്‍മിനലെന്നു പ്രധാനമന്ത്രി പറഞ്ഞു. പൊതുമേഖല-സ്വകാര്യ പങ്കാളിത്തം പൊതുനന്മയ്ക്ക് എങ്ങനെ പ്രയോജനകരമാകുമെന്നതിന്റെ ദൃഷ്ടാന്തമാണു പദ്ധതി. ഐക്യ അറബ് എമിറേറ്റ്‌സ് അടക്കം പശ്ചിമേഷ്യയിലെ നമ്മുടെ അയല്‍ക്കാരുമായി നാം ആഗ്രഹിക്കുന്ന അടുത്ത ബന്ധം എന്നെന്നും നിലനില്‍ക്കുമെന്നതിന്റെ സൂചകം കൂടിയാണിത്.
സാമ്പത്തിക-ലോജിസ്റ്റിക്കല്‍ ഹബ്ബായി കൊച്ചിയെ വികസിപ്പിക്കാനുള്ള സമഗ്രപദ്ധതിയുടെ ആണിക്കല്ലായും ഇതു തീരും. ഈ ടെര്‍മിനല്‍ സജ്ജമായതോടെ നമ്മുടെ കയറ്റുമതിക്കാര്‍ക്കു മെയിന്‍ലൈന്‍ കണെ്ടയ്‌നര്‍ കപ്പലുകള്‍ക്കായി കൊച്ചിയിലേക്ക് എത്തിയാല്‍ മതി. ഭാവിയില്‍ തുറമുഖാധിഷ്ഠിതമായ നിരവധി സേവന വ്യവസായങ്ങള്‍ ഇവിടെ വികസിക്കും. കൊച്ചി തുറമുഖ ട്രസ്റ്റിന്റെ സ്ഥലത്തു നിര്‍മാണത്തിലിരിക്കുന്ന ആധുനിക എല്‍എന്‍ജി ഇറക്കുമതി, റീഗ്യാസിഫിക്കേഷന്‍ കേന്ദ്രം 2012 മാര്‍ച്ചിനകം പ്രവര്‍ത്തനസജ്ജമാ കും. 2013 ഒക്‌ടോബര്‍ ഒന്നിനു മുമ്പു പദ്ധതി പൂര്‍ണമായും കമ്മീഷന്‍ ചെയ്യും- പ്രധാനമന്ത്രി പറഞ്ഞു.
പൗരപ്രമുഖരും സാമൂഹിക സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെസമാദരണീയരുമട ങ്ങുന്ന പ്രൗഢസദസിനെ സാക്ഷിയാക്കിയായിരുന്നു അറബിക്കടലിന്റെ റാണിക്കു മഹനീയ കിരീടധാരണം. മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന ടെര്‍മിനല്‍ വികസന പദ്ധതിയുടെ ആദ്യഘട്ടമാണ് ഇന്നലെ കമ്മീഷന്‍ ചെയ്തത്. ഇതോടെ കൊളംബോ, ദുബായി, സിംഗപ്പൂര്‍, ഹോങ്കോംഗ് തുടങ്ങിയ രാജ്യാന്തര ട്രാന്‍സ്ഷിപ്‌മെന്റ് കണെ്ടയ്‌നര്‍ ടെര്‍മിനലുകളോടു കിടപിടിക്കുന്ന തുറമുഖമായി കൊച്ചി മാറി. കണെ്ടയ്‌നര്‍ ടെര്‍മിനലിനൊപ്പം പുതിയ റോഡിന്റെയും റെയിലിന്റെയും ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. വല്ലാര്‍പാടം ടെര്‍മിനലിന്റെ ആദ്യഘട്ടം രാജ്യത്തിനും കേരളത്തിലെ ജനങ്ങള്‍ക്കും സമര്‍പ്പിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡപ്യൂട്ടി ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ സായിദ് അല്‍ മഖ്തൂം എന്നിവര്‍ ആമുഖപ്രസംഗം നടത്തി.
കേരളത്തിന്റെ മാത്രമല്ല, ദക്ഷിണേന്ത്യയുടെതന്നെ വികസനചരിത്രത്തില്‍ ഇതൊരു സുദിനമാണെ ന്നു വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. സ്ഥലം വിട്ടുനല്കിയ എല്ലാവരോടും നന്ദി രേഖപ്പെടുത്തിയ മുഖ്യമന്ത്രി ആ കുടുംബങ്ങളില്‍നിന്നുള്ളവര്‍ക്കു പദ്ധതിയില്‍ തൊഴില്‍ നല്കണമെന്നും ആവശ്യപ്പെട്ടു. എല്‍എന്‍ജി ടെര്‍മിനല്‍ യഥാസമയം കമ്മീഷന്‍ ചെയ്യണം. ദ്രവീകൃത പ്രകൃതിവാതകത്തിന്റെ അലോട്ട്‌മെന്റില്‍ കേരളത്തിനു പ്രത്യേക പരിഗണന നല്കി ന്യായവില നിശ്ചയിക്കണം. മെട്രോ റെയില്‍ പദ്ധതിക്കു കേന്ദ്രത്തിന്റെ പച്ചക്കൊടി ലഭിക്കാന്‍ പ്രധാനമന്ത്രി ഇടപെടണം.
പാലക്കാട്ട് കോച്ച് ഫാക്ടറിയുടെ കാര്യത്തിലും ഇടപെടണമെന്ന് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കേന്ദ്ര ഷിപ്പിംഗ് മന്ത്രി ജി. കെ. വാസന്‍ സ്വാഗതം പറഞ്ഞു. ഗവര്‍ണര്‍ ആര്‍.എസ്. ഗവായി, കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി, വ്യോമയാന മന്ത്രി വയലാര്‍ രവി, ഉപരിതല ഗതാഗത മന്ത്രി സി.പി. ജോഷി, സഹമന്ത്രിമാരായ പ്രഫ.കെ.വി. തോമസ്, മുകുള്‍ റോയ്, കെ.സി. വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ. അഹമ്മദ്, യുഎഇ വിദേശ വ്യാപാരമന്ത്രി ഷെയ്ഖാ ലുബ്‌ന അല്‍ഖ്വാസിമി തുടങ്ങിയവര്‍ പങ്കെടുത്തു.
-
പെരുമ്പാവൂര്‍ : യുവതിയെയും ഭര്‍ത്താവിനെയും പറ്റി അപവാദ പരമായ വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ഭീഷണി പ്പെടുത്തി പണം തട്ടിയെടുക്കുവാന്‍ ശ്രമിക്കുകയും ചെയ്ത പാസ്റ്റര്‍ അറസ്റ്റില്‍. പെന്തക്കോസ്ത് വിഭാഗം പാസ്റ്ററായ പെരുമ്പാവൂര്‍ തുരുത്തിപ്പിള്ളി ആനന്ദ് ഭവനില്‍ ടി. എസ്. ബാലനെ (54) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മകന്‍ അനീഷ് ഒളിവിലാണ്. ഇയാളുടെ സുഹൃത്തും സഹപ്രവര്‍ത്ത കനുമായ തോമസ് കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പാസ്റ്റര്‍ ബാലനും മകനും നടത്തുന്ന “ദി ഡിഫെന്റര്‍“ എന്ന മാസികയില്‍ തോമസ് കുട്ടിക്കും ഭാര്യക്കും എതിരെ അപകീര്‍ത്തി കരമായ വാര്‍ത്ത കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് ഇന്റര്‍നെറ്റിലും വന്നു. താന്‍ ഇനിയും വാര്‍ത്തകളും ചിത്രങ്ങളും പ്രസിദ്ധീകരി ക്കുമെന്നും പ്രസിദ്ധീകരി ക്കാതിരിക്ക ണമെങ്കില്‍ പണം നല്‍കണമെന്നും പാസ്റ്റര്‍ ബാലന്‍ ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു. മതം മാറി പാസ്റ്ററായ ബാലനെതിരെ മുന്‍പും അപകീര്‍ത്തി കരമായ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചതിനു കേസുണ്ടായിട്ടുണ്ട്.
പരാതിയെ തുടര്‍ന്ന് പാസ്റ്റര്‍ ബാലനും മകനും ഒളിവിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇയാള്‍ വീട്ടില്‍ എത്തിയതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പാസ്റ്റര്‍ ബാലന്റെ അറസ്റ്റു വൈകുന്നതില്‍ നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. ഇയാളുടെ വീട്ടില്‍ നിന്നും കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
- എസ്. കുമാര്‍
വായിക്കുക: തട്ടിപ്പ്, പീഡനം, പോലീസ്, മനുഷ്യാവകാശം, വിവാദം, സ്ത്രീ