പൊന്നറ നഗറിലെ 116 റാം നമ്പര്‍ വീട്ടില്‍ നിറഞ്ഞ ചിരിയുമായി ഡോ. ടി. എന്‍. സീമ ടീച്ചര്‍ എം. പി. എത്തി. കാര്യമറിയാതെ പകച്ചു നിന്ന ഷാജിയുടെ കൈ പിടിച്ചു കുലുക്കി ടീച്ചര്‍ അറിയിച്ചത് ഷാജിയുടെ മികച്ച എസ്. എസ്. എല്‍. സി. എ. ലെവല്‍ പരീക്ഷാ ഫലമാണ് . ഓല മേഞ്ഞ കുടിലില്‍ സന്തോഷത്തിന്റെ ആര്‍പ്പു വിളി. തുടര്‍ പഠനത്തിന് പിന്തുണയറിയിച്ച് ടീച്ചര്‍ മടങ്ങുമ്പോഴും ഷാജിയുടെ അമ്പരപ്പു മാറിയിരുന്നില്ല.
ഫോര്‍ട്ടു ഹൈസ്ക്കൂളിലെ അവധി ദിനങ്ങളെ സജീവമാക്കുന്നത് സാക്ഷരതാ മിഷന്‍ സംഘടിപ്പിക്കുന്ന പത്താം തരം തത്തുല്യം എ ലെവല്‍ ക്ലാസുകളാണ്. വിവിധ കാരണങ്ങളാല്‍ പഠനം പൂര്‍ത്തി യാക്കാനാകാത്ത ഒരു പാടു പേര്‍ പ്രായഭേദമേന്യേ ഈ ക്ലാസുകളില്‍ പങ്കെടുക്കുന്നു.
കഴിഞ്ഞ പത്തു മാസങ്ങളിലായി ഒരു ദിവസം പോലും മുടങ്ങാതെ ക്ലാസിലെത്തുന്ന ഒരു ചെറുപ്പക്കാരനുണ്ട്. പോളിയോ തളര്‍ത്തിയ ശരീരമെങ്കിലും തന്റെ മൂന്നു ചക്രങ്ങളുള്ള സൈക്കിളില്‍ വള്ളക്കടവി നടുത്തുള്ള വീട്ടില്‍ നിന്നും ആവശത കള്‍ക്കവധി നല്‍കി ഷാജി ക്ലാസിലെത്തുന്നു. പോളിയോ സമ്മാനിച്ച വിഷമതകള്‍ക്കു പുറമേ തികച്ചും പ്രതികൂലമായ ജീവിത സാഹചര്യങ്ങള്‍; ഇതിനിടയില്‍ എവിടെയോ മുടങ്ങിപ്പോയ പഠനം.
1996 ല്‍ ഫോര്‍ട്ട് ഹൈസ്ക്കൂളില്‍ എസ്. എസ്. എല്‍. സി. ക്കു പഠിക്കുമ്പോഴാണ് ഷാജിയുടെ അമ്മ ഹൃദ്രോഗവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. അതോടെ പഠനം മുടങ്ങി. തെങ്ങു കയറ്റ ക്കാരനായിരുന്ന അച്ഛന്റെ വരുമാനം കൊണ്ട് പഠന ചിലവ് നടക്കുമാ യിരുന്നില്ല. അതോടെ പഠനം വഴി മുട്ടി.
എസ്. എസ്. എല്‍. സി. വിജയി ക്കണമെന്ന ഉറച്ച ആഗ്രഹമാണ് ഷാജിയെ തത്തുല്യം ക്ലാസിലെത്തിച്ചത്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിക്കപ്പെട്ട തത്തുല്യം പരീക്ഷാ ഫലം ഷാജിക്ക് തികഞ്ഞ സന്തോഷവും അഭിമാനവുമാണ് സമ്മാനിച്ചത്. മുന്നൂറ്റി മുപ്പത്തിയാറു മാര്‍ക്കു നേടി ഷാജി മാതൃകയായി. പ്ലസ് റ്റു വിനു ചേരണമെന്നാണ് ഷാജിയുടെ ആഗ്രഹം. അങ്ങനെ ഒരു സര്‍ക്കാര്‍ ഉദ്യോഗവും ഷാജി സ്വപ്നം കാണുന്നു. പരിശ്രമവും അധ്യാപകരുടെയും കൂട്ടുകാരുടേയും പിന്തുണയുമാണ് തന്റെ വിജയത്തിനു പിന്നിലെന്ന് ഷാജി പറഞ്ഞു.
എ ലെവല്‍ സ്റ്റുഡന്‍സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ രതീഷ് വെണ്‍പാലവട്ടവും സീമ ടീച്ചര്‍ക്കൊപ്പം ഉണ്ടായിരുന്നു.