തൊടുപുഴ : തൊടുപുഴയിലെ ന്യൂമാന്‍ കോളേജ് അധ്യാപന്‍ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ പ്രധാന പ്രതിയെന്ന് കരുതുന്ന യൂനുസിനെ പോലീസ് അറസ്റ്റ് ചെയ്തു. പി. എന്‍. ഉണ്ണി രാജയുടെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ പിടിയിലായത് കേസിനു നിര്‍ണ്ണായക വഴിത്തിരിവാകും. പാലക്കാട്ടു നിന്നുമാണ് ഇയാളെ പിടികൂടി യതെന്നാണ് സൂചന. വിശദമായ ചോദ്യം ചെയ്യലിനു ശേഷമേ സംഭവത്തിനു പുറകിലെ കൂടുതല്‍ വിവരങ്ങള്‍ വെളിവാകൂ.
ഏതാനും ദിവസം മുന്‍പാണ് പള്ളിയില്‍ നിന്നും പ്രാര്‍ഥന കഴിഞ്ഞു മടങ്ങുകയായിരുന്ന അധ്യാപകന്റെ കൈ ഒരു സംഘം വെട്ടി മാറ്റിയത്. അറ്റു പോയ കൈപ്പത്തി പിന്നീട് ശസ്ത്രക്രിയ യിലൂടെ തുന്നിച്ചേര്‍ത്തു. അധ്യാപകന്‍ ഇപ്പോഴും ചികിത്സയിലാണ്.



കണ്ണൂര്‍ : പാപ്പിനിശ്ശേരിയിലെ വിവാദ കണ്ടല്‍ പാര്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൂട്ടി. രാവിലെ കണ്ടല്‍ പാര്‍ക്ക് സംബന്ധിച്ച് പ്രതിപക്ഷം നിയമ സഭയില്‍ അടിയന്തിര പ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നു. പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കുവാന്‍ ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര നിര്‍ദ്ദേശം ജില്ലാ കളക്ടര്‍ക്ക് കൈമാറി യതായി മുഖ്യമന്ത്രി നിയമ സഭയെ അറിയിച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തിര പ്രമേയത്തിനു അവതരണാനുമതി നിഷേധിച്ചു. കളക്ടറുടെ നിര്‍ദ്ദേശം അനുസരിച്ച് തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ച് പാര്‍ക്കിന്റെ ഉടമകള്‍ക്ക് നോട്ടീസ് നല്‍കുകയും പാര്‍ക്ക് പൂട്ടി സീല്‍ ചെയ്യുകയും ചെയ്തു.
പെരിന്തല്‍മണ്ണ : പ്രസിദ്ധ കഥകളി ആചാര്യന്‍ കോട്ടക്കല്‍ ശിവരാമന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. പെരിന്തല്‍ മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന അദ്ദേഹത്തെ പിന്നീട് വീട്ടിലേയ്ക്ക് കൊണ്ടു വരികയായിരുന്നു. വീട്ടില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.

























