
കോട്ടയം : വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ തന്റെ മകള്‍ ലക്ഷ്മി മത്സരിക്കില്ലെന്ന് കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി വ്യക്തമാക്കി. നേരത്തെ ഇവരെ കോട്ടയം മണ്ഡലത്തില്‍ മത്സരിപ്പിക്കുവാന്‍ നീക്കങ്ങള്‍ നടന്നിരുന്നു. മുന്‍പ് മേഴ്സി രവി വിജയിച്ച മണ്ഡലമായതിനാല്‍ ഇത് തിരിച്ചു പിടിക്കുവാന്‍ എന്ന പേരിലായിരുന്നു ഇത്. എന്നാല്‍ ഒരു വിഭാഗം പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ഈ പിന്മാറ്റം.
കോട്ടയം ഡി. സി. സി. പ്രസിഡണ്ട് നേരത്തെ തയ്യാറാക്കിയ പട്ടികയിലും ലക്ഷ്മിയുടെ പേര്‍ ഉണ്ടായിരുന്നില്ല. ഇറക്കുമതി സ്ഥാനാര്‍ഥികളെ തങ്ങള്‍ക്ക് വേണ്ടെന്ന് മണ്ഡലം കമ്മറ്റികളും യൂത്ത് കോണ്‍ഗ്രസ്സും വ്യക്തമാക്കി യതോടെ മകള്‍ മത്സരിക്കുന്നത് തിരിച്ചടിയാകും എന്ന് ബോധ്യമായതാവും പിന്മാറ്റത്തിന്റെ കാരണം എന്ന് കരുതപ്പെടുന്നു. മുന്‍പ് കെ.കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ഇത് പോലെ മത്സരിച്ച് പരാജയപ്പെട്ട അനുഭവം കോണ്‍ഗ്രസ്സില്‍ ഉണ്ട്.




കണ്ണൂര്‍: അങ്കത്തിനിറങ്ങുന്നത് എം. വി. ആര്‍. എന്ന പഴയ പടക്കുതിര യാകുമ്പോള്‍ ഇത്തവണ കണ്ണൂരിലെ അഴീക്കോട് മണ്ഡലത്തിലെ മത്സരം കടുക്കും. സി. പി. എമ്മില്‍ നിന്നും പുറത്താക്കിയ ശേഷം ആദ്യമായി എം. വി. രാഘവന്‍ 1987-ല്‍ മത്സരിച്ചതും ഈ മണ്ഡലത്തില്‍ ആയിരുന്നു. അന്ന് എം. വി. ആറിനോട് പൊരുതുവാന്‍ പാര്‍ട്ടി കളത്തിലിറക്കിയത് അദ്ദേഹത്തിന്റെ ശിഷ്യരില്‍ കേമനായിരുന്ന ഇ. പി. ജയരാജനെ തന്നെ ആയിരുന്നു. രാഷ്ടീയത്തിന്റെ അടവും തടയും പഠിപ്പിച്ച ഗുരുവിനു മുമ്പില്‍ ശക്തമായ പോരാട്ടം തന്നെ ജയരാജന്‍ കാഴ്ച വെച്ചു. എങ്കിലും എം. വി. രാഘവന്‍ എന്ന കരുത്തനു മുമ്പില്‍ ശിഷ്യന് അടി പതറിയപ്പോള്‍ പരാജയപ്പെട്ടത് പാര്‍ട്ടിയും കൂടെയായി.

























