
കൊച്ചി : വടക്കുഞ്ചേരിയിലെ ബസ്സ് അപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് അജിത് കുമാർ എന്നിവര്‍ അടങ്ങിയ ഡിവിഷൻ ബഞ്ചാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പോലീസിൽ നിന്നും മോട്ടോർ വാഹന വകുപ്പിൽ നിന്നും സംഭവത്തെ കുറിച്ച് റിപ്പോർട്ട് തേടി.
കോടതി നിരോധിച്ച ഫ്ളാഷ് ലൈറ്റുകളും സൗണ്ട് സിസ്റ്റവും ബസ്സില്‍ ഉപയോഗിച്ചു. ആരാണ് ബസ്സിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത് എന്നും ചോദിച്ചു. ട്രാൻസ്പോർട്ട് കമ്മീഷണറെയും റോഡ് സേഫ്റ്റി കമ്മീഷണറെയും കോടതി നേരിട്ട് വിളിച്ചു വരുത്തിയിട്ടുണ്ട്. ഇനിയും ഇത്തരം അപകടങ്ങൾ ആവര്‍ത്തിക്കാതിരിക്കുവാന്‍ മാർഗ്ഗങ്ങൾ ഇല്ലേ എന്നാണ് ഹൈക്കോടതി ആരാഞ്ഞത്.
മോട്ടോർ വാഹനങ്ങൾക്ക് വേഗപ്പൂട്ട് നിർബ്ബന്ധമാണ്, റോഡിൽ വഴി വിളക്കുകള്‍ ഉറപ്പാക്കണം എന്നുള്ള നിയമങ്ങൾ നിലവിലുണ്ട് എങ്കിലും അതൊന്നും പാലിക്കപ്പെടാറില്ല എന്ന് അഭിഭാഷകർ കോടതിയിൽ അറിയിച്ചു.
നിർദ്ദേശങ്ങളെയും നിയമങ്ങളെയും ഭയമില്ല എന്നതാണു പ്രശ്നം. സർക്കുലറുകൾ ഇറക്കുകയല്ല, നടപടി എടുക്കുകയാണു വേണ്ടത് എന്നും കോടതി ഓര്‍മ്മിപ്പിച്ചു.
റോഡില്‍ വലിയ വാഹനങ്ങളുടെ ഓവര്‍ ടേക്കിംഗ് നിരോധിക്കുവാന്‍ എന്താണ്ത തടസ്സം എന്നും ഹൈക്കോടതി ചോദിച്ചു. വാഹനങ്ങള്‍ റോഡില്‍ ലൈന്‍ ട്രാഫിക്ക് പാലിക്കുന്നു എന്ന് ഉറപ്പാക്കണം. നിയമ വ്യവസ്ഥകളെ പാലിക്കാത്ത ഡ്രൈവര്‍ മാരുടെ നിലപാടുകള്‍ തുടരാന്‍ അനുവദിച്ചാല്‍ റോഡുകള്‍ കൊലക്കളം ആയി മാറും എന്നും കോടതി പറഞ്ഞു.