കാഞ്ഞങ്ങാട്: പരിയാരം മെഡിക്കല്‍ കോളേജിലെ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് സി. പി. എം. നേതാവ് ഇ. പി. ജയരാജനും ഡി. വൈ. എഫ്. ഐ. നേതാവ് വി. വി. രമേശനുമെതിരെ കാഞ്ഞങ്ങാട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഡി. വൈ. എഫ്. ഐ. യുടേയും എസ്. എഫ്. ഐ. യുടേയും പേരിലാണ് പോസ്റ്ററുകള്‍. ഡി. വൈ. എഫ്. ഐ.
സംസ്ഥാന ട്രഷററായ രമേശന്‍ അമ്പതു ലക്ഷം മതിപ്പു വിലയുള്ള സീറ്റില്‍ മകള്‍ക്ക് എന്‍. ആര്‍. ഐ. കോട്ടയില്‍ എം. ബി. ബി. എസിന് അഡ്മിഷന്‍ തരപ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രവാസിയല്ലാത്ത രമേശന്‍ ഇത്രയും തുക എങ്ങിനെ കണ്ടെത്തും എന്ന് ആദ്യം ചോദ്യമുയര്‍ന്നിരുന്നു. എന്നാല്‍ എന്‍. ആര്‍. ഐ. ആയ ഒരു ബന്ധുവാണ് സീറ്റ് സ്പോണ്‍സര്‍ ചെയ്യുന്നതെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുവാന്‍ ശ്രമിച്ചു. എന്നാല്‍ വിഷയം ചൂടു പിടിച്ചതോടെ സീറ്റ് വേണ്ടെന്ന് വച്ച് രമേശന്‍ വിഷയം ഒതുക്കുവാന്‍ ശ്രമിച്ചിരുന്നു.
സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ഡി. വൈ. എഫ്. ഐ. നടത്തിയ സമരത്തിനിടെ കൂത്തുപറമ്പില്‍ അഞ്ചു യുവാക്കള്‍ രക്തസാക്ഷികളായ പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാവ് സ്വന്തം മകള്‍ക്ക് പേയ്‌മെന്റ് സീറ്റ് തരപ്പെടുത്തി യതിനെതിരെ പല കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. മാത്രമല്ല ഇ. പി. ജയരാജന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കന്മാര്‍ ഉള്‍പ്പെടുന്ന പരിയാരം മെഡിക്കല്‍ കോളേജിന്റെ ഭരണ സമിതി ഇത്തരത്തില്‍ ഒരു സീറ്റ് നല്‍കിയതിന്റെ ധാര്‍മ്മികതയേയും അണികള്‍ ചോദ്യം ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ സ്വാശ്രയ പ്രശ്നവുമായി ബന്ധപ്പെട്ട് എസ്. എഫ്. ഐ. യും ഡി. വൈ. എഫ്. ഐ. യും സമരവുമായി തെരുവില്‍ ഇറങ്ങുമ്പോള്‍ രമേശന്റെ മകള്‍ക്ക് പേയ്‌മെന്റ് സീറ്റ് നല്‍കിയത് ഒരു തിരിച്ചടിയാകാന്‍ ഇടയുണ്ട്. തങ്ങള്‍ തെരുവില്‍ പോലീസിന്റെ തല്ലു കൊള്ളുമ്പോള്‍ നേതൃത്വത്തില്‍ ഉള്ളവര്‍ മക്കള്‍ക്കും ബന്ധുക്കള്‍ക്കും പിന്‍വാതിലിലൂടെ സീറ്റു തരപ്പെടുത്തുന്നത് അണികളില്‍ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷം നേതാവായി അറിയപ്പെടുന്ന രമേശനെതിരെ വി. എസ്. പക്ഷം ശക്തമായ നടപടി ആവശ്യപ്പെടുവാന്‍ സാധ്യതയുണ്ട്.