കണ്ണൂര്‍:മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ പോലീസ് അറസ്റ്റിലായ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ജാമ്യാപേക്ഷ കണ്ണൂര്‍ ഒന്നം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ജയരാജനെതിരെ പോലീസ് കള്ളക്കെസെടുക്കുകയായിരുന്നു എന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കതെയാണ് അറസ്റ്റു ചെയ്തതെന്നുമുള്ള പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല. ജയരാജന്‍ ഹൃദ്‌രോഗിയാണെന്നും പരസഹായമില്ലാതെ അദ്ദേഹത്തിനു വസ്ത്രം ധരിക്കുവാന്‍ ആകില്ലെന്നും എന്നെല്ലാം ജയരാജന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും ജയരാജനു ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്നും സാക്ഷികളെ സ്വാധീനിക്കുവാന്‍ സാധ്യതയുണ്ടെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.കെ.ശ്രീധന്‍ കോടതിയില്‍ വാദിച്ചു. ജയരാജന്റെ അറസ്റ്റിനു ശേഷം നിരവധി പോലീസുകാര്‍ ആക്രമിക്കപ്പെട്ടെന്നും സംസ്ഥാനത്തുടനീളം നൂറുകണക്കിനു ആക്രമണം ഉണ്ടായെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അഡ്വ.ബി.പി.ശശീന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെ ചോദ്യം ചെയ്യലിനു ഹാജരായപ്പോളായിരുന്നു അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഐ.പി.സി 118 വകുപ്പു പ്രകാരം ക്രിമിനല്‍ ഗൂഡാലോചന, കുറ്റകൃത്യം അറിഞ്ഞിട്ടും തടയാതിരിക്കല്‍ തുടങ്ങിയവയാണ് അദ്ദെഹത്തിന്റെ പേരില്‍ ചുമത്തപ്പെട്ടിട്ടുള്ളത്. രാവിലെ 11.20നു എം.വി.ജയരാജന്‍, ജെയിംസ് മാത്യ എം.എല്‍.എ, പി.കെ.ശ്രീമതി തുടങ്ങിയവര്‍ക്കൊപ്പം ജില്ലാ കമ്മറ്റി ഓഫീസില്‍ ന്‍ഇന്നും പ്രകടനമായാണ് ടൌണ്‍ സി.ഐ.ഓഫീസിലേക്ക് എത്തിയത്. പ്രകടനത്തില്‍ ധാരാളം സി.പി.എം പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കണ്ണൂരിന്റെ പലഭാഗത്തും വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. സംസ്ഥാന വ്യാപകമായി വ്യാഴാച ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്തു. സംസ്ഥാനത്തുടനീളം മുസ്ലിം ലീഗിന്റേയും കോണ്‍ഗ്രസ്സിന്റേയും നിരവധി ഓഫീസുകള്‍ തകക്കുകയും തീയ്യിടുകയും ചെയ്തു. വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി കൂടാതെ ചില മാധ്യമ സ്ഥാപനങ്ങളും ആക്രമിക്കപ്പെടുകയും ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ഉണ്ടായി. ഹര്‍ത്താലിനോടനുബന്ധിച്ച് ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് സംസ്ഥാനത്തുടനീളം ഉണ്ടായത്.
പട്ടുവത്ത് വച്ച് സി.പി.എം നേതാക്കളായ ടി.വി.രാജേഷ് എം.എല്‍.എയും പി.ജയരാജനും സംഘവും സഞ്ചരിച്ച കാറിനു നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ഫെബ്രുവരി 20 നായിരുന്നു അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ ക്രൂരമായി കൊല്ലപ്പെട്ടത്. ഷുക്കൂറിന്റെ വധവുമായി ബന്ധപ്പെട്ട് ടി.വി.രാജേഷ് എം.എല്‍.എയെ കണ്ണൂര്‍ എസ്.പിയുടെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ജയരാജന്‍ അറസ്റ്റു ചെയ്യപ്പെട്ട സാഹചര്യത്തില്‍ ടി.വി.രാജേഷ് മുന്‍കൂര്‍ ജാമ്യത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി വാര്‍ത്തകള്‍ ഉണ്ട്.