ന്യൂഡല്‍ഹി: നീണ്ടകരയ്ക്കടുത്ത് കടലില്‍ ഇറ്റാലിയന്‍ നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടി വെച്ച് കൊലപ്പെടുത്തിയ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എടുത്ത നിലപാട് കേസിനെ ദുര്‍ബലമാക്കും. ഈ സംഭവത്തില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേസെടുക്കുവാന്‍ കേരള പോലീസിന് അധികാരമില്ലെന്ന് സുപ്രീം കോടതില്‍ കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. ഇതിനെ കേരളത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ എം. ടി. ജോര്‍ജ്ജ് എതിര്‍ത്തതുമില്ല.
എന്നാല്‍ കേന്ദ്ര നിലപാടില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. കൊല്ലപ്പെട്ടത് ഇന്ത്യക്കാരാണെന്നത് മറക്കരുതെന്ന് ശക്തമായ ഭാഷയില്‍ സുപ്രീം കോടതി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ പി. റാവിനെ ഓര്‍മ്മിപ്പിച്ചു.
കേസില്‍ തുടക്കം മുതല്‍ തന്നെ ഇറ്റലിയുടെ കനത്ത സമ്മര്‍ദ്ദം ഉണ്ട്. കപ്പല്‍കൊല സംബന്ധിച്ച് കേസ് സുപ്രീം കോടതി പരിഗണിക്കുന്നതിനു തൊട്ടു മുമ്പ് കേരളത്തിന്റെ അഭിഭാഷകനെ മാറ്റിയിരുന്നു. സ്റ്റാന്‍ഡിങ്ങ് കോണ്‍സലായ എം. ആര്‍. രമേശ് ബാബുവിനെ വെള്ളിയാഴ്ച രാവിലെ മാറ്റുകയും പകരം എം. ടി. ജോര്‍ജ്ജിനെ കേസില്‍ ഹാജരാകുവാന്‍ നിയോഗിക്കുകയുമായിരുന്നു.
സംഭവത്തില്‍ ഉള്‍പ്പെട്ട ഇറ്റാലിയന്‍ കപ്പല്‍ ‘എൻറിക്ക ലെക്സി’ വിട്ടുകിട്ടണമെന്ന ഉടമകളുടെ ഹര്‍ജി പരിഗണിക്കവെ തികച്ചും അനവസരത്തിലാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കേസിനു ഗുരുതരമായി ദോഷം വരുത്തുന്ന പരാമര്‍ശം നടത്തിയത്. അദ്ദേഹത്തിന്റെ നിലപാട് കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് വളരെയധികം ഗുണം ചെയ്യും. വെടി വെയ്പ്പ് നടന്നത് ഒമ്പത് നോട്ടിക്കല്‍ മൈല്‍ അകലെയാണെന്നും അതിനാല്‍ തന്നെ തങ്ങള്‍ക്ക് ഇറ്റാലിയന്‍ പൌരന്മാര്‍ക്കെതിരെ കൊലപാതകത്തിനു കേസെടുക്കാമെന്നുമാണ് കേരള പോലീസിന്റെ നിലപാട്.