തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള അനുമതി ഏറെക്കുറെ ലഭിച്ചു എന്നും ഈ വിഷയത്തില്‍ ജസ്റ്റിസ് കെ. ടി. തോമസിന്റെ നിലപാടുകളില്‍ സര്‍ക്കാരിന് പൂര്‍ണ തൃപ്തിയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാനത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് അദ്ദേഹം പരമാവധി ശ്രമിച്ചിട്ടുണ്ട് അതിനാല്‍ അദ്ദേഹത്തെ വെറുതെ പഴി ചാരരുത് . അണക്കെട്ടിന്റെ സുരക്ഷയുടെ കാര്യം പ്രതിപാദിക്കുന്ന ഒരു ഭാഗത്ത് മാത്രം അദ്ദേഹം വേണ്ട രീതിയില്‍ ഇടപെട്ടില്ല എന്നതൊഴിച്ചാല്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ കൂട്ടെരുതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുള്ള ആറ് കാരണങ്ങള്‍ മുഴുവന്‍ സംസ്ഥാനത്തിന്റെ വാദങ്ങളാണെന്നും, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ ആവശ്യത്തിന് അനുകൂലമാണ് ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് പുതിയ അണക്കെട്ടിനുള്ള പച്ചക്കൊടിയാണ്, എന്നാല്‍ അവസാന വാക്ക് സുപ്രീം കോടതിയാണ് പറയേണ്ടത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.