ബാംഗ്ലൂര്‍ : ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതി സ്ഥാനത്തു നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പി. ഡി. പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി. ബാംഗ്ലൂര്‍ ഒന്നാം ചീഫ് മെട്രോപോളിറ്റന്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. ചട്ടങ്ങള്‍ പാലിക്കാതെയാണ് കേസെടുത്തിരിക്കുന്നതെന്നും സാക്ഷി മൊഴികള്‍ മാത്രമാണ് ഇതിനായി അടിസ്ഥാന മാക്കിയിട്ടുള്ളതെന്നും മഅദനിയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അത് അംഗീകരിച്ചില്ല. കേസിന്റെ വിചാരണ നടപടികളുടെ ഭാഗമായി തിങ്കളാഴ്ച പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. ബാംഗ്ലൂര്‍ സ്ഫോടന ക്കേസുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നും അറസ്റ്റിലായ മഅദനി കര്‍ണ്ണാടകത്തിലെ ജയിലിലാണ്.