മുന്‍ ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്റെ കുടുംബാംഗങ്ങളുടെ പേരില്‍ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ഉടന്‍ നീക്കം ചെയ്യണം എന്നും ആരോപണങ്ങളെ കുറിച്ച് ഉന്നത തല അന്വേഷണം നടത്തണം എന്നും മുന്‍ സുപ്രീം കോടതി ജഡ്ജി വി. ആര്‍. കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു.
ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചതിനു ശേഷമേ ഈ കാര്യത്തില്‍ എന്തെങ്കിലും പറയാനാവൂ എന്നാണ് നിയമ മന്ത്രി എം. വീരപ്പ മൊയ്‌ലി പ്രതികരിച്ചത്.
ജസ്റ്റിസ് ബാലകൃഷ്ണന് എതിരായ ആരോപണങ്ങളെ കുറിച്ച് പ്രധാന മന്ത്രിക്ക് കത്തെഴുതരുത് എന്ന് തന്നോട് കേരള ഹൈക്കോടതി യിലെ ഒരു ജഡ്ജി അഭ്യര്‍ത്ഥിച്ചതായ് ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ പറഞ്ഞു. എന്നാല്‍ ഈ ജഡ്ജി ആരാണെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം രാജി വെച്ച് ജസ്റ്റിസ് ബാലകൃഷ്ണന്‍ അന്വേഷണത്തെ നേരിടാന്‍ തയ്യാറാവണം എന്ന് ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ പറഞ്ഞു. ജസ്റ്റിസ് ബാലകൃഷ്ണന് എതിരെ മാത്രമല്ല, അദ്ദേഹത്തിന്റെ സഹോദരന്‍, മകന്‍, പെണ്‍മക്കള്‍, മരുമക്കള്‍ എന്നിവര്‍ക്ക് എതിരെയും അന്വേഷണം വേണമെന്നാണ് താന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ കാര്യത്തില്‍ ഒട്ടേറെ പേര്‍ തങ്ങളുടെ പിന്തുണ തന്നെ വിളിച്ച് അറിയിച്ചിട്ടുണ്ട്.
ഇത് ദളിത് – അയ്യര്‍ ജാതി പ്രശ്നമാണ് എന്ന് തമിഴ് നാട് മുഖ്യ മന്ത്രി എം. കരുണാനിധി പറഞ്ഞു എന്ന റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.