കോഴിക്കോട് : ഒഞ്ചിയത്തെ റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി. പി. ചന്ദ്രശേഖരനെ ഒരു സംഘം ആളുകള്‍ വെട്ടി ക്കൊന്നു. വെള്ളിയാഴ്ച രാത്രി പത്തര മണിയോടെ വടകര കൈനാട്ടിക്കു സമീപം വള്ളിക്കാട് ഭാഗത്ത് ബൈക്കില്‍ സഞ്ചരിക്കുക യായിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാറിലെത്തിയ അക്രമി സംഘം തടഞ്ഞു നിര്‍ത്തിയ ശേഷം വെട്ടുകയായിരുന്നു. അടുത്തു വരാന്‍ ശ്രമിച്ചവരെ ബോംബെറിഞ്ഞു വിരട്ടിയോടിച്ചു.
ഒഞ്ചിയത്ത് സി. പി. എം. വിട്ടവര്‍ രൂപവത്കരിച്ച റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി(ആര്‍ എം പി)യുടെ ഏരിയാ സെക്രട്ടറിയും ഇടതു പക്ഷ ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയുമായിരുന്നു ടി. പി. ചന്ദ്രശേഖരന്‍. സി. പി. എം. ആസൂത്രിത മായി നടത്തിയ കൊലയാണിത് എന്ന് റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആരോപിച്ചു.
2008 ല്‍ ഒഞ്ചിയം മേഖലയില്‍ സി. പി. എമ്മിലെ വലിയൊരു വിഭാഗം പാര്‍ട്ടി നേതൃത്വ ത്തിന്റെ നിലപാടു കളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടപ്പോള്‍ അതിന് നേതൃത്വം നല്‍കിയത് ചന്ദ്രശേഖരനാണ്.
2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ എം പി സ്ഥാനാര്‍ത്ഥി യായി വടകര മണ്ഡല ത്തില്‍ മത്സരിച്ചു. ഇതിനു ശേഷം സി. പി. എം. വിമതരെ കൂട്ടിയിണക്കി ഇടതു പക്ഷ ഏകോപന സമിതിയെ ശക്തിപ്പെടുത്താനും ശ്രമിച്ചു. പാര്‍ട്ടി വിട്ടപ്പോള്‍ ഒട്ടേറെ ഭീഷണികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. മൃതദേഹം ശനിയാഴ്ച ഉച്ചക്ക് 12 മുതല്‍ 1 വരെ കോഴിക്കോട് ടൗണ്‍ ഹാളിലും 2 മുതല്‍ 3 വരെ വടകര യിലും പൊതുദര്‍ശനത്തിനു വെയ്ക്കും. ശവസംസ്‌കാരം വൈകിട്ട് അഞ്ചിന് വീട്ടു വളപ്പില്‍ നടക്കും.