നാദാപുരം: നാദാപുരത്തിനടുത്ത് നരിക്കോട്ടേരിയില്‍ ബോംബ് നിര്‍മ്മാണ ത്തിനിടെ സ്ഫോടന മുണ്ടായതിനെ തുടര്‍ന്ന് അഞ്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മരിച്ചു. പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച രാത്രിയിലാണ് അപകടം സംഭവിച്ചത്. മുസ്ലീം ലീഗ് പ്രവര്‍ത്തകരായ ഷെമീര്‍ (28), സബീര്‍, ചാലില്‍ മമ്മു ഹാജിയുടെ മകന്‍ റിയാസ് (35), പുത്തേരിടത്ത് മൊയ്തുവിന്റെ മകന്‍ റഫീഖ് (30), കരയത്ത് മൂസയുടെ മകന്‍ ഷബീര്‍ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ ഇവരുടെ ശരീരത്തിന്റെ പല ഭാഗങ്ങളും ചിതറിത്തെറിക്കുകയും ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. സ്ഫോടനത്തെ തുടര്‍ന്ന് വീട് പൂര്‍ണ്ണമായും തകര്‍ന്നു. സ്ഥലത്ത് രക്തം തളം കെട്ടിക്കിടക്കുന്നുണ്ട്. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കു കയായിരുന്നു.
മീത്തല അണിയാരി മറിയത്തിന്റെ വീടിനു സമീപം ആള്‍ താമസം കുറഞ്ഞ ഒരു കുന്നിന്‍ മുകളിലാണ് ഇവര്‍ ബോംബ് നിര്‍മ്മാണത്തിനായി ഒത്തു കൂടിയത്. സംഭവ സ്ഥലത്ത് നിന്നും ഏതാനും സ്റ്റീല്‍ ബോംബുകളും ബോംബ് നിര്‍മ്മിക്കുവാന്‍ ആവശ്യമായ സാമഗ്രികളും കണ്ടെത്തിയിട്ടുണ്ട്. സമീപ പ്രദേശങ്ങളില്‍ ഏതാനും നാളുകളായി സി. പി. എം. – യു. ഡി. എഫ്. സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഏതാനും വീടുകള്‍ക്ക് നേരെ ബോബേറും അക്രമവും നടന്നിരുന്നു. സ്ഥലത്ത് ശക്തമായ പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ ബോംബുകള്‍ ഉണ്ടോ എന്നറിയുവാനായി തിരച്ചിലും നടക്കുന്നുണ്ട്. പ്രദേശത്ത് ബോംബ് നിര്‍മ്മാണം നടക്കുന്നതായ വാര്‍ത്തകള്‍ക്കൊപ്പം വീടുകള്‍ക്ക് നേരെ അക്രമവും നടക്കുന്നതും നാട്ടുകാരെ ഭീതിയില്‍ ആഴ്ത്തിയിട്ടുണ്ട്.