കോഴിക്കോട്: തുടര്‍ച്ചയായി സമരങ്ങള്‍ പരാജയപ്പെട്ടിട്ടും സി.പി.എം എന്തു കൊണ്ട് പഠിക്കുന്നില്ലെന്ന് എം.മുകുന്ദന്‍.തിരുവനന്തപുരത്ത് എല്‍.ഡി.എഫ് നടത്തിയ ക്ലിഫ് ഹൌസ് ഉപരോധത്തിനെതിരെ വീട്ടമ്മ സന്ധ്യയുടെ പ്രതിഷേധം പൊതുജനങ്ങളുടെ വികാരമാണെന്നും സന്ധ്യയെ അവഹേളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ കേജ്‌രിവാള്‍ ചൂലെടുക്കും മുമ്പ് കേരളത്തില്‍ അജിതയുടേയും സാറാജോസഫിന്റേയും നേതൃത്വത്തില്‍ സ്ത്രീകള്‍ ചൂലെടുത്തിട്ടുണ്ട്. തിരുവനന്തപുരത്ത് സന്ധ്യ പ്രതിഷേധിക്കുമ്പോള്‍ അവരുടെ കൈയ്യില്‍ അദൃശ്യമായ ഒരു ചൂല്‍ താന്‍ കണ്ടു അത് വൈകാതെ നാടെങ്ങും ദൃശ്യമാകും.
മാറിയ കാലത്തിനനുസരിച്ച്സമര മാര്‍ഗ്ഗങ്ങളും മാറ്റേണ്ടതുണ്ടെന്നും ജനാധിപത്യത്തില്‍ വഴിതടയല്‍ ഇല്ലെന്നും വേറെ ഒരു രാജ്യത്തും ഈ രീതിയില്ലെന്നും മുകുന്ദന്‍ പറഞ്ഞു. ഇടതു പക്ഷം ശക്തിയാര്‍ജ്ജിച്ചതും നേട്ടങ്ങള്‍ ഉണ്ടാക്കിയതും ബന്ദും വഴിതടയലും നടത്തിയല്ലെന്നും ചരിത്രത്തിലെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി വര്‍ത്തമാനകാലത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ആകില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ആം ആദ്മി പാര്‍ട്ടിയേയും അരവിന്ദ് കേജ്‌രിവാളിനേയും ജനം സൃഷ്ടിച്ചതാണ്. ഡെല്‍ഹിയിലെ സാധാരണക്കാരായ ജനങ്ങളുടെ അടക്കിപ്പിടിച്ച രോഷത്തിന്റെ പ്രതിഫലനമാണ് ആം ആദ്മി പാര്‍ട്ടിയുടെ വിജയം. ഡല്‍ഹിയിലേതിനേക്കാള്‍ അടിച്ചമര്‍ത്തലുകള്‍ ഉള്ള സ്ഥലമാണ് കേരളം എന്ന് പറഞ്ഞ മുകുന്ദന്‍ ഒരു പക്ഷെ കേരളീയര്‍ നിഷേധ വോട്ടിലൂടെയാകും തങ്ങളുടെ പ്രതിഷേധം അറിയിക്കുകയെന്നും പറഞ്ഞു.കേരളത്തിലെ ഇടതു പക്ഷ സമരങ്ങളുടെ പരാജയത്തെ കുറിച്ചുള്ള മുകുന്ദന്റെ പരാമര്‍ശങ്ങള്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവെക്കാനിടയുണ്ട്.