തിരുവനന്തപുരം : ഈ വര്‍ഷത്തെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്കാരങ്ങള്‍ സെപ്തംബര്‍ 15 ബുധനാഴ്ച തിരുവനന്തപുരം നളന്ദ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയം വൈലോപ്പിള്ളി ഹാളില്‍ വെച്ച് സാംസ്കാരിക വകുപ്പ് മന്ത്രി എം. എ. ബേബി പുരസ്കാര ജേതാക്കള്‍ക്ക് സമ്മാനിക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ചടങ്ങുകളില്‍ സുഗതകുമാരി വിശിഷ്ടാ തിഥിയായിരിക്കും.
ഒന്‍പതു വിഭാഗങ്ങളിലായി ഈ വര്‍ഷത്തെ പുരസ്കാരത്തിന് അര്‍ഹരായവരില്‍ പ്രവാസ ലോകത്ത് നിന്നും ഒരു പ്രതിനിധിയുമുണ്ട് ഈ തവണ. എന്‍. വി. കൃഷ്ണ വാര്യര്‍ സ്മാരക വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പുരസ്കാരം ലഭിച്ചത് ദുബായില്‍ എഞ്ചിനിയര്‍ ആയ പി. മണികണ്ഠന്‍ രചിച്ച “മലയാളിയുടെ സ്വത്വാന്വേഷണങ്ങള്‍” എന്ന കൃതിക്കാണ്.
പി. മണികണ്ഠന്‍
സാമ്പ്രദായിക സമീപനങ്ങള്‍ ക്കുമപ്പുറം കടന്ന് നമ്മുടെ സ്വത്വത്തെ സൂക്ഷ്മമായി അപഗ്രഥിക്കാനുള്ള ശ്രമമാണ് ഈ കൃതിയില്‍ ഗ്രന്ഥകാരന്‍ നടത്തുന്നത് എന്ന് പുരസ്കാര നിര്‍ണ്ണയ സമിതി വിലയിരുത്തി. എണ്ണപ്പാടങ്ങളായി ചിതറി പ്പാര്‍ക്കുന്നവരുടെ സാഹിത്യം മുതല്‍ പരിസ്ഥിതി പെണ്‍ വാദത്തിന്റെ നവ രാഷ്ട്രീയം വരെയുള്ള വ്യത്യസ്ത വിഷയങ്ങളെ മാനവികമായ ഒരു ദര്‍ശനവുമായി ഉല്‍ഗ്രഥിക്കാന്‍ ഈ കൃതിക്ക് കഴിഞ്ഞിരിക്കുന്നു. പെരുമ്പടവം ശ്രീധരന്‍, ഡോ. അശോകന്‍ മുണ്ടോന്‍, കെ. ഇ. എന്‍. എന്നിവര്‍ ചേര്‍ന്നാണ് പുരസ്കാരത്തിന് അര്‍ഹമായ രചന തെരഞ്ഞെടുത്തത്
നാല്‍പത് വയസില്‍ കുറഞ്ഞ രചയിതാക്കള്‍ക്ക് പ്രസിദ്ധീകരിക്കാത്ത വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം ഡോ. ആര്‍. ബി. ശ്രീകല യുടെ വചന കവിത: ചരിത്രവും വര്‍ത്തമാനവും എന്ന പ്രബന്ധത്തിനാണ്.
വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക നോവലിനുള്ള പുരസ്കാരം ശ്രീ. ടി. ഡി. രാമകൃഷ്ണന്റെ “ഫ്രാന്‍സിസ് ഇട്ടിക്കോര”, ശ്രീ. ജോസ് പാഴൂക്കാരന്‍ രചിച്ച “അരിവാള്‍ ജീവിതം” എന്നീ നോവലുകള്‍ പങ്കു വെയ്ക്കുന്നു.
നാല്‍പ്പത് വയസില്‍ കുറഞ്ഞ രചയിതാക്കള്‍ക്ക് പ്രസിദ്ധീകരിക്കാത്ത ചെറുകഥയ്ക്കുള്ള പുരസ്കാരം ശ്രീ. ബിജു സി. പി. യുടെ ഡാന്യൂബ് നദിയില്‍ ഒരു കോച്ചേരി ത്താഴംകാരന്‍ നേടിയിരിക്കുന്നു.
കെ. എം. ജോര്‍ജ്ജിന്റെ പേരിലുള്ള നിരൂപണ / ഗവേഷണ ഗ്രന്ഥത്തിനുള്ള പുരസ്കാരം ശ്രീ. എന്‍. കെ. രവീന്ദ്രന്‍ രചിച്ച “പെന്നെഴുതുന്ന ജീവിതം” എന്ന കൃതിക്കാണ്.
നാല്‍പ്പത് വയസില്‍ കുറഞ്ഞ രചയിതാക്കള്‍ക്ക് പ്രസിദ്ധീകരിക്കാത്ത നിരൂപണ / ഗവേഷണ പുരസ്കാരം ഡോ. ഷംസാദ് ഹുസൈന്റെ മലയാള സിനിമയിലെ മുസ്ലീം സ്ത്രീ പ്രതിനിധാനം എന്ന നിരൂപണ ലേഖനത്തിനാണ്.
ഡോ. എം. പി. കുമാരന്റെ പേരിലുള്ള വിവര്‍ത്തനത്തിനുള്ള പുരസ്കാരം ഡോ. കെ. പി, ശശിധരന്‍ പരിഭാഷ നിര്‍വഹിച്ച ദോസ്തോവ്സ്കിയുടെ “കുറ്റവും ശിക്ഷയും” എന്നതിനാണ് നല്‍കുന്നത്.
നാല്‍പ്പതു വയസില്‍ കുറഞ്ഞ രചയിതാക്കള്‍ക്ക് പ്രസിദ്ധീകരിക്കാത്ത വിവര്‍ത്തനത്തിനുള്ള പുരസ്കാരം ശ്രീ രാജേഷ് ചിറപ്പാട് വിവര്‍ത്തനം ചെയ്ത രാംപുനിയാനിയുടെ Fundamentalist Threat to secular democracy എന്ന പുസ്തകത്തിലെ ഹിന്ദുത്വവും ദളിതരും (Hindutva & Dalit), വര്‍ഗ്ഗീയ കലാപം (Communal Violence) എന്നതിനാണ്.
ഉച്ചയ്ക്ക് ശേഷം പുനരാരംഭിക്കുന്ന ചടങ്ങുകളുടെ ഭാഗമായി “സാഹിത്യത്തിലെ സെന്സര്ഷിപ്പ്” എന്ന വിഷയത്തില്‍ സംവാദം നടക്കും. സാവിത്രി രാജീവന്‍, ഡോ. വി. സി. ഹാരിസ്, കെ. ആര്‍. മല്ലിക, എന്‍ എസ്. മാധവന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ കെ. ഇ. എന്‍. മോഡറേറ്റര്‍ ആയിരിക്കും.