തൃശ്ശൂര്‍: ഇലഞ്ഞി പൂത്ത മണം പരന്ന് കിടക്കുന്ന വടക്കം നാഥന്റെ അന്തരീക്ഷം. തെക്കേ ഗോപുര നടയില്‍ അക്ഷമരായി ആകാംഷയോടെ കാത്തു നില്‍ക്കുന്ന ആയിരക്കണക്കിനു പേര്‍. ഒടുവില്‍ കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് തെക്കേ ഗോപുര വാതില്‍ തുറന്ന് തലയെടുപ്പോടെ നെയ്തലക്കാവിലമ്മയെ ശിരസ്സിലേറ്റി പ്രൌഡിയോടെ തലയെടുപ്പിന്റെ തമ്പുരാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പുറത്തേക്ക്. ഇതോടെ കാത്തു നിന്ന ആയിരക്കണക്കിനു ആരാധകരുടെ ആവേശം അണ പൊട്ടി. മഴയെ അവഗണിച്ച് തടിച്ചു കൂടിയവര്‍ വായ്ക്കുരവയിട്ടും കൈകളുയര്‍ത്തിയും കുടകള്‍ ഉയര്‍ത്തിയും ആഹ്ളാദ നൃത്തം ചവിട്ടി. ആരാധകരെ തുമ്പിയുയര്‍ത്തി വണങ്ങി രാമചന്ദ്രന്‍ നന്ദി പ്രകടിപ്പിച്ചു. തുടര്‍ന്ന് ആരാധകരുടെ നടുവിലേക്ക്. ചടങ്ങ് അവസാനിച്ചപ്പോള്‍ രാമചന്ദ്രനെ തന്റെ തട്ടകമായ പേരാമംഗലത്തേക്ക് എത്തിച്ചിട്ടാണ് ആരാധകര്‍ മടങ്ങിയത്. കേരളത്തില്‍ മറ്റൊരാനയ്ക്കും ഇല്ല ഇത്രയധികം ആരാധകര്‍.
ഈ സീസണില്‍ പ്രസിദ്ധമായ നിരവധി പൂരങ്ങളില്‍ പങ്കെടുത്തു വരികയായിരുന്നു രാമചന്ദ്രന്‍. എന്നാല്‍ കഴിഞ്ഞ ആഴ്ച പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ ആനയെ പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിക്കൊണ്ട് ഒരു ഉത്തരവ് വരുന്നു. രാമചന്ദ്രന്‍ തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നതില്‍ ചിലര്‍ക്കുള്ള വിയോജിപ്പിന്റെ ഫലമായിരുന്നു അത്.
ആനയെ ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കുവാന്‍ കോടതി ഉത്തരവും വെറ്റിനറി ഡോക്ടര്‍മാരുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ഡി. എഫ്. ഒ. യുടെ അനുമതിയും ഉണ്ടെന്നിരിക്കെ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നുമില്ലാതെ ആനയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നത് എന്തിനാണെന്ന ചോദ്യം ഉയര്‍ന്നു. നെയ്തലക്കാവ് ക്ഷേത്ര പ്രതിനിധികളും തെച്ചിക്കോട്ടുകാവ് ദേവസ്വം പ്രതിനിധികളും അധികൃതരുമായി ചര്‍ച്ച നടത്തി. കമ്മറ്റിക്കാര്‍ കളക്ടറെ കണ്ട് ചര്‍ച്ച നടത്തിയെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല. ഇതോടെ ആരാധകരുടെ പ്രതിഷേധം ശക്തമായി. സെലിബറേഷന്‍ കമ്മിറ്റിയിലും ആനയെ പങ്കെടുപ്പിക്കണം എന്ന നിലപാടില്‍ ഭൂരിപക്ഷവും ഉറച്ചു നിന്നു. ഒടുവില്‍ കളക്ടര്‍ ചില നിബന്ധനകളോടെ ആനയെ എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. എങ്കിലും ചടങ്ങു നടക്കും വരെ ആരാധകരുടെ ആശങ്കകള്‍ അകന്നിരുന്നില്ല. അത്രയ്ക്കും ശക്തമായിരുന്നു രാമചന്ദ്രനെതിരെ ഉള്ള അണിയറ നീക്കങ്ങള്‍.
പത്തു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഉത്സവങ്ങളില്‍ രാമചന്ദ്രന്‍ നിറസാന്നിദ്ധ്യമാണ്. ബുക്കിങ്ങ് ഏറിയപ്പോള്‍ ലേലം വിളിച്ച് ഉയര്‍ന്ന തുകയ്ക്കാണ് ഇവനെ ഉത്സവങ്ങള്‍ക്കായി വിടുന്നത്. ഒരു ഉത്സവത്തില്‍ പങ്കെടുക്കുവാനായി നാലു ലക്ഷത്തിലധികം രൂപയ്ക്ക് വരെ ഇവന്‍ ലേലത്തില്‍ പോയിട്ടുണ്ട്.