തിരുവനന്തപുരം: പ്രശസ്ത കവി ഡി.വിനയചന്ദ്രന്‍ (67) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ പത്തുമണിയോടെ ആയിരുന്നു അന്ത്യം. മരണ സമയത്ത് അടുത്ത ബന്ധുക്കള്‍ അടുത്തുണ്ടായിരുന്നു. അവിവാഹിതനാണ്. നെഞ്ചുവേദനയെ തുടര്‍ന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1946 മെയ് 16 ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയില്‍ ആണ് ജനനം. ഭൌതിക ശാസ്ത്രത്തില്‍ ബിരുധവും, മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുധാനന്തര ബിരുധവും നേടി. വിവിധ കലാലയങ്ങളില്‍ അധ്യാപകനായി ജോലി നോക്കി. എം.ജി യൂണിവേഴ്സിറ്റിയില്‍ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ അദ്യാപകനായും ജോലി നോക്കി.
കവിയും സാംസ്കാരിക പ്രവര്‍ത്തകനും അദ്യാപകനുമെല്ലാമായി ഒരേ സമയം മലയാളി ജീവിതത്തില്‍ സജീവമായി ഇടപെട്ടുകൊണ്ടിരുന്ന കവിയായിരുന്നു ഡി.വിനയചന്ദ്രന്‍.സാഹിത്യകാരന്മാര്‍ ജനങ്ങള്‍ക്കൊപ്പം അവരുടെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നവന്‍ ആകണമെന്ന അഭിപ്രായക്കാരന്‍ ആയിരുന്നു അദ്ദേഹം. കവിതകളില്‍ നാടന്‍ ശീലുകള്‍ ധാരാളാമായി കടന്നു വരാറുണ്ട്. 80 കളില്‍ ക്യാമ്പസ്സുകളെ സജീവമാക്കിയതില്‍ വിനയചന്ദ്രന്റെ കവിതകള്‍ക്ക് നിര്‍ണ്ണായകമായ സ്ഥാനമാണുള്ളത്. നരകം ഒരു പ്രേമകഥയെഴുതുന്നു, കായിക്കരയിലെ കടല്‍, ദിശാസൂചി, വീട്ടിലേക്കുള്ള വഴി, സമസ്തകേരളം പി.ഒ. തുടങ്ങിയ കവിതാ സമാഹരങ്ങളും കണ്ണന്‍ എന്ന പേരില്‍ മൃണാളിനി സാരാഭായിയുടെ കാവ്യത്തിന്റെ പരിഭാഷയും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നദിയുടെ മൂന്നാം കര ( ലോക കഥകളുടെ പരിഭാഷ), ജലം കൊണ്ട് മുറിവേറ്റവന്‍ (ലോക കവിതകളുടെ പരിഭാഷ) ആഫ്രിക്കന്‍ നാടോടി കഥകള്‍ (പുനരാഖ്യാനം) പേരറിയാത്ത മരങ്ങള്‍ (കഥകള്‍), വംശഗാഥ (ഖണ്ഡകാവ്യം), പൊടിച്ചി, ഉപരിക്കുന്ന്(നോവലുകള്‍) തുടങ്ങിയവയാണ് പ്രധാന കൃതികള്‍. നരകം ഒരു പ്രേമകഥയെഴുതുന്നു എന്ന കൃതിക്ക് 2006-ലെ ആശാന്‍ സ്മാരക കവിതാ പുരസ്കാരവും 1992-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.