തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ ഉല്പന്നങ്ങളുടെ വിലയിലെ നിയന്ത്രണങ്ങള്‍ എടുത്തു മാറ്റിയതിലും, ഉല്പന്നങ്ങളുടെ വില വര്‍ദ്ധനവിലും പ്രതിഷേധിച്ച് ഇന്ന് ഇടതു മുന്നണി ഹര്‍ത്താല്‍ ആചരിക്കുന്നു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ ആണ് ഹര്‍ത്താല്‍. പത്രം, പാല്‍, വിവാഹം, ആശുപത്രി തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഇടതു പക്ഷ കക്ഷികള്‍ മാത്രമല്ല ബി. ജെ. പി. യും ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നുണ്ട്. വില വര്‍ദ്ധന ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ വളരെ ദോഷകരമായി ബാധിക്കും. മാത്രമല്ല നിയന്ത്രണങ്ങള്‍ എടുത്തു മാറ്റിയത് നിത്യോപയോഗ സാധനങ്ങള്‍ വിലയില്‍ വലിയ വര്‍ദ്ധനവിനു വഴി വെയ്ക്കുകയും, വിപണി അനിശ്ചിത ത്വത്തിലേക്ക് നീങ്ങുമെന്നും വിവിധ നേതാക്കള്‍ അഭിപ്രായപ്പെട്ടു. വില വര്‍ദ്ധനവിനെതിരെ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.