
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ചെറിയ തോതില്‍ വര്‍ദ്ധിക്കുന്നുണ്ട് എങ്കിലും ആശങ്ക വേണ്ട എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. നവംബര്‍ മാസത്തില്‍ തന്നെ കൊവിഡ് കേസുകളിൽ വർദ്ധനവ് കണ്ടിരുന്നു.
അതനുസരിച്ച് മന്ത്രി തലത്തില്‍ യോഗങ്ങള്‍ ചേര്‍ന്ന് ആരോഗ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചു മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പുറത്തിറക്കിയിരുന്നു. മെഡിക്കല്‍ ഓഫീസര്‍മാരുടെ കോണ്‍ ഫറന്‍സിലും നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നും മന്ത്രി അറിയിച്ചു.
രോഗ ലക്ഷണം ഉള്ളവര്‍ക്ക് കൊവിഡ് പരിശോധന കൂടി നടത്താനും ജനിതക ശ്രേണീകരണത്തിന് വേണ്ടി സാമ്പിളുകള്‍ അയക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു. മാത്രമല്ല ഈ മാസത്തില്‍ കൊവിഡ് പരിശോധന കൂട്ടുകയും ചെയ്തു. സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ആവശ്യത്തിന് സ്റ്റോക്കുണ്ട്. കൂടുതല്‍ സുരക്ഷാ ഉപകരണങ്ങളും പരിശോധനാ കിറ്റുകളും സജ്ജമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
നിലവിലെ കൊവിഡ് സാഹചര്യവും ആശുപത്രി സംവിധാനവും മന്ത്രിയുടെ നേതൃത്വത്തിൽ വിലയിരുത്തി. സംസ്ഥാനത്ത് നിരീക്ഷണം കൂടുതൽ ശക്തമാക്കും. ആരോഗ്യ വകുപ്പും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും ഏകോപന പ്രവർത്തനങ്ങൾ നടത്തും.
കൊവിഡ് രോഗികൾക്ക് ആശുപത്രികളിൽ പ്രത്യേക സൗകര്യം ഒരുക്കണം. ഗുരുതരമല്ലാത്ത രോഗികളെ മെഡിക്കൽ കോളേജിൽ റഫർ ചെയ്യാതെ ജില്ലകളിൽ തന്നെ ചികിത്സിക്കണം. ഇതിനായി നിശ്ചിത കിടക്കകൾ ജില്ലാ ആശുപത്രികളിൽ മാറ്റി വെക്കണം. ഓക്സിജൻ കിടക്കകൾ, ഐ. സി. യു., വെന്റിലേറ്റർ എന്നിവ നിലവിലുള്ള പ്ലാൻ എ, ബി അനുസരിച്ച് ഉറപ്പ് വരുത്തണം. ഡയാലിസിസ് രോഗികൾക്ക് കൊവിഡ് ബാധിച്ചാൽ ഡയാലിസിസ് മുടങ്ങാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം.
കൊവിഡ് രോഗലക്ഷണമുള്ളവർക്ക് മാത്രം കൊവിഡ് പരിശോധന നടത്തുന്നതാണ് അഭികാമ്യം. ഗുരുതര രോഗമുള്ളവർ, പ്രായമായവർ, ഗർഭിണികൾക്കും പ്രത്യേക പരിഗണന നൽകണം.
കൊവിഡ് പോസിറ്റീവ് ആയാൽ ചികിത്സിക്കുന്ന ആശുപത്രിയിൽ തന്നെ തുടർ ചികിത്സ ഉറപ്പാക്കണം. ആശുപത്രി ജീവനക്കാരും ഗുരുതര രോഗമുള്ളവർ, ഗർഭിണികൾ, ആശുപത്രിയിൽ എത്തുന്നവരും കൃത്യമായി മാസ്‌ക് ധരിക്കണം.
നിലവിലെ ആക്ടീവ് കേസുകളിൽ ബഹു ഭൂരിപക്ഷം പേരും നേരിയ രോഗ ലക്ഷണങ്ങൾ ഉള്ളതിനാൽ വീടുകളിൽ തന്നെയാണ് കഴിയുന്നത്.
മരണപ്പെട്ടവരിൽ ഒരാൾ ഒഴികെ എല്ലാവരും 65 വയസ്സിന് മുകളിലുള്ളവരാണ്. കൂടാതെ ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, കാൻസർ തുടങ്ങിയ ഗുരുതര അനുബന്ധ രോഗങ്ങൾ ഉള്ളവ ആയിരുന്നു.
ഫലം ലഭിച്ചതിൽ ഒരു സാമ്പിളിൽ മാത്രമാണ് ജെ.എൻ-1 ഒമിക്രോൺ വേരിയെന്റ് സ്ഥിരീകരിച്ചത്. ആ വ്യക്തിക്ക് രോഗം ഭേദമാവുകയും ചെയ്തു.
ആശുപത്രികളിലുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍, റൂമുകള്‍, ഓക്‌സിജന്‍ കിടക്കകള്‍, ഐ. സി. യു. കിടക്കകള്‍, വെന്റിലേറ്റുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. ഡിസംബര്‍ 13 മുതല്‍ 16 വരെ ഇവയുടെ ലഭ്യത ഉറപ്പ് വരുത്താനായി 1192 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തി ഓണ്‍ ലൈന്‍ മോക് ഡ്രില്‍ നടത്തി. ഓക്‌സിജന്‍ സൗകര്യം ലഭ്യമായ 1957 കിടക്കകളും, 2454 ഐ. സി. യു. കിടക്കകളും 937 വെന്റിലേറ്റര്‍ സൗകര്യമുള്ള ഐ. സി. യു. കിടക്കകളും ലഭ്യമാണ്. PRD