കൊല്ലം: മന്ത്രി ഗണേഷ്കുമാറും ആര്‍. ബാലകൃഷ്ണപിള്ളയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ ഗണേഷിനെ മന്ത്രിസഭയില്‍ നിന്നൊഴിവാക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടു നീങ്ങാന്‍ പാര്‍ട്ടി ചെയര്‍മാന്‍ ബാലകൃഷ്ണപിള്ള തീരുമാനിച്ചു ഇതിന് കേരള കോണ്‍ഗ്രസ് (ബി) നേതാക്കളുടെ പിന്തുണയുണ്ട് . എന്നാല്‍ 22ന് കൊട്ടാരക്കരയില്‍ ചേരുന്ന ജില്ലാ കമ്മിറ്റിയോഗത്തിനുശേഷം ഫെബ്രുവരി 7ന് കൊച്ചിയില്‍ നടക്കുന്ന സംസ്ഥാന നിര്‍വാഹകസമിതി യോഗത്തില്‍ മന്ത്രിയെ പിന്‍വലിക്കാനുള്ള ഔദ്യോഗിക തീരുമാനം പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കൊല്ലത്തു ചേര്‍ന്ന ജില്ലയിലെ 11 നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്‍റുമാരുടെ യോഗം മന്ത്രി ഗണേഷ്‌കുമാറിനെ ഇനി പാര്‍ട്ടിക്ക് ആവശ്യമില്ലെന്ന് ഏകകണ്ഠമായി പ്രഖ്യാപിച്ചു. ആര്‍. ബാലകൃഷ്ണപിള്ളയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രത്യേക യോഗം ചേര്‍ന്നത്. പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാതിരിക്കുകയും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പാര്‍ട്ടിക്കാരെ ഒഴിവാക്കി സിനിമാക്കാരെയും ആശ്രിതരെയും കുത്തിനിറക്കുകയും ചെയ്യുന്ന മന്ത്രിയെ ഒരു കാരണവശാലും തുടരാന്‍ അനുവദിക്കേണ്ടതില്ലെന്ന് യോഗത്തിനുശേഷം പുറപ്പെടുവിച്ച പ്രസ്താവനയില്‍ നേതാക്കള്‍ അറിയിച്ചു. കൊല്ലത്തു ചേര്‍ന്ന നിയോജകമണ്ഡലം പ്രസിഡന്‍റുമാരുടെ സംയുക്തയോഗത്തില്‍ കൊല്ലം മണ്ഡലം പ്രസിഡന്‍റ് തടത്തിവിള രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പൊടിയന്‍ വര്‍ഗീസ് (കൊട്ടാരക്കര), വാസുദേവന്‍പിള്ള (പത്തനാപുരം), ബാലചന്ദ്രന്‍ നായര്‍ (പുനലൂര്‍), പൂരം ശ്രീകുമാര്‍ (കുണ്ടറ), പ്രതാപന്‍ കുണ്ടറ (ഇരവിപുരം), ദിവാകരന്‍ കടലോടി (ചവറ), രാജു പണ്ടകശാല (കരുനാഗപ്പള്ളി), രവികുമാര്‍ (കുന്നത്തൂര്‍), രാധാകൃഷ്ണക്കുറുപ്പ് (ചടയമംഗലം), അറപ്പുരയ്ക്കല്‍ ശ്രീകുമാര്‍ (ചാത്തന്നൂര്‍) എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തു.