കാസര്‍കോട്: പാര്‍ട്ടി വിരുദ്ധര്‍ക്ക് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുന്ന സി. പി. എം. അണികള്‍ ഒടുവില്‍ പാര്‍ട്ടിയ്ക്കു നേരെയും പ്രതിഷേധത്തിന്റെ കരിങ്കൊടി കാണിക്കുവാന്‍ തുടങ്ങി. കാസര്‍കോട് ജില്ലയിലെ സി. പി. എമ്മിന്റെ ശക്തി കേന്ദ്രമായ ബേഡകത്തെ ഏരിയാ സമ്മേളന വേദിയ്ക്കരികിലെ കൊടി മരത്തിലാണ് പാര്‍ട്ടി പതാക നീക്കി കരിങ്കൊടി ഉയര്‍ന്നത്. സമ്മേളന നഗരിയില്‍ ഉയര്‍ത്തിയ കരിങ്കൊടി ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അഴിച്ചു മാറ്റുകയായിരുന്നു. ശക്തമായ വിഭാഗീയതയാണ് കാസര്‍കോട് ജില്ലയിലെ പലയിടങ്ങളിലും നിലനില്‍ക്കുന്നതെന്നും ഇതിന്റെ പ്രതിഫലനമാണ് ബേഡകത്ത് കരിങ്കൊടി ഉയര്‍ത്തിയതിലൂടെ വ്യക്തമാകുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബേഡകത്തെ കൂടാതെ പടുപ്പ്, ബന്തടുക്ക, ആനക്കല്ല് എന്നിവിടങ്ങളിലും പാര്‍ട്ടി കൊടികള്‍ക്ക് പകരം കരിങ്കൊടി ഉയര്‍ത്തിയതയി കണ്ടെത്തിയിട്ടുണ്ട്.
ബേഡകം ഏരിയാ സമ്മേളനത്തില്‍ ഔദ്യോഗിക പക്ഷം തോറ്റതിനെ തുടര്‍ന്ന് സമ്മേളനം റദ്ദു ചെയ്യുവാന്‍ ഒരു വിഭാഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലാ നേതൃത്വത്തിന് ഇവര്‍ കത്തു നല്‍കിയതായാണ് അറിയുന്നത്. വി. എസ്. അച്യുതാനന്ദന് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റു നിഷേധിച്ചപ്പോള്‍ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടന്ന ജില്ലയാണ് കാസര്‍കോഡ്. നേതൃത്വത്തിനെതിരെ പോസ്റ്ററുകളും പ്രകടനങ്ങളും ഉണ്ടാകാറുണ്ടെങ്കിലും പാര്‍ട്ടിയുടെ ഏരിയാ സമ്മേളന വേദിയ്ക്കരികില്‍ അടക്കം പ്രദേശത്തെ പലയിടങ്ങളിലും പാര്‍ട്ടി കൊടി മാറ്റി പകരം കരിങ്കൊടി ഉയര്‍ത്തിയത് പാര്‍ട്ടി നേതൃത്തെ അസ്വസ്ഥമാക്കിയിട്ടുണ്ട്.