തിരുവനന്തപുരം: നിയമ സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ മുഖ്യ മന്ത്രിയായി വീണ്ടും ജനങ്ങള്‍ പരിഗണിക്കുന്നത് ആരെ എന്ന ചോദ്യത്തിന് ഉത്തരമായി വി. എസ്. അച്ച്യുതാനന്ദന്‍ തന്നെ മുന്‍പില്‍. ഇതോടെ കേരള രാഷ്ടീയത്തില്‍ വി. എസ്. അച്ച്യുതാനന്ദനോളം സ്വാധീനമുള്ള വ്യക്തിയില്ലെന്ന് ഒരിക്കല്‍ കൂടെ വ്യക്തമായിരിക്കുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത 32 ശതമാനം പേര്‍ വി. എസിനെയാണ് അനുകൂലിച്ചത്. വി. എസ്. മത്സരിക്കുന്നില്ലെങ്കില്‍ 17 ശതമാനം പേര്‍ ഇടതു പക്ഷത്തിന് അനുകൂലമായ നിലപാട് മാറ്റുമെന്നും അറിയിച്ചു. മുഖ്യ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്ക പ്പെട്ടവരില്‍ 27 ശതമാനം പേര്‍ ഉമ്മന്‍ ചാണ്ടിയേയും 17 ശതമാനം പേര്‍ എ. കെ. ആന്റണിയേയും 12 ശതമാനം പേര്‍ രമേശ് ചെന്നിത്തലയേയും അനുകൂലിച്ചപ്പോള്‍ സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ 10 ശതമാനം പേര്‍ മാത്രമാണ് അനുകൂലിച്ചത്. ഏഷ്യാനെറ്റ് ചാനലും സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഫോര്‍കാസ്റ്റിംഗും സംയുക്തമായി നടത്തിയ സര്‍വ്വേ ഫലത്തിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.
മുഖ്യ മന്ത്രി എന്ന നിലയില്‍ വി. എസ്. അച്ച്യുതാനന്ദന്റെ പ്രവര്‍ത്തനങ്ങളെ 19 ശതമാനം പേര്‍ വളരെ നല്ലതെന്നും 23 ശതമാനം പേര്‍ നല്ലതെന്നും 48 ശതമാനം പേര്‍ ശരാശരിയെന്നും വിലയിരുത്തി യപ്പോള്‍ 7 ശതമാനം പേര്‍ മോശമെന്നും 3 ശതമാനം പേര്‍ വളരെ മോശം എന്നും അഭിപ്രായപ്പെട്ടു. വി. എസിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പാര്‍ട്ടി ഇനിയും വ്യക്തമായ തീരുമാനം എടുത്തിട്ടില്ല. ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നേ ഉള്ളൂ. എന്നാല്‍ പൊതുജന വികാരം കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും വി. എസിന് അനുകൂലമാണ്. പലയിടങ്ങളിലും വി. എസ്. അനുകൂല ഫ്ലക്സുകളും പോസ്റ്ററുകളും ഉയര്‍ന്നു കഴിഞ്ഞു. ഇടതു പക്ഷത്തു നിന്നും ഉയര്‍ത്തി കാണിക്കുവാന്‍ മറ്റൊരു നേതാവും ഇല്ല എന്നതും വി. എസിന് അനുകൂല ഘടകമായി മാറുന്നു. അച്ച്യുതാനന്ദന് സീറ്റ് നിഷേധി ക്കുകയാണെങ്കില്‍ അത് ഇടതു പക്ഷത്തിനു കനത്ത തിരിച്ചടിക്ക് ഇട വരുത്തും എന്ന് പൊതുവില്‍ വിലയിരുത്തല്‍ ഉണ്ട്.