തൊടുപുഴ : സീറ്റു വിഭജനം തുടങ്ങും മുമ്പെ തൊടുപുഴ സീറ്റില്‍ പി. ജെ. ജോസഫ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കെ. എം. മാണിയ്ക്കെതിരെ കൂടുതല്‍ പേര്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം ഇതിനെതിരെ പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും മാണി വിഭാഗവും തമ്മില്‍ തെരുവില്‍ ഏറ്റു മുട്ടിയിരുന്നു. പി. ജെ. ജോസഫിന്റേയും കെ. എം. മാണിയുടേയും പോസ്റ്ററുകളും ഫ്ലക്സുകളും വ്യാപകമായി നശിപ്പിച്ചു. ഇന്നലെ രാത്രിയിലും ഇന്നു പകലും നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ കെ. എം. മാണിയുടെ കോലം കത്തിക്കുകയും ചെയ്തു.
നിലവില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളാണ് തൊടുപുഴ മണ്ഡലത്തില്‍ മത്സരി ക്കുന്നതെന്നും മുന്നണി മാറി വന്ന ജൊസഫിനു ആ സീറ്റ് അവകാശപ്പെടുവാന്‍ ആകില്ലെന്നും യു. ഡി. എഫിലെ ജില്ലയിലെ പല നേതാക്കളും അഭിപ്രായപ്പെട്ട് രംഗത്തു വന്നു. വിമാന യാത്രയ്ക്കിടെ സഹ യാത്രികയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ പേരില്‍ പി. ജെ. ജോസഫിനെതിരെ കേസുണ്ടായിരുന്നു എന്നും കോടതി വെറുതെ വിട്ടെങ്കിലും ഇത് തിരഞ്ഞെടുപ്പില്‍ യു. ഡി. എഫിനു ദോഷകരമായി ബാധിക്കും എന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. കെ. എം. മാണിയുടെ തന്ത്രമാണ് ആരവം ഉണ്ടാക്കുന്നതിനു പിന്നിലെന്നും മാണിയുടെ മകന്‍ ജോസ് കെ. മാണിയെ മന്ത്രിയാക്കാനുള്ള ശ്രമമാകാം ഇതെന്നും താന്‍ കരുതുന്നതായി പി. സി. തോമസ് പറഞ്ഞു. മുന്നണി സംവിധാനത്തെ പറ്റി നന്നായി അറിയാവുന്ന മാണിയുടെ പ്രസ്താവന തന്നെ അല്‍ഭുതപ്പെടുത്തിയെന്ന് ടി. എം. ജേക്കബ് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ്സുകാരെ കയറൂരി വിടരുതെന്നും ഇത്തരം പരിപാടികള്‍ മുന്നണി സംവിധാനത്തിനു പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും കെ. എം. മാണി ശക്തമായ ഭാഷയില്‍ മുന്നറിയിപ്പു നല്‍കി. പാര്‍ട്ടി പറഞ്ഞാല്‍ താന്‍ തൊടുപുഴയില്‍ മത്സരിക്കുമെന്ന് പി. ജെ. ജോസഫ് വ്യക്തമാക്കി. പ്രകടനം നടത്തുവാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍ അത് മറ്റുള്ളവരെ ആക്രമിക്കുന്ന രീതിയില്‍ ആകരുതെന്നും ജോസഫ് കൂട്ടിചേര്‍ത്തു. എന്നാല്‍ മാണിയുടെ പ്രസ്താവനയെ പറ്റി പ്രതികരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു.