തിരുവനന്തപുരം: പാമൊലിന്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന കോടതി നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി രാജിക്കൊരുങ്ങിയതായി റിപ്പോര്‍ട്ട്. എന്നാല്‍ ഹൈക്കമാന്‍ഡിന്റെയും, പ്രതിരോധ മന്ത്രി എ. കെ. ആന്‍റണിയുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി രാജിയില്‍ നിന്നും പിന്തിരിയുകയായിരുന്നു. എന്നാല്‍ വിജിലന്‍സ് വകുപ്പിന്‍റെ ചുമതല ഉമ്മന്‍ ചാണ്ടി ഒഴിയുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി തീരുമാനമെടുത്തുകഴിഞ്ഞതായാണ് സൂചന. പ്രതിരോധമന്ത്രി എ കെ ആന്‍റണിയുമായി ഉമ്മന്‍ചാണ്ടി സംസാരിച്ചു. മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന് ആന്‍റണി നിര്‍ദ്ദേശിച്ചതായാണ് അറിയുന്നത്. എന്നാല്‍ വിജിലന്‍സ് അന്വേഷണം നേരിടുമ്പോള്‍ വിജിലന്‍സ് വകുപ്പിന്‍റെ ചുമതലയില്‍ തുടരുന്നത് അഭംഗിയാണെന്ന് തിരിച്ചറിഞ്ഞാണ് വിജിലന്‍സ് വകുപ്പ് ഒഴിയാന്‍ ഉമ്മന്‍ചാണ്ടി തയ്യാറെടുക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ താന്‍ തയ്യാറാണെന്നാണ് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെയും കെ പി സി സി – യു ഡി എഫ് നേതാക്കളെയും നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ ധൃതിപിടിച്ച് വികാരപരമായ ഒരു തീരുമാനം കൈക്കൊള്ളരുതെന്നാണ് ഏവരും അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചത്. രാജിവയ്ക്കേണ്ട ആവശ്യമില്ലെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു. ഇപ്പോള്‍ രാജിവയ്ക്കേണ്ടതില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും അദ്ദേഹത്തെ അറിയിച്ചു.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്ന ആവശ്യമുയര്‍ത്തി പ്രതിപക്ഷം രംഗത്ത് എത്തിക്കഴിഞ്ഞു. ഈ വിഷയത്തില്‍ കൂടുതല്‍ ആക്രമണത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷം. പിണറായി വിജയന്‍, വി എസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്യ്ണന്‍, തോമസ് ഐസക് തുടങ്ങിയവര്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിക്കഴിഞ്ഞു.