ന്യൂഡെല്‍ഹി: വി. എസ്. അച്യുതാനന്ദന്‍ സി. പി. എം. കേന്ദ്ര നേതൃത്വത്തിനു നല്‍കിയ കത്ത് പാര്‍ട്ടി കേന്ദ്ര കമ്മറ്റി വോട്ടിനിട്ട് തള്ളി. വി. എസിന്റെ വിയോജന കുറിപ്പോടെയാണ് കത്ത് തള്ളിയത്. ടി. പി. ചന്ദ്രശേഖരന്‍ വധക്കേസ് ഉള്‍പ്പേടെ ഉള്ള വിഷയങ്ങള്‍ ആണ് കത്തില്‍ അദ്ദേഹം ഉന്നയിച്ചിരുന്നത്. ഈ വിഷയങ്ങള്‍ നേരത്തെ ചര്‍ച്ച ചെയ്തു തീരുമാനം എടുത്തതാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
താന്‍ പാര്‍ട്ടി വിരുദ്ധനാണെന്ന പരാമര്‍ശം ഉള്ള സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ പ്രമേയം സംബന്ധിച്ച വി. എസിന്റെ പരാതി പി. ബി. കമ്മീഷനു കൈമാറുവാന്‍ തീരുമാനിച്ചു. വി. എസ്. കേന്ദ്ര കമ്മറ്റിക്ക് നല്‍കിയ കത്ത് ചോര്‍ന്നത് സംബന്ധിച്ചും അന്വേഷണം നടത്തും. കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്നതു വരെ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുവാന്‍ വി. എസിനോട് കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.
ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ നിന്നും വി. എസ്. ഇറങ്ങിപ്പോയതില്‍ ശക്തമായ വിയോജിപ്പ് പാര്‍ട്ടി രേഖപ്പെടുത്തുകയും ചെയ്തു. കേന്ദ്ര കമ്മിറ്റിയില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ വി. എസ്. വളരെ ശക്തമായ ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചതെന്ന് സൂചനയുണ്ട്. താന്‍ പാര്‍ട്ടി വിരുദ്ധനാണെന്ന പ്രമേയം നിലനില്‍ക്കെ പാര്‍ട്ടിയില്‍ തുടരാനാകില്ലെന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ജില്ലാ സമ്മേളനങ്ങളുമായി സഹകരിച്ചിരുന്നതായി ചൂണ്ടിക്കാട്ടിയ വി. എസ്. പാര്‍ട്ടി വിരുദ്ധനായി ചിത്രീകരിച്ചതിനാലാണ് സംസ്ഥാന സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയതെന്ന് പറഞ്ഞു.