തിരുവനന്തപുരം:എസ്.എസ്.എല്‍.സി ചോദ്യപ്പേപ്പറില്‍ ചന്ദ്രക്കലയും നക്ഷത്രവും ഉള്‍പ്പെടുത്തിയ സംഭവത്തില്‍ അച്ചടിച്ച സ്ഥാപനത്തെ പഴി ചാരി വിദ്യാഭ്യാസ വകുപ്പ് കൈകഴുകുന്നു. അരുടേയും നിര്‍ദേശപ്രകാരമല്ല ചന്ദ്രക്കലയും നക്ഷത്രവും ഉള്‍പ്പെടുത്തിയതെന്നും പ്രസ്സിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും മുസ്ലിം ലീഗ് നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ പി.കെ.അബ്ദുറബ് പറഞ്ഞു. മുസ്ലിം ലീഗിന്റെ പ്രത്യേക താല്പര്യ പ്രകാരമാണ് ചന്ദ്രക്കല ഉള്‍പ്പെടുത്തിയതെന്നും വിദ്യാഭ്യാസ രംഗത്ത് ലീഗ് വല്‍ക്കരണമാണ് നടക്കുന്നതെന്നും വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.ചോദ്യപേപ്പര്‍ അച്ചടിക്കുന്നത് സംസ്ഥാനത്തിനു പുറത്ത് തികച്ചും രഹസ്യ സ്വഭാവത്തിലാണെന്നും ചോദ്യപേപ്പര്‍ അവസാനിച്ചു എന്നത് സൂചിപ്പിക്കുവാനായി പ്രസ്സുകാര്‍ തന്നെയാണ് ചിഹ്നം തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
സോഷ്യല്‍ സയന്‍സ് ചോദ്യക്കടലാസിലാണ് ചന്ദ്രക്കലയും നക്ഷത്ര ചിഹ്നവും ഉള്‍പ്പെടുത്തിയിതായി ആദ്യം കണ്ടത്. മറ്റു ചോദ്യപേപ്പറുകളിലും ഇത് ഉള്‍പ്പെടുത്തിയതായി സംശയിക്കുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കുവാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.
പ്രസ്സിനെതിരെ മന്ത്രിയുടെ നിര്‍ദേശ പ്രകാരം നടപടി സ്വീകരിക്കുമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു. ചോദ്യക്കടലാസിന്റെ അവസാനം എന്തെങ്കിലും ചിഹ്നം ഉപയോഗിക്കുവാനോ ഉള്‍പ്പെടുത്തുവാനോ അനുമതിയോ, നിര്‍ദേശമോ പരീക്ഷാഭവനില്‍ നിന്നോ ചോദ്യകര്‍ത്താക്കളില്‍ നിന്നോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുന്ന ഒരു ചടങ്ങില്‍ ടീച്ചര്‍മാര്‍ പച്ചബ്ലൌസ് ധരിച്ചെത്തണമെന്ന്വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ ധരിച്ചെത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയത് നേരത്തെ വിവാദമായിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക വസതിയുടെ ഗംഗ എന്ന പേരു അബ്ദുറബ് മാറ്റിയിരുന്നു. മുസ്ലിം ലീഗ് കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പില്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍മാരെ നിയോഗിക്കുന്നതുള്‍പ്പെടെ വ്യാപകമായ ലീഗ് വല്‍ക്കരണമാണ് നടക്കുന്നതെന്ന് വിവിധ സംഭവങ്ങള്‍ ചൂണ്ടിക്കാടി വിമര്‍ശനം ഉയര്‍ന്നിരുന്നു.