തൃശ്ശൂര്‍: മഹാനായ മന്നം ഇരുന്ന കസേരയില്‍ ഇപ്പോള്‍ മന്ദബുദ്ധിയാണ് ഇരിക്കുന്നതെന്ന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരിഹാസം. കനകസിംഹാസനത്തില്‍ ഇപ്പോള്‍ ഇരിക്കുന്നത് ശുംഭനോ അതോ ശുനകനോ എന്ന പാട്ടാണ് ഓര്‍മ്മ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസ് സുകുമാരന്‍ നായരെ രൂക്ഷമായ ഭാഷയിലാണ് വെള്ളാപ്പള്ളി വിമര്‍ശിച്ചത്. പോപ്പാണെന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത് ഒരു കോപ്പും അറിയാന്‍ വയ്യാത്തതു കൊണ്ടാണ് ഇങ്ങനെ പറയുന്നത്. ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ആളാണ് സുകുമാരന്‍നായര്‍. സുധീരന്‍ ഉള്‍പ്പെട്ട വിവാദവും ഇത്തരത്തിലുള്ളതാണ് വി.എന്‍ സുധീരനു കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനം ലഭിച്ചത് സംവരണം മൂലമാണെന്നും അദ്ദേഹം പെരുന്നയില്‍ പോകരുതായിരുന്നു എന്നും വെള്ളാപ്പള്ളി പറഞ്ഞു. ശ്രീ നാരായണ ഗുരുവിന്റെ ജീവചരിത്രം കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്നതിന്റെ പ്രകാശന ചടങ്ങിനായി തൃശ്ശൂരില്‍ എത്തിയതായിരുന്നു വെള്ളാപ്പള്ളി.
സംവരണത്തിന്റെ ആനുകൂല്യത്തില്‍ അല്ല കോണ്‍ഗ്രസ്സുകാരന്‍ ആയതുകൊണ്ടാണ് താന്‍ കെ.പി.സിസി. പ്രസിഡണ്ടായതെന്ന് വി.എം.സുധീരന്‍ വെള്ളാപ്പള്ളിക്ക് മറുപടി നല്‍കി. തന്നെ പ്രസിഡണ്ടാക്കരുത് എന്ന് ആവശ്യപ്പെട്ടവരുണ്ട്, ഇങ്ങനെ ശക്തമായ നിലപാട് എടുത്തവര്‍ ഇപ്പോള്‍ തന്റെ അഭ്യുദയകാംഷികളായി രംഗത്ത് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.