തൃശ്ശൂർ: ടി.പി. വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതികളെ സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ ഉള്ള സി.പി.എം. നേതാക്കള്‍ തൃശ്ശൂര്‍ വിയ്യൂരിലെ ജയിലില്‍ സന്ദര്‍ശിച്ചു. പ്രതികളെ ജയിലില്‍ മര്‍ദ്ദിച്ചതായുള്ള വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് അവരെ കാണാന്‍ എത്തിയതെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സത്യമറിയുവാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരിട്ട് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജയിലില്‍ സി. സി. ടി. വി. ഇല്ലാത്ത സ്ഥലത്തു കൊണ്ടു പോയി മര്‍ദ്ദിക്കുകയായിരുന്നു എന്നും ഇവരില്‍ പലര്‍ക്കും ഗുരുതരമായ പരിക്കുണ്ടെന്നും സംഘം പറഞ്ഞു.
ടി.പി. വധക്കേസില്‍ സി.പി.എമ്മിനു പങ്കില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോളാണ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗവും എം.എൽ.എ. മാരും അടങ്ങുന്ന സംഘം വാടകക്കൊലയാളികള്‍ എന്ന് കോടതി പരാമര്‍ശിച്ച കൊടി സുനി അടക്കം ഉള്ള പ്രതികളെ അടക്കം സന്ദര്‍ശിച്ചത്. ഇവരുടെ അവകാശങ്ങള്‍ക്കായി പൊരുതുമെന്നും കോടിയേരി വ്യക്തമാക്കി. വ്യാഴാഴ്ചയാണ് പ്രതികളെ കണ്ണൂരില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റിയത്. എം.എൽ.എ. മാരായ ബാബു. എം. പാലിശ്ശേരി, ബി.ഡി. ദേവസ്സി, സി. രവീന്ദ്ര നാഥ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എ. സി. മൊയ്തീന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.