തിരുവനന്തപുരം: രാജ്യമാകെ തൂത്തെറിയപ്പെട്ടിട്ടും കേരളത്തിൽ കോൺഗ്രസിന് ആശ്വസിക്കാവുന്ന വിധി. ആകെയുള്ള 20 സീറ്റിൽ 12ലും യു. ഡി. എഫ്. വിജയിച്ചു. എൽ. ഡി. എഫിന് 8 സീറ്റ് ലഭിച്ചു. ബി. ജെ. പി. ഇത്തവണയും അക്കൌണ്ട് തുറന്നില്ല. കോൺഗ്രസ് 13 സീറ്റിൽ നിന്നും 9 സീറ്റിലേക്ക് ചുരുങ്ങി. എങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കേന്ദ്രത്തിലെ അതി ദയനീയ പരാജയം കണക്കിലെടുത്താൽ കേരളത്തിലേത് അത്ര വലിയ തോൽവിയായി കണക്കാക്കേണ്ടതില്ല. കൂടാതെ മത്സരിച്ച കേന്ദ്ര മന്ത്രിമാർ എല്ലാവരും വിജയിച്ചു എന്ന് ആശ്വസിക്കാം. മുസ്ലീം ലീഗ് രണ്ടും കേരള കോൺഗ്രസ് (എം) ഒരു സീറ്റും നിലനിർത്തി. എൽ. ഡി. എഫ്. 4 സീറ്റിൽ നിന്നും 8 ലേക്ക് ഉയർന്നു. സി. പി. എം. നാല് സീറ്റുകൾ നിലനിർത്തി. രണ്ടു സ്വതന്ത്രർ അടക്കം 7 സീറ്റ് സി. പി. എമ്മിനും സി. പി. ഐ. ക്ക് ഒരു സീറ്റും നേടാനായി. എങ്കിലും ഭരണ വിരുദ്ധ വികാരം മുതലാക്കാൻ ഇടതിനായില്ല. എം. ബി. രാജേഷിന്റെ മിന്നുന്ന വിജയം ഒഴിച്ചാൽ നഷ്ടങ്ങളാണ് ഏറെയും. രാജ്യത്താകമാനം കോൺഗ്രസ് വിരുദ്ധ വികാരം അലയടിച്ചപ്പോൾ, കാസർക്കോട്ട് ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു,
തിരുവനന്തപുരത്ത് സി. പി. ഐ. മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി ശശി തരൂര്‍ 13,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബി. ജെ. പി. യുടെ ഒ. രാജഗോപാലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. തരൂര്‍ 295126 വോട്ടും, രാജഗോപാല്‍ 281264 വോട്ടും നേടി ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു.
ആറ്റിങ്ങലില്‍ സി. പി. എം. സിറ്റിങ് സ്ഥാനാര്‍ഥി എ. സമ്പത്ത് മണ്ഡലം നിലനിര്‍ത്തി. മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയെ 69806 വോട്ടിനാണ് പരാജയപ്പെടുത്തിയത്. സമ്പത്ത് 391346 വോട്ടും ബിന്ദു കൃഷ്ണ 321540 വോട്ടും നേടി.
കൊല്ലത്ത് പി. ബി. അംഗം എം. എ. ബേബിയുടെ തോൽവി പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയായി. അവസാന നിമിഷം മുന്നണി വിട്ട് യു. ഡി. എഫിൽ ചേക്കേറിയ ആർ. എസ്. പി. യിലെ എൻ. കെ. പ്രേമചന്ദ്രൻ വൻ വിജയം നേടി. പ്രേമചന്ദ്രൻ 37649 വോട്ടിന്റെ ഭൂരിപക്ഷം നേടി. പ്രേമചന്ദ്രന്‍ അകെ 408528 വോട്ടാണ് നേടിയത്. ബേബി 370879 വോട്ടും ബി. ജെ. പി. യുടെ പി. എം. വേലായുധന്‍ 58671 വോട്ടും പിടിച്ചു.
കോൺഗ്രസിൽ നിന്നും വന്ന പീലിപ്പോസ് തോമസിനെ സ്വതന്ത്രനായി നിര്‍ത്തി വോട്ട് പിടിക്കാനുള്ള ഇടത് തന്ത്രം പത്തനംതിട്ടയില്‍ പാളി. യു. ഡി. എഫ്. സിറ്റിങ് എം. പി. ആന്റോ ആന്റണി 56191 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തി. ആന്റോ ആന്‍റണിക്ക് 358842 വോട്ടും, പീലിപ്പോസിന് 302651 വോട്ടും ലഭിച്ചു. ബി. ജെ. പി. യുടെ എം. ടി. രമേശ് 138954 വോട്ട് പിടിച്ച് മൂന്നാം സ്ഥാനത്ത് എത്തി.
മാവേലിക്കരയില്‍ കേന്ദ്ര മന്ത്രി കൊടിക്കുന്നേല്‍ സുരേഷ് 32737 വോട്ടിന് ചെങ്ങറ സുരേന്ദ്രനെ തോല്‍പിച്ചു. കൊടിക്കുന്നേല്‍ 402432ഉം ചെങ്ങറ 369695ഉം വോട്ടുകള്‍ നേടി. ബി. ജെ. പി. യുടെ പി. സുധീര്‍ 79743 വോട്ട് പിടിച്ചു.
ഏറെ വിവാദങ്ങ ള്‍ക്കൊടുവിലും ആലപ്പുഴയില്‍ സിറ്റിങ് എം. പി. യും കേന്ദ്ര മന്ത്രിയുമായ കെ. സി. വേണുഗോപാല്‍ വിജയിച്ചു. എൽ. ഡി. എഫ്. സ്ഥാനാര്‍ഥി സി. ബി. ചന്ദ്രബാബുവിനെ 19407 വോട്ടിന് വേണുഗോപാല്‍ പരാജയപ്പെടുത്തി. വേണുഗോപാല്‍ 462525ഉം ചന്ദ്രബാബു 443118ഉം വോട്ടുകള്‍ നേടി. ബി. ജെ. പി. യുടെ പിന്തുണയോടെ മത്സരിച്ച ആർ. എസ്. പി. – ബി. യുടെ എ. വി. താമരാക്ഷന്‍ മൂന്നാം സ്ഥാനത്ത് എത്തി.
കോട്ടയത്ത് യു. ഡി. എഫ്. സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ് – എമ്മിലെ ജോസ് കെ. മാണി ഭൂരിപക്ഷം ഉയര്‍ത്തി രണ്ടാം തവണയും വിജയം ആവർത്തിച്ചു. 120599 വോട്ടാണ് ഭൂരിപക്ഷം. 2009ല്‍ 71570 വോട്ടായിരുന്നു ഭൂരിപക്ഷം. ജോസ് കെ. മാണി 424194 വോട്ടും മാത്യു ടി. തോമസ് 303595 വോട്ടും നേടി. ബി. ജെ. പി. പിന്തുണയില്‍ മത്സരിച്ച സ്വതന്ത്രന്‍ നോബ്ള്‍ മാത്യു 44357 വോട്ട് പിടിച്ചു. ആപ്പിന്റെ അനില്‍ ഐക്കര 26381 വോട്ട് നേടി.
ഇടുക്കിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജ് അട്ടിമറി വിജയം നേടി. പി. ടി. തോമസിനെ മാറ്റിയതും കസ്തൂരിരംഗന്‍ വിഷയവും ഇടത് സ്വതന്ത്രന്റെ വിജയം അനായാസമാക്കി. 50542 വോട്ട് ഭൂരിപക്ഷം നേടിയ ജോയ്സ് 382019 വോട്ടുകള്‍ നേടി. യൂത്ത് കോണ്‍ഗ്രസ് നേതാവും യു. ഡി. എഫ്. സ്ഥാനാര്‍ഥിയുമായ ഡീന്‍ കുര്യാക്കോസ് 331477ഉം ബി. ജെ. പി. യുടെ സാബു വര്‍ഗീസ് 50438ഉം വോട്ട് പിടിച്ചു.
എറണാകുളത്ത് സിറ്റിങ് എം. പി. യും കേന്ദ്ര മന്ത്രിയുമായ കെ. വി. തോമസ് 87047 ഭൂരിപക്ഷം ഉയർത്തി രണ്ടാമതും വിജയിച്ചു. ഇടത് സ്വതന്ത്രന്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസ് (266794) രണ്ടാം സ്ഥാനവും, ബി. ജെ. പി. യുടെ എന്‍. രാധാകൃഷ്ണന്‍ (99003) മൂന്നാം സ്ഥാനവും നേടി. ആപ്പ് സ്ഥാനാര്‍ഥിയും പ്രമുഖ മാധ്യമ പ്രവര്‍ത്തകയുമായ അനിത പ്രതാപ് 51517 വോട്ട് നേടി.
ചാലക്കുടിയില്‍ ഇടത് സ്വതന്ത്രനും, സിനിമാ താരവുമായ ഇന്നസെന്‍റ് പ്രമുഖ കോണ്‍ഗ്രസ് നേതാവും യു. ഡി. എഫ്. സ്ഥാനാര്‍ഥിയുമായ പി. സി. ചാക്കോയെ അട്ടിമറിച്ചു. 13884 വോട്ടാണ് ഇന്നസെന്റിന്റെ ഭൂരിപക്ഷം. പി. സി. ചാക്കോ 344556ഉം ഇന്നസെന്റ് 358440ഉം വോട്ടും നേടി. ബി. ജെ. പി. യുടെ ബി. ഗോപാലകൃഷ്ണന്‍ 92848 വോട്ട് പിടിച്ചു.
തൃശൂരില്‍ സി. പി. ഐ. യുടെ മാനം കാത്ത് സി. എന്‍. ജയദേവന്‍ 38227 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു. ഡി. എഫിലെ കെ. പി. ധനപാലനെ പരാജയപ്പെടുത്തി കന്നി വിജയം നേടി. ജയദേവന്‍ 389209ഉം ധനപാലന്‍ 350982ഉം വോട്ട് കരസ്ഥമാക്കി. ബി. ജെ. പി. യുടെ കെ. പി. ശ്രീശന്‍ 102681 വോട്ട് നേടി മൂന്നാം സ്ഥാനത്ത് എത്തി. പ്രമുഖ എഴുത്തുകാരിയും ആപ്പ് സ്ഥാനാര്‍ഥിയുമായ സാറാ ജോസഫ് 44638 വോട്ട് പിടിച്ചതും ശ്രദ്ധേയമായി.
ആലത്തൂരില്‍ സി. പി. എമ്മിലെ പി. കെ. ബിജു ഭൂരിപക്ഷം വർദ്ധിപ്പിച്ചു കൊണ്ട് മണ്ഡലം നിലനിര്‍ത്തി. യു. ഡി. എഫ്. സ്ഥാനാര്‍ഥി ഷീബയെ 37312 വോട്ടിനാണ് ബിജു തോല്‍പിച്ചത്. ബിജു 411808 വോട്ടും ഷീബ 374496 വോട്ടും നേടി. ബി. ജെ. പി. യുടെ ഷാജുമോന്‍ വട്ടേക്കാട്ട് 87803 വോട്ടുമായി മൂന്നാം സ്ഥാനത്ത്.
പാലക്കാട് എം. ബി. രാജേഷ് 1005300ന്റെ വൻ ഭൂരിപക്ഷത്തിൽ സോഷ്യലിസ്റ്റ് നേതാവും യു. ഡി. എഫ്. സ്ഥാനാര്‍ഥിയുമായ എം. പി. വീരേന്ദ്ര കുമാറിനെ തോൽപിച്ചു. ബി. ജെ. പി. യുടെ ശോഭാ സുരേന്ദ്രന്‍ 136587 വോട്ട് പിടിച്ച് മൂന്നാം സ്ഥാനത്ത് എത്തി.
പൊന്നാനിയില്‍ മുസ്ലിം ലീഗ് ഭൂരിപക്ഷത്തിൽ ഗണ്യമായ കുറവ് വന്നെങ്കിലും ഒരിക്കല്‍ കൂടി ഇ. ടി. മുഹമ്മദ് ബഷീർ മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വി. അബ്ദു റഹ്മാനെതിരെ വിജയം നേടി. 25410 വോട്ടിന്റെ ഭൂരിപക്ഷമാണ് ബഷീറിനു ലഭിച്ചത്. വി. അബ്ദു റഹ്മാന്‍ 353093 വോട്ടും ബി. ജെ. പി. യുടെ നാരായണന്‍ മാസ്റ്റര്‍ 75212 വോട്ടും നേടി രണ്ടും മൂന്നും സ്ഥാനങ്ങള്‍ പിടിച്ചു.
സ്ഥാനാർഥി നിർണ്ണയത്തിൽ വന്ന എതിർപ്പുകളെ മറി കടന്ന് റെക്കോർഡ് ഭൂരിപക്ഷത്തോടെ മുസ്ലിം ലീഗ് നേതാവും കേന്ദ്ര മന്ത്രിയുമായ ഇ. അഹമ്മദ് വൻ വിജയം നേടി. സി. പി. എമ്മിലെ പി. കെ. സൈനബയെ 194739 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തിലാണ് അഹമ്മദ് പരാജയപ്പെടുത്തിയത്. സൈനബ 242984ഉം വോട്ടും, ബി. ജെ. പി. യുടെ എന്‍. ശ്രീപ്രകാശം 64705 വോട്ടും നേടി.
കോഴിക്കോട് എൽ. ഡി. എഫിലെ എ. വിജയരാഘവനെ 16883 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പിന്നിലാക്കി യു. ഡി. എഫ്. സ്ഥാനാര്‍ഥി എം. കെ. രാഘവന്‍ സീറ്റ് നിലനിര്‍ത്തി. എം. കെ. രാഘവന്‍ 397615 വോട്ടും എ. വിജയരാഘവന്‍ 380732 വോട്ടും നേടി. ബി. ജെ. പി. യുടെ സി. കെ. പത്മനാഭന്‍ 115760 വോട്ട് പിടിച്ചു.
ഭൂരിപക്ഷം 20870 ആയി കുറഞ്ഞെങ്കിലും യു. ഡി. എഫിലെ എം. ഐ. ഷാനവാസ് വയനാട് സീറ്റില്‍ രണ്ടാമതും വിജയം നേടി. ഷാനവാസ് 377035ഉം സി. പി. ഐ. യുടെ സത്യന്‍ മൊകേരി 356165ഉം വോട്ട് നേടി. ബി. ജെ. പി. യുടെ പി. ആർ. റസ്മില്‍നാഥ് 80752 വോട്ട് നേടി.
വടകര മണ്ഡലത്തില്‍ സി. പി. എം. സ്ഥാനാര്‍ഥി എ. എം. ഷംസീറിനെ 3306 വോട്ടിന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പരാജയപ്പെടുത്തി സീറ്റ് നിലനിര്‍ത്തി. മുല്ലപ്പള്ളി 416479 വോട്ടും ഷംസീര്‍ 413173 വോട്ടും പിടിച്ചു. ബി. ജെ. പി. യുടെ വി. കെ. സജീവന്‍ 76313 പിടിച്ച് മൂന്നാം സ്ഥാനത്തെത്തി. ആർ. എം. പി. അപ്രസക്തമായി.
കണ്ണൂരിൽ പി. കെ. ശ്രീമതി 6425 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പി. കെ. ശ്രീമതി 427622ഉം കെ. സുധാകരന്‍ 421056ഉം വോട്ട് നേടി. ബി. ജെ. പി. യുടെ പി. സി. മോഹനന്‍ മാസ്റ്റര്‍ 51636 വോട്ട് പിടിച്ചു. സുധാകരന്റെ രണ്ട് അപരന്മാർ 6985 വോട്ട് പിടിച്ചു.
കാസര്‍കോട് സി. പി. എമ്മിന്റെ പരമ്പരാഗത കോട്ട പി. കരുണാകരന്‍ ഹാട്രിക് നേടി നിലനിര്‍ത്തിയത് വെറും 6921 വോട്ട് ഭൂരിപക്ഷത്തിനാണ്. കോണ്‍ഗ്രസ് യുവ നേതാവ് ടി. സിദ്ധീഖിനെയാണ് കരുണാകരൻ പരാജയപ്പെടുത്തിയത്. കരുണാകരന്‍ 384964 വോട്ടും സിദ്ധീഖ് 378043 വോട്ടും പിടിച്ചു. ബി. ജെ. പി. യുടെ കെ. സുരേന്ദ്രന്‍ 172826 വോട്ട് നേടി.