കൊച്ചി: മുന്‍ സുപ്രീം കോടതി ജസ്റ്റിസും മുന്‍ മന്ത്രിയുമായ പത്മഭൂഷണ്‍ വി.ആര്‍.കൃഷ്ണയ്യര്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ആയിരുന്നു അന്ത്യം. രോഗബാധയെ തുടര്‍ന്ന് നവംബര്‍ 24 ന് ആണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം മോശമായതോടെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമായിരുന്നു. വൈകുന്നേരം ആറുമണിയോടെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ മൃതദേഹം പൊതു ദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് എറണാകുളത്തെ വ്തിയായ സദ്‌ഗമയിലേക്ക് കൊണ്ടു പോകും.ഭാര്യ പരേതയായ ശാരദാംബാള്‍. രമേശ്, പരമേശ് എന്നിവര്‍ മക്കളാണ്.
നിയമഞ്ജന്‍, മന്ത്രി, സാമൂഹ്യ-മനുഷ്യാവകാശപ്രവര്‍ത്തകന്‍, പ്രഭാഷകന്‍, ഗ്രന്ഥകാരന്‍ തുടങ്ങി ബഹുമുഖ പ്രതിഭയായിരുന്നു ജസ്റ്റിസ് കൃഷ്ണയ്യര്‍. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തില്‍ കൃഷ്ണയ്യരുടെ അഭിപ്രായങ്ങളും നിലപാടുകളും എന്നും വേറിട്ടു നിന്നിരുന്നു. സാദാരണക്കാര്‍ക്ക് നീതിലഭിക്കണമെന്ന കൃഷ്ണയ്യരുടെ നിലപാട് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് പല പുതിയ മാറ്റങ്ങള്‍ക്കും വഴിയൊരുക്കി. നിര്‍ണ്ണായകമായ പല വിധികളും അദ്ദേഹം ജഡ്ജിയായിരിക്കെ പുറപ്പെടുവിച്ചിട്ടുണ്ട്. നവംബര്‍ 15 നു അദ്ദേഹത്തിന്റെ നൂറാം പിറന്നാള്‍ ആഘോഷിച്ചിരുന്നു.
1915 നവംബര്‍ 15 നു പാലക്കാട് വൈദ്യനാഥപുര വി.വി.രാമയ്യരുടേയും നാരായണി അമ്മാളുടേയും മകനായാണ് കൃഷ്ണയ്യര്‍ ജനിച്ചത്. അഭിഭാഷകനായ പിതാവിന്റെ പാത പിന്തുടര്‍ന്ന കൃഷ്ണയ്യര്‍ നിയമത്തിന്റെ ലോകത്തെത്തി. അണ്ണാമലൈ യൂണിവേഴ്സിറ്റി, മദ്രാസ് യൂണിവേഴ്സിറ്റി എന്നിവടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. 1930 കളില്‍ മലബാര്‍ കുടക് കോടതി കളില്‍ അഭിഭാഷകനായി. 1948-ല്‍ ജയില്‍വാസം അനുഷ്ഠിക്കേണ്ടിവന്നിട്ടുണ്ട്. 1968-ല്‍ ഹൈക്കോടതി ജഡ്ജിയായി. 1970-ല്‍ ലോ കമ്മീഷന്‍ അംഗവുമായി. 1973 മുതല്‍ 1980 വരെ സുപ്രീം കോടതിയില്‍ ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. സാധാരണക്കാരുടേയും, സ്ത്രീകളുടേയും, തൊഴിലാളികളുടേയും അവകാശ സംരക്ഷണത്തിനായി കീഴ്‌വഴക്കങ്ങളെ മാറ്റിമറിച്ച പല വിധിന്യായങ്ങളും അദ്ദേഹത്തില്‍ നിന്നും ഉണ്ടായി. ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് കേസില്‍ കൃഷ്ണയ്യര്‍ നടത്തിയ വിധി പ്രസ്താവം ചരിത്രത്തിന്റെ ഭാഗമായി. തീഹാര്‍ ജയിലിലെ തടവുകാരന്‍ അയച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചുകൊണ്ട് തുടര്‍ നടപടികള്‍ക്ക് ഉത്തരവിട്ട സുനില്‍ ബാത്ര കേസ് തടവുകാരുടെ മനുഷ്യാവകാശ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ലോക ശ്രദ്ധ പിടിച്ചുപറ്റി.
1952-ല്‍ മദ്രാസ് നിയമസഭയിലും 1957-ല്‍ കേരളത്തിലെ നിയംസഭയിലും വി.ആര്‍.കൃഷ്ണയ്യര്‍ അംഗമായി. ഇ.എം.എസ് മന്ത്രിസഭയില്‍ ആഭ്യന്തരം, നിയമം, ജയില്‍, വൈദ്യുതി, സാമൂഹ്യ ക്ഷേമം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. 65-ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല. അതോടെ സജീവ രാഷ്ടീയം ഉപേക്ഷിച്ചു.
‘വാണ്ടറിങ്ങ് ഇന്‍ മെനി വേള്‍ഡ്സ്‘ ആണ് ആത്മകഥ. ‘ലൈഫ് ആഫ്റ്റര്‍ ഡെത്ത്’ ഉള്‍പ്പെടെ നൂറോളം പുസ്തകങ്ങളും നൂറുകണക്കിനു ലേഖനങ്ങളും കൃഷ്ണയ്യര്‍ എഴുതിയിട്ടുണ്ട്. 1999-ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. റഷ്യന്‍ സര്‍ക്കാരിന്റെ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ്, സോവിയറ്റ് ലാന്റ് നെഹ്രു അവാര്‍ഡ്, ശ്രീ ജഹാംഗീര്‍ ഗാന്ധി മെഡല്‍ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തെടിയെത്തിയിട്ടുണ്ട്.1995-ല്‍ ലിവിംഗ് ലജന്‍ഡ് ഓഫ് ലാ എന്ന ബഹുമതി നല്‍കി ഇന്റര്‍നാഷണല്‍ ബാര്‍ കൌണ്‍സില്‍ അദ്ദേഹത്തെ ആദരിച്ചു.