അമ്പത് വര്‍ഷത്തിനു ശേഷം വിലാസിനി ടീച്ചറും അഴീക്കോട് മാഷും തമ്മില്‍ കണ്ടു മുട്ടിയപ്പോള്‍ അത് ഒരു ചരിത്ര നിയോഗമായി. തൃശ്ശൂരിലെ അമല ആശുപത്രിയില്‍ വച്ചായിരുന്നു വര്‍ഷങ്ങളുടെ പഴക്കമുള്ള ഒരു പ്രണയതിലേയും പിന്നീട് അതിന്റെ പേരില്‍ ഉണ്ടായ വിവാദങ്ങളിലേയും നായികാ നായകന്മാരുടെ പുനസ്സമാഗമം. കയ്യില്‍ ഒരുപിടി റോസാപൂക്കളുമായാണ് അസുഖ ബാധിതനായി ആസ്പത്രിയില്‍ കിടക്കുന്ന അഴീക്കോടിനെ കാണുവാന്‍ വിലാസിനിടീച്ചര്‍ എത്തിയത്.
കണ്ടയുടനെ വിലാസിനി ടീച്ചറല്ലേ എന്ന് അഴീക്കോട് ചോദിച്ചു. അടുത്തിരുന്ന് അസുഖ വിവരങ്ങള്‍ തിരക്കി. എന്റെ കൂടെ വന്നാല്‍ ഞാന്‍ പൊന്നു പോലെ നോക്കാം എന്ന് വിലാസിനിടീച്ചര്‍ അഴീക്കോടിനോട് പറഞ്ഞു. ഇതു കേള്‍ക്കുവാനായത് തന്റെ ഭാഗ്യമാണെന്നു പറഞ്ഞ അഴീക്കോട് ടീച്ചറുടെ ക്ഷണത്തെ സ്നേഹപൂര്‍വ്വം നിരാകരിച്ചു. ഇരുവരും പരസ്പരം പിണക്കങ്ങള്‍ പറഞ്ഞു തീര്‍ത്തു. വിഷമമുണ്ടോ എന്ന അഴീക്കോടിന്റെ ചോദ്യത്തിനു വിഷമമില്ലെന്നും ഇത് തന്റെ തലവിധിയാണെന്നും അവര്‍ മറുപടി നല്‍കി. ഇത് അവസാനത്തെ കൂടിക്കാഴ്ചയാകില്ലെന്ന് പറഞ്ഞാണ് ടീച്ചര്‍ പിരിഞ്ഞത്.
വിലാസിനി ടീച്ചര്‍ തിരുവനന്തപുരത്ത് ബി.എഡിനു പഠിക്കുന്ന സമയത്താണ് ഇരുവരും തമ്മില്‍ അടുപ്പത്തിലായത്. പിന്നീട് ആ വിവാഹം നടന്നില്ല. ഇരുവരും അവിവാഹിതരായി ജീവിച്ചു. അസുഖ ബാധിതനായി അഴീക്കോട് ആസ്പത്രിയില്‍ കിടക്കുന്ന വിവരം അറിഞ്ഞപ്പോള്‍ തനിക്ക് കാണുവാന്‍ ആഗ്രഹമുണ്ടെന്ന് ടീച്ചര്‍ വ്യക്തമാക്കിയിരുന്നു.കാണുന്നതില്‍ തനിക്ക് വിരോധം ഇല്ലെന്ന് അഴീക്കോട് അറിയിച്ചതിനെ തുടര്‍ന്നാണ് കൊല്ലം അഞ്ചലില്‍ നിന്നും തൃശ്ശൂരിലെ ആസ്പത്രിയില്‍ ടീച്ചര്‍ എത്തിയത്.