ആശയങ്ങൾ കൊണ്ട് നേരിടുവാൻ കഴിയാതെ വരുമ്പോൾ ഭീരുക്കള്‍ ആയുധങ്ങളെ അഭയം തേടുമെന്ന് ഒരിക്കല്‍ കൂടെ തെളിയിച്ചിരിക്കുന്നു സഖാവ് ടി. പി. ചന്ദ്രശേഖരന്റെ ദാരുണമായ കൊലപാതകത്തിലൂടെ. അഴീക്കോടന്‍ രാഘവനു ശേഷം ജനകീയനായ ഒരു കമ്യൂണിസ്റ്റ് നേതാവിനെ കൊലപ്പെടുത്തുന്നത് കേരള രാഷ്ടീയത്തില്‍ ഇത് ആദ്യം. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുക എന്ന പ്രാകൃത ചിന്തയും മനസ്സില്‍ പേറിക്കൊണ്ട് എങ്ങിനെ പുരോഗമനത്തെ പറ്റിയും മാനവികതയെ പറ്റിയും പ്രസംഗിക്കുവാന്‍ ആകും എന്ന് കേരള സമൂഹത്തില്‍ ജനാധിപത്യ വിശ്വാസികള്‍ ഇനിയും അന്യം നിന്നിട്ടില്ലെങ്കില്‍ അവരില്‍ നിന്നും ഉയര്‍ന്നു വരേണ്ട ചോദ്യമാണ്.
മുസ്ലിം ലീഗ് പ്രവര്‍ത്തകനെ താലിബാന്‍ മോഡല്‍ വിചാരണ ചെയ്തു കൊലപ്പെടുത്തി എന്ന വാര്‍ത്ത കേരള സമൂഹത്തെ ഞെട്ടിച്ചിട്ട് അധിക നാള്‍ ആയിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്കൂളില്‍ പഠിപ്പിച്ചു കൊണ്ടിരുന്ന ജയകൃഷ്ണന്‍ മാഷെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ പിഞ്ചു വിദ്യാര്‍ഥികള്‍ക്ക് മുമ്പിലിട്ടു നിഷ്ഠൂരമായി വെട്ടിക്കൊന്നത് കേരളത്തിലാണ്.
ഇപ്പോള്‍ ടി. പി. യുടെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയ ശക്തികള്‍ ആരായിരിക്കും എന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞൊഴുകയാണ്. മാധ്യമങ്ങളിലെ ഉഷ്ണമാപിനി രണ്ടോ മൂന്നോ ദിവസത്തിനധികം തണുക്കും. പ്രതികളായി മൂന്നോ നാലോ പേരെ നിരത്തിക്കൊണ്ട് പ്രതികള്‍ക്ക് പ്രേരണ നല്‍കിയവരെ പറ്റി തികച്ചും അജ്ഞത നടിച്ചു കൊണ്ട് കേസ് ഡയറിയും ക്ലോസ് ചെയ്യപ്പെടാനേ സാധ്യതയുള്ളൂ.
സഖാവ് ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തിക്കൊണ്ട് ഒത്തുകിട്ടിയ അവസരത്തെ രാഷ്ട്രീയമായി വിനിയോഗിക്കുകയാണ് യു. ഡി. എഫ്. കേരളത്തിന്റെ മനഃസ്സാക്ഷിയെ ഞെട്ടിച്ച ഈ കൊലപാതകത്തില്‍ ഉള്‍പ്പെട്ട മൂന്നോ നാലോ ഗുണ്ടകള്‍ക്കപ്പുറം മറഞ്ഞിരിക്കുന്നവരെ നിയമത്തിന്റേയും സമൂഹത്തിന്റേയും മുമ്പില്‍ കൊണ്ടു നിര്‍ത്തുകയാണ് ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തെല്ലെങ്കിലും ആത്മാര്‍ഥത യുണ്ടെങ്കില്‍ ചെയ്യേണ്ടത്. ചന്ദ്രശേഖന്‍ ധീരനായ കമ്യൂണിസ്റ്റെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവായ സഖാവ് വി. എസിനു കഴിയുമോ പഴയ സഖാവിന്റെ കൊലപാതികകളെ കയ്യാമം വെച്ച് നടത്തിക്കുവാൻ ?
അവസരവാദ രാഷ്ട്രീയക്കാരുടേയും സാമുദായിക ശക്തികളുടെ പാദസേവകരുടേയും കാലത്ത് ആണത്തത്തോടെ നട്ടെല്ലു നിവര്‍ത്തി നിന്നു കൊണ്ട് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച നേതാവിനെയാണ് കേരളത്തിനു നഷ്ടമായിരിക്കുന്നത്. കേരളത്തിന്റെ മണ്ണില്‍ ഒഞ്ചിയം സഖാക്കള്‍ വിപ്ലവത്തിന്റെ ഇതിഹാസം രചിച്ചത് സ്വന്തം ജീവന്‍ ബലി നല്‍കി ക്കൊണ്ടായിരുന്നു. ആ ധീര സഖാക്കള്‍ നല്‍കിയ ഊര്‍ജ്ജം തന്നെയാണ് പിന്‍തലമുറയ്ക്കും സമര നിലങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ പോരാടുവാന്‍ കരുത്തു പകര്‍ന്നത്. സി. പി. എമ്മിന്റെ അപചയം എന്നു വിശേഷിപ്പിക്കാവുന്ന അവസ്ഥകളോട് കലഹിച്ചു കൊണ്ട് പുറത്തു പോയവരില്‍ പ്രമുഖനായിരുന്നു സഖാവ് ടി. പി. ചന്ദ്രശേഖരൻ .
മണ്‍മറഞ്ഞ വിപ്ലവകാരികളുടെ ത്യാഗോജ്ജ്വലമായ സ്മരണകളും സമര പാരമ്പര്യവും ദീപ്ത സ്മരണയായി നിലനില്‍ക്കുന്ന ഒഞ്ചിയത്തെ ജനങ്ങള്‍ കൂടെ നിന്നപ്പോള്‍ നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാതെ മുന്നേറുവാന്‍ ടി. പി. ചന്ദ്രശേഖരനെ പോലെ ഉള്ളവര്‍ക്ക് കരുത്ത് ലഭിച്ചു. റെവല്യൂഷണറി മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ ജനനം അങ്ങിനെയായിരുന്നു. അങ്ങിനെ ഒഞ്ചിയം കേരളത്തിന്റെ മണ്ണിൽ വീണ്ടും മറ്റൊരു വിപ്ലവത്തിനു വേദി ഒരുക്കി. ജനങ്ങള്‍ ചന്ദ്രശേഖരന്‍ എന്ന ധീര നേതാവിന്റെ വാക്കുകളില്‍ വിശ്വാസമര്‍പ്പിച്ചു. അതിന്റെ ഫലമായിരുന്നു കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇരുപത്തി ഒന്നായിരത്തില്‍ പരം വോട്ടുകള്‍ അദ്ദേഹത്തിനു ലഭിച്ചത്. നാടിനു ഈ നേതാവില്‍ പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷകളെ ആണ് ഒരു സംഘം വാടക കൊലയാളികൾ വാളിനാൽ വെട്ടിയരിഞ്ഞ് ഇല്ലാതാക്കിയത്.
ശത്രുക്കള്‍ ഉണ്ടെന്ന് കേട്ടാല്‍ പിന്തിരിഞ്ഞ് ഓടുകയല്ല മറിച്ച് അവര്‍ക്ക് നേരെ നെഞ്ചു വിരിച്ചു തന്നെ നടന്ന ചരിത്രമാണ് ഒഞ്ചിയം സഖാക്കളുടേത്. വിട്ടു പോന്ന പ്രസ്ഥാനത്തില്‍ നിന്നും ഭീഷണികള്‍ നിലനില്‍ക്കുമ്പോളും ജനങ്ങളുടെ നേതാവാണ് താനെന്നും ഭീരുവായി ഒളിഞ്ഞ് ജീവിക്കുവാന്‍ തനിക്കാവില്ലെന്നുമായിരുന്നു ടി. പി. യുടെ നിലപാട്. അതെ, സഖാവിന് അങ്ങിനെയേ ആകുവാന്‍ കഴിയൂ. കാരണം ഒഞ്ചിയം രക്തസാക്ഷികളുടെ മണ്ണില്‍ നിന്നും വളര്‍ന്നു വന്ന സഖാവിന് ഒറ്റുകാരനോ അവസരവാദിയോ ഭീരുവോ ആകുവാന്‍ കഴിയില്ല. ഇരുളിന്റെ മറവില്‍ ഭീരുക്കള്‍ പുറകില്‍ നിന്നും കുത്തിയപ്പോളും ആ സഖാവ് പതറിയിട്ടുണ്ടാകില്ല.
പണക്കൊഴുപ്പിന്റെ ഇസം ചമയ്ക്കുന്ന പുത്തന്‍ രാഷ്ട്രീയക്കാരന്റെ പിണിയാളുകള്‍ക്ക് മുമ്പില്‍ ഒഞ്ചിയത്തിന്റെ വിപ്ലവ പാരമ്പര്യം കൈമോശം വരുത്താത്ത കറ കളഞ്ഞ ഒരു കമ്യൂണിസ്റ്റുകാരന് എങ്ങിനെ പതറാനാകും?